തിരുവല്ല: മനുഷ്യനെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും പ്രവാചകതുല്യമായ ദീര്‍ഘവീക്ഷണമുണ്ടായിരുന്ന ആത്മീയാ ചാര്യനായിരുന്നു ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് എന്ന് മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. ആര്‍ച്ചുബിഷപ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ഫൗണ്ടേഷന്റെ 18-ാമത് ആര്‍ച്ചുബിഷപ് പുരസ്‌ക്കാര സമര്‍പ്പണ സമ്മേളനം കോട്ടൂര്‍, ആര്‍ച്ചുബിഷപ് മാര്‍ ഗ്രിഗോറിയോസ് പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് അര നൂറ്റാണ്ട് മുമ്പേ ആശങ്കപ്പെട്ടിരുന്ന കാര്‍ഷിക വിദഗ്ധനായിരുന്നു മാര്‍ ഗ്രിഗോറിയോസെന്നും ക്ലിമീസ് ബാവ കൂട്ടിച്ചേര്‍ത്തു. ആര്‍ച്ചുബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് അധ്യക്ഷത വഹിച്ചു. മുന്‍ ഡിജിപി ഡോ. ജേക്കബ് പുന്നൂസ് അനുസ്മരണ പ്രഭാഷണവും അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി മുഖ്യപ്രഭാഷണവും നടത്തി.
തിരുവനന്തപുരം നാലാഞ്ചിറ ആര്‍ച്ചുബിഷപ് മാര്‍ ഗ്രിഗോ റിയോസ് സ്‌നേഹവീട് ഡയറക്ടര്‍ ഫാ. ജോര്‍ജ് ജോഷ്വാ കന്നീലേത്തിന് മാര്‍ ക്ലിമീസ് ബാവ ആര്‍ച്ചുബിഷപ് പുരസ്‌ക്കാരം സമ്മാനിച്ചു. മഹാത്മാഗാന്ധി സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ് രചിച്ച ‘ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് – ദി ലെജന്റ് ആന്റ് ദി ലെഗസി’ എന്ന ഇംഗ്ലീഷ് ഗ്രന്ഥം ഫ്രാന്‍സിസ് ജോര്‍ജ് എം.പിക്ക് നല്‍കി ക്ലിമീസ് ബാവ പ്രകാശനം ചെയ്തു.
ബിഷപ് ഡോ. ഫിലിപ്പോസ് മാര്‍ സ്‌തേഫാനോസ്, ബഥനി നവജ്യോതി പ്രൊവിന്‍സ് സുപ്പീരിയര്‍ റവ. ഡോ. ജോര്‍ജ് ജോസഫ് അയ്യനേത്ത് ഒഐസി, കേരള കോണ്‍ഫ്രന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്‌സ് പ്രസിഡന്റ് സിസ്റ്റര്‍ ഡോ. ആര്‍ദ്ര എസ് ഐസി, മലങ്കര കാത്തലിക് അസോസിയേഷന്‍ സഭാതല സമിതി പ്രസിഡന്റ് അഡ്വ. ഏബ്രഹാം എം. പട്ടിയാനി, റവ. ഡോ. ഇഗ്‌നേഷ്യസ് തങ്ങളത്തില്‍ ഒഐസി, ഫൗണ്ടേഷന്‍ പ്രസിഡന്റ് അലക്‌സ് കുര്യാക്കോസ്, സെക്രട്ടറി പ്രഫ. ജേക്കബ് എം. ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
ഫാ. ജോര്‍ജ് ജോഷ്വാ കന്നീലേത്ത് മറുപടി പ്രസംഗം നടത്തി. മാര്‍ ഗ്രിഗോറിയോസ് ഫൗണ്ടേഷന്‍ സ്ഥാപക ഭാരവാഹികളായ ചെറിയാന്‍ രാമനാലില്‍ കോറെപ്പിസ്‌കോപ്പാ, ടി.ജെ. ജോസഫ് എന്നിവരെ ആദരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *