Follow Us On

22

December

2024

Sunday

പോളിയോയെ തോല്പിച്ച പൈലറ്റ്

പോളിയോയെ തോല്പിച്ച പൈലറ്റ്
ജോസഫ് മൈക്കിള്‍
”അനാഥാലത്തില്‍ ഉപേക്ഷിച്ച പെറ്റമ്മയോട് എനിക്ക് വിരോധമില്ല. പോളിയോ ബാധിച്ച എന്നെ വളര്‍ത്താനുള്ള നിവൃത്തികേടുകൊണ്ടായിരിക്കാം അങ്ങനെയൊരു കടുംകൈ ചെയ്യാന്‍ അമ്മയെ പ്രേരിപ്പിച്ചത്. ജീവിതത്തിലെ വിപരീത അനുഭവങ്ങളെപ്രതി മനസില്‍ വിദ്വേഷം സൂക്ഷിക്കുന്നതിന് പകരം അവയെ സ്നേഹിക്കാന്‍ തുടങ്ങുമ്പോള്‍ ലോകം എത്ര മനോഹരമായി മാറുകയാണ്.” ഗൗതം ലൂയിസ് പറയുന്നു. ആ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ മദര്‍ തെരേസ സ്വര്‍ഗത്തിലിരുന്ന് ആനന്ദാശ്രുക്കള്‍ പൊഴിക്കുന്നുണ്ടാകും. താന്‍ പകര്‍ന്നു കൊടുത്ത മൂല്യങ്ങള്‍ ജീവിതംകൊണ്ട് സാക്ഷ്യം വഹിക്കുന്ന ഗൗതമിനെ ഓര്‍ത്ത്.
ജീവിതകാലത്തുതന്നെ മദര്‍ തെരേസയെ ലോകം വിശുദ്ധയെന്ന് വിളിച്ചത് എന്തുകൊണ്ടാണെന്നതിന്റെ ഉത്തരങ്ങളില്‍ ഒന്നാണ് ഈ ചെറുപ്പക്കാരന്‍. ഗൗതം ലൂയിസിനെ ലോകം ഇന്ന് പലവിധത്തില്‍ അറിയും. പോളിയോ ബാധിച്ച് ഒരു കാല്‍ തളര്‍ന്നെങ്കിലും അവന്‍ പൈലറ്റായി. പോളിയോയ്ക്ക് എതിരെ ബോധവല്ക്കരണം നടത്തുന്ന ലോകാരോഗ്യ സംഘടനയുടെ ബ്രാന്റ് അംബാസിഡറായിരുന്നു ഈ 47-കാരന്‍. ഗൗതമിനെ ചരിത്രം വരുംകാലങ്ങളില്‍ വിലയിരുത്താന്‍ പോകുന്നത് പ്രതികൂലങ്ങളെ അതിജീവിച്ച് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയവരുടെ പട്ടികയില്‍ മാത്രമായിരിക്കില്ല, അങ്ങനെയുള്ളവര്‍ അനേകരുണ്ട്. അവരില്‍ പലരില്‍നിന്നും ഇദ്ദേഹത്തെ മാറ്റിനിര്‍ത്തുന്ന പ്രധാന ഘടകം ജീവിതത്തിലു ണ്ടായ വിപരീത അനുഭവങ്ങളെ ഹൃദയംകൊണ്ട് സ്വീകരിക്കാനും അത്തരം അനുഭവങ്ങള്‍ സമ്മാനിച്ചവരെ സ്നേഹിക്കാനും കഴിയുന്ന മനസ് സ്വന്തമാക്കുവാന്‍ കഴിഞ്ഞു എന്നതായിരിക്കും.
അവിടംകൊണ്ടും തീരുന്നില്ല ഗൗതമിന്റെ പ്രത്യേകതകള്‍. തന്നെപ്പോലെ ശാരീരിക പരിമിധികളുടെ നടുവില്‍ കഴിയുന്നവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായി ഒരു സ്ഥാപനം ആരംഭിച്ചു. അംഗവൈകല്യമുള്ളവരെ പൈലറ്റാകാന്‍ പരിശീലിപ്പിക്കുന്ന ഫ്ളൈയിംഗ് സ്‌കൂളിന്റെ ഉടമസ്ഥന്‍കൂടിയാണ് ഗൗതം. തന്നെ ജീവിതത്തിന്റെ വിശാലതകളിലേക്ക് കൈപിടിച്ചു നടത്തിയവരെ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന മനസ് ഉണ്ടെന്നതാണ് ഗൗതമിനെ വേറിട്ടുനിര്‍ത്തുന്ന മറ്റൊരു ഘടകം.
മെമ്മറീസ് ഓഫ് മദര്‍
അനാഥാലയത്തിന്റെ കോണില്‍ മുട്ടില്‍ ഇഴഞ്ഞുനടന്നിരുന്ന ഒരു കുട്ടിയുടെ മനസിലേക്ക് സ്വപ്നങ്ങള്‍ പകരുകമാത്രമല്ല, എല്ലാവരെയും സ്നേഹിക്കാനും പരിമിതകളെ അതിജീവിക്കാ നുമുള്ള പാഠങ്ങളാണ് മദര്‍ തെരേസയില്‍നിന്നും പകര്‍ന്നു കിട്ടിയത്. വിശുദ്ധ പദവി പ്രഖ്യാപന ചടങ്ങിലേക്ക് ഗൗതമിന് വത്തിക്കാന്‍നിന്നും ക്ഷണം ലഭിച്ചിരുന്നു. മദറിന്റെ പുണ്യങ്ങ ള്‍ക്ക് സ്വര്‍ഗം അടിവരയിടുമ്പോള്‍ ആ അമ്മയുടെ പുണ്യപാ ദങ്ങള്‍ പതിഞ്ഞ മണ്ണില്‍ അമ്മയുടെ സ്മരണയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തോടെ ഗൗതം ലണ്ടനില്‍നിന്നും കൊല്‍ക്കത്തയിലേക്ക് തിരിച്ചു. ‘മൈ മെമ്മറീസ് ഓഫ് മദര്‍ തെരേസ’ എന്ന പേരില്‍ കൊല്‍ക്കത്തയില്‍ മദര്‍ തെരേസയുമായി ബന്ധപ്പെട്ട ഒരുമാസം നീണ്ട ഫോട്ടോ പ്രദര്‍ശനം നടത്താനാണ് ഗൗതം ആ അവസരം ഉപയോഗിച്ചത്. ഇത് സാധാരണ ഒരു പ്രദര്‍ശനമല്ല, കൊല്‍ക്കത്തയുടെ തെരുവില്‍നിന്നാരംഭിച്ച് ലോകത്തിന്റെ നെറുകയില്‍വരെ എത്തിയ മദര്‍ തെരേസയുടെ കാരുണ്യം നിറഞ്ഞ ജീവിതത്തിന്റെ ചില മുഹൂര്‍ത്തങ്ങളാണ് മികച്ചൊരു ഫോട്ടോഗ്രാഫര്‍കൂടിയായ ഗൗതം ലോകത്തിന്റെ മുമ്പില്‍ അവതരിപ്പിച്ചത്.
അതില്‍ സ്വന്തം ജീവിതവും തന്നെപ്പോലെ തെരുവിന്റെ ഇരുണ്ട കോണുകളില്‍ കഴിഞ്ഞ അനേകരെ വെളിച്ചത്തി ലേക്ക്-ലോകത്തിന്റെ വിശാലതയിലേക്ക് കൊണ്ടുവന്നതിന്റെ നേര്‍സാക്ഷ്യങ്ങളും ഉണ്ടായിരുന്നു. മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് കൊല്‍ക്കത്തയില്‍ ഫോട്ടോ പ്രദര്‍ശനത്തിന് സമയം ചെലവഴിക്കുന്നതില്‍ അല്പംപോലും കുണ്ഠിതമില്ലായിരുന്നു ഗൗതമിന്. മദര്‍ തെരേസ എന്നെ കണ്ടില്ലായിരുന്നെങ്കില്‍ ഞാനിപ്പോള്‍ തെരുവിന്റെ ഏതെങ്കിലുമൊരു കോണില്‍ ഒരുപക്ഷേ, മറ്റുള്ളവരുടെ മുമ്പില്‍ കൈ നീട്ടി ജീവിക്കേണ്ടി വരില്ലായിരുന്നോ എന്നാണ് അയാളുടെ മുഖഭാവം വിളിച്ചുപറയുന്നത്.
ഏഴുവയസുവരെയുള്ള ജീവിതം ഓര്‍ത്തുവയ്ക്കുവാന്‍ മാത്രം നിറമുള്ളതൊന്നും അവന് സമ്മാനിച്ചിട്ടില്ല. ഒന്നൊഴിച്ച്  അനാഥായലത്തിന്റെ മുറികളിലൂടെ മുട്ടിലിഴഞ്ഞു നടന്നിരുന്ന പ്പോള്‍ മിക്കവാറും ദിവസങ്ങളില്‍ ഒരു പ്രാവശ്യമെങ്കിലും ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചിരുന്ന പാവങ്ങളുടെ അമ്മയുടെ സാമീപ്യം. അതുമതി ഗൗതമിന് ലോകം ഏല്പിച്ച മുറിവുകളെ മറക്കാനും വേദനങ്ങള്‍ക്ക് കാരണക്കാരായവരെ സ്നേഹിക്കാനും.
അനാഥാലയത്തിലെ മൂന്നു വയസുകാരന്‍  
കൗമാരത്തില്‍ ഒളിച്ചുപിടിക്കാന്‍ ശ്രമിച്ച ഭൂതകാലം ലോകത്തോട് വിളിച്ചുപറയാന്‍ ഗൗതമിന് ഇപ്പോള്‍ മടിയില്ല. മൂന്ന് വയസുള്ളപ്പോഴാണ് പോളിയോ ബാധിച്ച ഗൗതം ലൂയീസ് കൊല്‍ക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഭവനത്തില്‍ എത്തുന്നത്. ലോകത്തിന്റെ ദൃഷ്ടിയില്‍ പ്രയോജനര ഹിതനെന്നുകരുതി ആരോ ഉപേക്ഷിച്ചതോ അല്ലെങ്കില്‍ ഗൗതമിന്റെ വാക്കുകള്‍പ്പോലെ നിവൃത്തികേടുകൊണ്ട് ഉപേക്ഷിക്കപ്പെടുകയോ ആയിരുന്നു. എന്തുതന്നെയായിരുന്നാലും തന്റെ മാതാപിതാക്കളുടെ മുഖങ്ങളോ അവരുടെ സ്നേഹത്തോടെയുള്ള തലോടലോ അവന്റെ മനസില്‍ ഇല്ല. അത്തരം അനുഭവങ്ങളിലൂടെയൊന്നും അവന്‍ കടന്നുപോയിട്ടില്ല. അവന്റെ ഭൂതകാലം സിസ്റ്റേഴ്സിനും അന്യമാണ്. തെരുവില്‍ കരഞ്ഞുകൊണ്ടിരുന്ന അവനെ ഏതോ മനുഷ്യസ്നേഹി അവിടെ എത്തിച്ചതാകാം.
പോളിയോ തളര്‍ത്തിയതുമൂലം തറയിലൂടെ ഇഴഞ്ഞുനടക്കാനെ അവന് കഴിയുമായിരുന്നുള്ളൂ. അവിടെ എത്തി ആറ് മാസത്തോളം അവന്‍ ആരോടും സംസാരിച്ചിരുന്നില്ല. മൂന്ന് വയസുകാരന് നേരിടേണ്ടിവന്ന ദുരിതങ്ങളായിരിക്കും സംസാരിക്കാന്‍പോലും അവനെ ഭയപ്പെടുത്തിയത്. തറയിലൂടെ ഇഴഞ്ഞു നടക്കുമ്പോള്‍ മനസില്‍ ഉണ്ടായിരുന്ന ചിന്ത  ഗൗതമിന്റെ ഓര്‍മകളിലുണ്ട്. തറയില്‍ കിടന്ന് തല ഉയര്‍ത്തി നോക്കുമ്പോള്‍ എല്ലാവര്‍ക്കും തന്നെക്കാള്‍ ഒരുപാട് ഉയരമുണ്ടെന്ന് തോന്നുമായിരുന്നു. എന്നാല്‍ മദര്‍ തെരേസ അടുത്തുവരുമ്പോള്‍ മാത്രം അങ്ങനെയൊരു ചിന്ത ഉടലെടുത്തിരുന്നില്ല. എത്ര തിരക്കുണ്ടെങ്കിലും തറയിലിരുന്ന് വിശേഷങ്ങള്‍ തിരക്കുമ്പോള്‍ മദറും തന്റെ ഒപ്പമേ ഉള്ളൂവെന്നായിരുന്നു അവന്റെ വിചാരം. വര്‍ഷങ്ങള്‍ കഴിഞ്ഞെ ങ്കിലും കൊച്ചുമനസില്‍ പതിഞ്ഞ അന്നത്തെ ചിത്രം ഇന്നലത്തേതുപോലെ ഓര്‍മയില്‍ നിറഞ്ഞുനില്ക്കുന്നു. മദറിന്റെയും മറ്റ് സിസ്റ്റേഴ്സിന്റെയും സ്നേഹപൂര്‍വമായ ഇടപെടലുകളാണ് സ്ട്രച്ചറില്‍ നടക്കാനും സ്വപ്നങ്ങള്‍ കാണാനും അവനെ പ്രാപ്തനാക്കിയത്.
മനുഷ്യരുടെ മുഖമുള്ള മാലാഖമാര്‍
ജീവിതത്തിന്റെ പ്രതിസന്ധികളില്‍ താങ്ങാന്‍ ദൈവം എപ്പോഴും മാലാഖമാരെ അയക്കാറുണ്ട്. അവര്‍ക്ക് മനുഷ്യരുടെ മുഖങ്ങളായിരിക്കുമെന്നുമാത്രം. അത്തരമൊരു മാലാഖയുടെ ഇടപെടലാണ് ഗൗതം ലൂയീസിന്റെ ജീവിതത്തെ മാറ്റിമറിച്ചത്. മനുഷ്യന് മാത്രമേ തെറ്റുപറ്റുകയുള്ളൂ ദൈവത്തിന് അങ്ങനെ സംഭവിക്കുകയില്ലെന്നും ഈ സംഭവം ഒരിക്കല്‍ക്കൂടി തെളിയിക്കുന്നു. മദര്‍ തെരേസയുടെ ഭവനത്തില്‍ വോളന്റിയറായി സേവനം ചെയ്യാന്‍ താല്പര്യമുണ്ടെന്നു കാണിച്ചുകൊണ്ടുള്ള 27-കാരിയായ ഡോ. പെട്രീഷ്യ ലൂയീസിന്റെ കത്ത് ഇന്ത്യന്‍ അധികൃതകര്‍ക്ക് ലഭിച്ചു. അങ്ങനെ സേവനം ചെയ്യാന്‍ താല്പര്യപ്പെടുന്ന ഡോക്ടര്‍മാര്‍ എണ്ണത്തില്‍ കുറവായിരുന്ന ആ സമയത്ത് ഉടന്‍തന്നെ വിസ അനുവദിച്ചു. മെഡിക്കല്‍ ഡോക്ടര്‍ ആയിരിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു അത്. എന്നാല്‍, പെട്രീഷ്യ ന്യൂക്ലിയര്‍ ഫിസിക്സിലും ഇന്റര്‍നാഷല്‍ ലോയിലും പിഎച്ച്ഡി നേടിയതുകൊണ്ടാണ് ഡോക്ടര്‍ എന്ന് ചേര്‍ത്തിരുന്നത്.
 പെട്രീഷ ഇന്ത്യയില്‍വച്ചാണ് ഇംഗ്ലണ്ടില്‍നിന്ന് ഇന്ത്യയിലെത്തിയ നേഴ്സായ ജെയിന്‍ വെബിനെ കണ്ടുമുട്ടുന്നത്. റിഹാബിലേറ്റഷന്‍ സെന്ററുകളുമായി ബന്ധപ്പെട്ടായിരുന്നു ജെയിന്റെ പ്രവര്‍ത്തനങ്ങള്‍. പ്രത്യേകിച്ച് ദരിദ്രമായ സാഹചര്യങ്ങളില്‍ കഴിയുന്ന കുട്ടികളുടെ ചികിത്സ. അങ്ങനെയാണവര്‍ ഗൗതമിനെ കാണുന്നത്. അവന്‍ എളുപ്പത്തില്‍ പെട്രീഷ്യയുടെ ഓമനയായി മാറി. തനിക്ക് ഒരിക്കലും ലഭിച്ചിട്ടില്ലാത്ത മാതൃ സ്നേഹമായിരുന്നു ഭാഷയുടെ പരിമിതികള്‍ ഉണ്ടെങ്കിലും അവന് പെട്രീഷയില്‍നിന്നും ലഭിച്ചത്. അല്ലെങ്കിലും സ്നേഹത്തിന് ഭാഷയുടെയോ അക്ഷരങ്ങളുടെയോ ആവശ്യമില്ലല്ലോ. ആ കണ്ണുകളില്‍ നിന്നും തന്നോടുള്ള സ്നേഹം വായിച്ചെടുക്കാന്‍ അവന് കഴിയുമായിരുന്നു.
അങ്ങനെ രണ്ടു വര്‍ഷങ്ങള്‍ കടന്നുപോയി. സ്ട്രച്ചറില്‍ ചാടിച്ചാടി നടക്കുന്ന ഓമനത്തമുള്ള ഗൗതമിന്റെ മുഖം പെട്രീഷ്യയുടെ മനസില്‍ നൊമ്പരമായി വളര്‍ന്നുകൊണ്ടിരുന്നു. ഒരിക്കല്‍ മദര്‍ തെരേസയുടെ അടുത്ത് ഡോ. പെട്രീഷ്യ ഒരു വാഗ്ദാനം നടത്തി. ഗൗതമിന്റെ മുഴുവന്‍ വിദ്യാഭ്യാസ ചെലവുകളും സ്പോണ്‍സര്‍ ചെയ്യാന്‍ തയാറാണെന്നായിരുന്നത്. വളരെ നല്ലത്, അവന് നല്ല വിദ്യാഭ്യാസത്തോടൊപ്പം ഒരമ്മയുടെ സ്നേഹംകൂടി അത്യാവശ്യമാണെന്നയിരുന്നു മദറിന്റെ മറുപടി. പെട്രീഷ്യ ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത കാര്യം. എന്നാല്‍ അത് ദൈവസ്വരമാണെന്ന് അവള്‍ തിരിച്ചറിഞ്ഞു. ഗൗതമിനെ ദത്തെടുക്കാന്‍ പെട്രീഷ്യ തയാറായി. നിയമത്തിന്റെ നൂലാമാലകള്‍ പൂര്‍ത്തിയാക്കി 1984-ല്‍ ഗൗതമിനെയുംകൊണ്ട് ആ ന്യൂക്ലിയര്‍ സയന്റിസ്റ്റ് ന്യൂസിലന്റിലെ ഓക്കലന്റിലേക്ക് യാത്രയായി. അവന് അപ്പോള്‍ ഏഴുവയസായിരുന്നു. ഗൗതമിന്റെ ജീവിതത്തിലെ വര്‍ണക്കാഴ്ചകള്‍ അവിടെനിന്നും ആരംഭിക്കുന്നു. വിമാനത്തില്‍ ഡോ. പെട്രീഷ്യയോടൊപ്പം യാത്രചെയ്യുമ്പോള്‍ ആ കുഞ്ഞു മനസില്‍ ഒരു ആഗ്രഹം മൊട്ടിട്ടു. തനിക്കും പൈലറ്റാകണം. തന്റെ വികലാംഗത്തെക്കുറിച്ച് അവന്‍ ഓര്‍ത്തില്ല. മദര്‍ തെരേസ നല്‍കിയ സ്നേഹംകൊണ്ട് തന്റെ പോരായ്മകളെല്ലാം അവന്‍ മറന്നിരുന്നു.
ചാള്‍സ് രാജകുമാരന്റെ സ്‌കൂള്‍
18 മാസം ന്യൂസിലാന്റിലായിരുന്നു. ആ സമയത്തിനുള്ളില്‍ ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ പഠിച്ചു. അതിനുശേഷം ഇംഗ്ലണ്ടിലേക്ക് യാത്രയായി. ചാള്‍സ് രാജകുമാരന്‍ പഠിച്ച അതേ സ്‌കൂളിലായിരുന്നു ഗൗതമിനെ ചേര്‍ത്തത്. സഹപാഠികള്‍ അതുപോലെ ഉന്നതകുലജാതന്മാരായിരുന്നു. കുറച്ചുകൂടി മുതിര്‍ന്നു കഴിഞ്ഞപ്പോള്‍ പല കൂട്ടുകാരും ഇന്ത്യയെക്കുറിച്ചുള്ള കഥകള്‍ അവനോടു പറഞ്ഞു. അവരില്‍ പലരുടെയും ആഗ്രഹമായിരുന്നു മുതിര്‍ന്നു കഴിയുമ്പോള്‍ ഇന്ത്യ സന്ദര്‍ശിക്കുക എന്നത്. കൊല്‍ക്കത്തയുമായി ഗൗതമിന് ഉണ്ടായിരുന്ന ബന്ധം കൂട്ടുകാരുടെ സംഘത്തില്‍ അവനെ ഹീറോയാക്കി. എന്നാല്‍, അനാഥലത്തില്‍ കഴിഞ്ഞിരുന്ന ബാല്യം അവരുടെ മുമ്പില്‍ തുറന്നുവയ്ക്കാന്‍ അവന്‍ മടിച്ചു. ബിസിനസ് മാനേജ്മെന്റില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ ഗൗതം ഒരു മ്യൂസിക്ക് കമ്പനിയില്‍ മൂന്ന് വര്‍ഷം ജോലി ചെയ്തു. അവന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് വിമാനത്തിലിരുന്ന് അവന്‍ നടത്തിയ ഒരു കൊച്ചു പ്രാര്‍ത്ഥന അവന്‍ മറന്നുപോയെങ്കിലും ദൈവം അപ്പോഴും ഓര്‍ത്തുവച്ചിരുന്നു. അത് ദൈവം വീണ്ടും അവനെ ഓര്‍മിപ്പിച്ചു.
പൈലറ്റാകാനുള്ള ആഗ്രഹം തന്റെ വളര്‍ത്തമ്മയുടെ അടുത്ത് അറിയിച്ചു. അവരും ഒപ്പം നിന്നു. പൈലറ്റ് പരിശീലനത്തില്‍ വിമാനം ടെയ്ക്ക്ഓഫ് ചെയ്യുന്നതിന് പ്രത്യേകമായി ഡിസൈന്‍ ചെയ്ത കണ്‍ട്രോളാണ് ഉപയോഗിച്ചത്. അവിടെനിന്നും വിജകരമായി കോഴ്സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയപ്പോഴാണ് തന്നെപ്പോലെ അംഗവൈകല്യം മൂലം വിഷമിക്കുന്ന അനേകരെക്കുറിച്ച് ആലോചിച്ചത്. അങ്ങനെയാണ് വികലാംഗര്‍ക്കുവേണ്ടി ‘ഫ്രീഡം ഇന്‍ ദി എയര്‍’ എന്ന പേരില്‍ ഫ്ളൈയിംഗ് സ്‌കൂള്‍ ലണ്ടനില്‍ തുറന്നത്.
വിപരീത സാഹചര്യങ്ങളെ മറികടന്ന് പൈലറ്റ് ആയ വിവരം സ്വന്തം ബോഗ്ലില്‍ ഗൗതം ലൂയീസ് എഴുതി. പ്രതിസന്ധികളിലൂടെ പോകുന്നവര്‍ക്ക് പ്രചോദനവും കരുത്തും നല്‍കുകയായിരുന്നു അതിന്റെ ഉദ്ദേശ്യം. എന്നാല്‍, അതിലും വലിയ അത്ഭുതമാണ് അവനെ കാത്തിരുന്നത്. അമേരിക്കയിലെ റോട്ടറി ഇന്റര്‍നാഷണല്‍ അധികൃതര്‍ അതു വായിച്ചു. ദിവസങ്ങള്‍ക്കു ള്ളില്‍ അവരുടെ കത്ത് ഗൗതമിനെ തേടിയെത്തി. ലോകാരോഗ്യ സംഘനയുമായി ചേര്‍ന്നുള്ള അവരുടെ പോളിയോ നിര്‍മാര്‍ജയജ്ഞത്തില്‍ സഹകരിക്കാമോ എന്നു ചോദിച്ചുകൊ ണ്ടായിരുന്നു കത്ത്. ”തമാശു പറയരുത്, എനിക്ക് അതേക്കുറിച്ച് ഒന്നും അറിയില്ല.” എന്നായിരുന്നു ഗൗതമിന്റെ മറുപടി. എന്നാല്‍, റോട്ടറി അധികൃതരുടെ മനസില്‍ ഉണ്ടായിരുന്ന പദ്ധതി മറ്റൊന്നായിരുന്നു.
പോളിയോ ബാധിച്ചൊരാള്‍ പ്രതിരോധ കുത്തിവയ്പിനെക്കുറിച്ച് പറയുമ്പോള്‍ ജനങ്ങളിലേക്ക് ആശയം എളുപ്പത്തില്‍ എത്തും. ഇങ്ങനെയുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവരെ പ്രത്യാശകൊണ്ട് നിറയ്ക്കാന്‍ മറ്റാരേക്കാളും കഴിയും. അതേക്കുറിച്ച് അറിഞ്ഞപ്പോള്‍ മറ്റു തിരക്കുകള്‍ മാറ്റിവച്ച് ബോധവല്ക്കരണത്തിനായി ഗൗതം ഇന്ത്യയിലേക്ക് വന്നു.
2007 നവംബറിലായിരുന്നു അതിനായുള്ള ആദ്യ സന്ദര്‍ശനം. ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലായിരുന്നു കാമ്പയിന്‍. ഇതിനിടയില്‍ ഒരാഴ്ച കൊല്‍ക്കത്തയിലേക്കും പോയി. ഏഴ് വയസുവരെ താന്‍ ജീവിച്ച പ്രദേശങ്ങളുടെ ചിത്രങ്ങളും പോളിയോ ബാധിച്ച് ട്രെച്ചറിന്റെ സഹായത്തോടെ നടക്കുന്ന ഏഴ് വയസുകാരന്റെ ചിത്രങ്ങളും ശേഖരിക്കാന്‍. ബോധവല്ക്കരണത്തോടൊപ്പം സ്വന്തം ജീവിതത്തിലേക്കുള്ള തിരിച്ചുനടപ്പുകൂടിയായിരുന്നു ഗൗതം ലൂയീസിനത്. മദര്‍ തെരേസയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തോടനുബന്ധിച്ച് കൊല്‍ക്കത്തയില്‍ എത്തിയ ഗൗതം ആദ്യത്തെ ദിവസങ്ങള്‍ അവിടെയുള്ള അനാഥാലയങ്ങള്‍ സന്ദര്‍ശിക്കുന്നതിനുവേണ്ടി മാത്രമായിരുന്നു മാറ്റിവച്ചത്. തന്റെ ഇന്നലെകളെ ഒരിക്കല്‍ക്കൂടി ഓര്‍മിക്കാനും ദൈവത്തിന്റെ മഹാകരുണയ്ക്ക് നന്ദി പറയാനും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?