Follow Us On

21

November

2024

Thursday

ജസ്റ്റിസ് കോശി കമ്മീഷന്‍, മുല്ലപ്പെരിയാര്‍ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് മാര്‍ റാഫേല്‍ തട്ടില്‍

ജസ്റ്റിസ് കോശി കമ്മീഷന്‍,  മുല്ലപ്പെരിയാര്‍ വിഷയങ്ങളില്‍  സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് മാര്‍ റാഫേല്‍ തട്ടില്‍
പാലാ: ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും സമയബന്ധിതമായി നടപ്പിലാക്കുകയും ചെയ്യണമെന്ന് സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍സഭ അഞ്ചാമത് മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ സമാപനം കുറിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് മേജര്‍ ആര്‍ച്ചുബിഷപ് ഇക്കാര്യം ആവശ്യപ്പെട്ടത്. കേരളത്തിലെ ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയായി നില്‍ക്കുന്ന മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ ഫലപ്രദവും സത്വരവുമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും മേജര്‍ ആര്‍ച്ചുബിഷപ് ആവശ്യപ്പെട്ടു.
കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷനെ വലിയ ആവേശത്തോടെയാണ് ക്രൈസ്തവ സമൂഹം വരവേറ്റത്. സംസ്ഥാന ചരിത്രത്തില്‍  ഇതിനുമുമ്പ് ക്രൈസ്തവ ജനവിഭാഗങ്ങളുടെ വിവിധ മേഖലകളിലെ പിന്നാക്കാവസ്ഥ സംബന്ധിച്ച് ഗൗരവമായ പരിശോധനകളോ പരിഗണനകളോ ഉണ്ടായിരുന്നില്ല എന്നത് ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ സംബന്ധിച്ച് ഈ കമ്മിഷന്റെ പ്രസക്തി വര്‍ധിപ്പിച്ചു.
 സീറോമലബാര്‍സഭ വ്യക്തമായ പഠനങ്ങളുടെയും ശാസ്ത്രീയമായ വിലയിരുത്തലുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ പിന്നാക്കാവസ്ഥ സംബന്ധിച്ച സമഗ്രമായ റിപ്പോര്‍ട്ട് തയ്യാറാക്കി കമ്മീഷന് സമര്‍പ്പിച്ചിരുന്നു. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന്‍ അഞ്ഞൂറിലധികം നിര്‍ദ്ദേശ ങ്ങളടങ്ങുന്ന ഒരു റിപ്പോര്‍ട്ടാണ് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുള്ളത്. 2023 മെയ് 18നു സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ ഇതു പുറത്തുവിടുകയോ, നിയമസഭയില്‍ ചര്‍ച്ചയ്ക്കു വയ്ക്കുകയോ, ക്രൈസ്തവ സഭകളുമായി ആലോചിച്ച് തുടര്‍നടപടികള്‍ക്ക് തയ്യാറാവുകയോ ചെയ്യാതെ മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നതു നീതീകരിക്കാനാവില്ല. സംസ്ഥാന സര്‍ക്കാര്‍ ആത്മാര്‍ത്ഥവും കാര്യക്ഷമവുമായ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് മാര്‍ റാഫേല്‍ തട്ടില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തമിഴ്‌നാടിനു വെള്ളവും കേരളത്തിന് സുരക്ഷയുമെന്ന നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ടുപോകണമെന്ന് മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?