ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS
ഈശോ എല്ലാം ഓര്‍മക്കായി ചെയ്തു. അവന്‍ തന്നെ ഓര്‍മയായി. എന്നും എന്നില്‍ നിറയുന്ന ഓര്‍മ്മ. ആ ഓര്‍മയില്‍ നില്‍ക്കുമ്പോള്‍, പുറകോട്ട് തിരിഞ്ഞു നോക്കുമ്പോള്‍ ഹൃദയത്തില്‍ ആരൊക്കെയുണ്ട്.? ഓര്‍മയില്‍ ആരൊക്കെയുണ്ട്..? ജീവിതമെന്നാല്‍ ഓര്‍മകളുടെ പുസ്തകം തന്നെ.. ഇടയ്‌ക്കൊക്കെ എടുത്തുവായിക്കുന്ന പുസ്തകം.
ഓര്‍മകള്‍ പോകുന്നത് ഒത്തിരി പുറകോട്ടാണ്. സ്‌കൂളില്‍ നിന്നും പത്തുമിനിറ്റ് നടന്നാല്‍ വീടായി. കട്ടപ്പന സെന്റ് ജോര്‍ജില്‍ പഠിക്കുന്ന കാലം. ഹൈസ്‌കൂളില്‍ എത്തിയപ്പോള്‍ മുതല്‍ ഉച്ചയ്ക്ക് ചോറുണ്ണാന്‍ വീട്ടില്‍ പോയിത്തുടങ്ങി. ചോറുണ്ണാന്‍ വീട്ടില്‍ ചെല്ലുമ്പോള്‍ ആരും കാണില്ല. അമ്മയ്ക്ക് അന്നൊരു തയ്യല്‍ കടയൊക്കെയുണ്ട്. ചോറും കറികളും അമ്മ റെഡിയാക്കി വെച്ചിട്ടുണ്ടാവും. ഞങ്ങളുടെ ആ പരിസരത്തുള്ള വേറെ മൂന്നു പേരും ഉച്ചയ്ക്ക് വീടുകളില്‍ നിന്നാണ് ചോറുണ്ടിരുന്നത്. മിക്ക ദിവസങ്ങളിലും മത്തിക്കറി ഉണ്ടാവും. അച്ചാര്‍ എനിക്കിഷ്ടമുള്ള വിഭവമാണ്. ഒരു കറിപോലെ വാരി തിന്നാന്‍ ഇഷ്ടമാണ്. ഹൈസ്‌കൂള്‍ പകുതി ആയപ്പോഴേക്കും ഞാന്‍ കൂട്ടുകാരെ ഓരോരുത്തരെയും ഉച്ചയ്ക്ക് വീട്ടില്‍ കൊണ്ടുപോയി തുടങ്ങി. അവരുടെ കയ്യില്‍ ചോറ് ഉണ്ടെങ്കിലും വീട്ടില്‍ പോകുന്നത് രസമല്ലേ. ക്ലാസ് ടീച്ചര്‍ കണ്ടാല്‍ പിടിക്കും. എല്ലാവരുടെയും കണ്ണുവെട്ടിച്ച് കട്ടപ്പന പള്ളിയുടെ പുറകില്‍ കൂടി ഒരു ഓട്ടമാണ്.
ഒരു ദിവസം സിനോഷ് എന്റെ കൂടെ ചോറുണ്ണാന്‍ വന്നു. അവന്റെ ചോറും കയ്യിലുണ്ട്. വീട്ടില്‍ വന്ന് ഞങ്ങള്‍ ചോറൂണ് തുടങ്ങി. എന്റെ മത്തിക്കറി അവന് ഞാന്‍ കൊടുത്തു. സിനോഷിന്റെ ചീരത്തോരന്‍, മൊട്ടപൊരിച്ചതൊക്കെ കൂട്ടി ഞങ്ങള്‍ ഉണ്ടു. ആരെയേലും വീട്ടില്‍ കൊണ്ടുവന്നാല്‍ അടുത്ത പരിപാടി കുളം കാണിക്കലാണ്. ആഫ്രിക്കന്‍ മുഷിയുടെ കുളം. ഇഷ്ടംപോലെ മീനാണ്. ഒന്നേ മുക്കാലിന് ക്ലാസില്‍ കയറണം. ഞാന്‍ കുറച്ച് ചോറും എടുത്ത് സിനോഷിനെയും കൂട്ടി മുഷിക്ക് തീറ്റ കൊടുത്തു. സ്‌കൂളില്‍ ഇതിനെക്കുറിച്ചൊക്കെ ഞാന്‍ തള്ളാറുള്ളതാണ്. എല്ലാവരും അത്ര വിശ്വസിച്ചിട്ട് ഒന്നുമില്ല. അത് കാണിക്കാനും കൂടിയാണ് ഉച്ചയ്ക്ക് ഓരോരുത്തരെ കൊണ്ടുവരുന്നത്.
സിനോഷിന് ഒരാഗ്രഹം. അവനൊരു മുഷി കുഞ്ഞിനെ വേണം. സമയം പോകുന്നുണ്ട്. മനസില്ലാമനസോടെ ഒരു ചെറിയ കൂട് എടുത്ത് ഞാന്‍ ഒരെണ്ണത്തിനെ പിടിക്കാന്‍ കുളത്തിലിറങ്ങി. വലിയ കുളമാണ്. കുഞ്ഞു വലയിട്ട് കോരി എടുക്കാന്‍ പറ്റും. പക്ഷേ അന്ന് എത്ര കോരിയിട്ടും എനിക്കൊരു മുഷി കുഞ്ഞിനെ കിട്ടുന്നില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ സിനോഷ് പറഞ്ഞു ‘വേണ്ടടാ പിന്നെ മതി പോകാം..’ പക്ഷേ എന്റെ അഭിമാനം സമ്മതിച്ചില്ല. ഒരെണ്ണത്തിനെ പിടിച്ചിട്ടെ ഉള്ളൂ. സമയം കടന്നുപൊക്കോണ്ടിരുന്നു. 5 മിനിറ്റ് ഉള്ളൂ ബെല്ലടിക്കാന്‍. ഞാന്‍ വിട്ടുകൊടുത്തില്ല. വലയിട്ട് കോരി കൊണ്ടേയിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ സിനോഷ് പറഞ്ഞു. ‘ഞാന്‍ പോവാ’ അവന്‍ പേടിച്ച് നടന്നുതുടങ്ങി. ഞാനും കുളത്തില്‍ നിന്ന് കയറി അവന്റെ പുറകെ ഓടി. പള്ളിയുടെ പുറകില്‍ കൂടെ ഞങ്ങള്‍ ഓടി ചെല്ലുമ്പോള്‍ രണ്ടുമണി. ഞങ്ങളുടെ ക്ലാസ് ടീച്ചര്‍ മുമ്പില്‍ തന്നെ ഉണ്ട്. ടീച്ചറിന്റെ പീരിയഡ് അല്ല. എങ്കിലും വിവരം അവിടെ മുഴുവന്‍ അറിഞ്ഞിട്ടുണ്ട്. ക്ലാസില്‍ ഞങ്ങളില്ല എന്ന്. പിന്നീട് പതിവുപോലെ ചോദ്യം ചെയ്യല്‍, അടി, ഉച്ചയ്ക്ക് പുറത്ത് നിര്‍ത്തല്‍. അതൊന്നും എനിക്ക് പ്രശ്‌നമല്ലായിരുന്നു. അവന്‍ ചോദിച്ച മുഷിക്കുഞ്ഞിനെ പിടിച്ചു കൊടുക്കാന്‍ പറ്റിയില്ലല്ലോ. അതിന്റെ പേരില്‍ സ്‌കൂളില്‍ മുഴുവന്‍ നാണം കെടുകയും ചെയ്തു. പിന്നീടൊരിക്കലും ഉച്ചയ്ക്ക് ചോറുണ്ണാന്‍ വീട്ടില്‍ പോയിട്ടില്ല.
വര്‍ഷങ്ങള്‍ക്കുശേഷം 2017 ല്‍ സിനോഷിന്റെ ഒരു മെസേജ്. കല്യാണം വിളിയാണ്. കട്ടപ്പനയ്ക്ക് വണ്ടി കയറുമ്പോള്‍ മനസില്‍ നിറയെ ആ നട്ടുച്ച ആയിരുന്നു. അവന്റെ കല്യാണത്തിന്റെ ഊണിന് മീന്‍ കറി കൂട്ടി ചോറുണ്ണുമ്പോള്‍ മനസില്‍ ചിരിയും സന്തോഷവും ഒരായിരം ഓര്‍മകളും ഉണ്ടായിരുന്നു. ഞങ്ങള്‍ പഠിച്ച അതേ സ്‌കൂളിന്റെ ഓഡിറ്റോറിയത്തില്‍ ഇരുന്ന് ആ ചോറുണ്ണുമ്പോള്‍ 2003 ലെ ഓര്‍മകളിലേക്ക് പോയി. എനിക്ക് കിട്ടിയ മീന്‍ കഷണം എടുത്ത് സ്റ്റേജില്‍ ഇരിക്കുന്ന സിനോഷിനെ ഞാന്‍ ഉയര്‍ത്തിക്കാണിച്ചു. അവന്‍ ചിരിച്ചു, ഞാനും. ഓര്‍മകള്‍ അവസാനിക്കരുതേയെന്നാണ് പ്രാര്‍ത്ഥന. ഓര്‍മകള്‍ ഇല്ലാതായാല്‍ ഞാന്‍ ഇല്ലാതാകും. എന്നെ ഞാനാക്കുന്നത് ഓര്‍മകളാണ്. ഓര്‍മകള്‍ ഇല്ലെങ്കില്‍ ഒരുപക്ഷേ എനിക്കൊരു സന്തോഷമുള്ള ജീവിതം ഉണ്ടോ എന്ന് സംശയമാണ്. ഒന്ന് കണ്ണടച്ചാല്‍ എന്തുമാത്രം ഓര്‍മകളാണ്. അതില്‍ സങ്കടങ്ങളും സന്തോഷങ്ങളും ഉണ്ട്. പക്ഷേ ഓര്‍മകള്‍ അങ്ങനെ തന്നെ നില്‍ക്കുന്നത് നല്ലതാണ്.
മനുഷ്യന് ഓര്‍മ്മിക്കപ്പെടാനും ഓര്‍ത്തെടുക്കാനും എന്തെങ്കിലുമൊക്കെ വേണം. ഞാന്‍ എവിടെയെങ്കിലുമൊക്കെ ഓര്‍മിക്കപ്പെടുന്നുണ്ടോ..? ആര്‍ക്കെങ്കിലുമൊക്കെ ഓര്‍ത്തെടുക്കാന്‍ പാകത്തില്‍ എന്തെങ്കിലുമൊക്കെ ഞാന്‍ അവശേഷിപ്പിക്കുന്നുണ്ടോ..? ഇന്ന് നാം പറയുന്ന ഏറ്റവും വലിയ കളവ് ‘ഞാന്‍ നിന്നെ ഇടയ്ക്ക് ഓര്‍ക്കാറുണ്ട്’ എന്നതാണ്. സത്യമാണ് ചിലരെയൊക്കെ ചിലതിനോട് ചേര്‍ത്ത് വായിക്കുമ്പോള്‍ ഓര്‍ത്തെടുക്കും. പക്ഷെ ഒരു കാരണവുമില്ലാതെ ചില സമയങ്ങളില്‍ നമ്മുടെ ഓര്‍മകളിലേക്ക്, ഹൃദയത്തിലേക്ക് ആരെങ്കിലുമൊക്കെ കടന്നുവരാറുണ്ടോ…?
Leave a Comment
Your email address will not be published. Required fields are marked with *