Follow Us On

03

February

2025

Monday

പാലക്കാട് രൂപതയുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു

പാലക്കാട് രൂപതയുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു
പാലക്കാട്: സീറോ മലബാര്‍ സഭയിലെ പ്രാര്‍ത്ഥനയുടെ പവര്‍ ബാങ്കാണ് പാലക്കാട് രൂപതയെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. പാലക്കാട് രൂപതയുടെ സുവര്‍ണ്ണ ജൂബിലി സമാപനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടിയേറ്റ കര്‍ഷകരുടെ പ്രാര്‍ത്ഥനയും അധ്വാന വുമാണ് രൂപതയുടെ വളര്‍ച്ചയ്ക്ക് അടിത്തറയിട്ടതെന്നും മാര്‍ തട്ടില്‍ പറഞ്ഞു. രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ ജോസഫ് ഇരുമ്പന്‍ പിതാവിന്റെ മധ്യസ്ഥത രൂപതയെ വിശുദ്ധിയിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. സുവര്‍ണ്ണ ജൂബിലിക്ക് മുമ്പ് തന്നെ രാമനാഥപുരം രൂപത എന്ന കുഞ്ഞിന് ജന്മം നല്‍കാനും പാലക്കാട് രൂപതയ്ക്ക് കഴിഞ്ഞു; മാര്‍ തട്ടില്‍ പറഞ്ഞു.
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ മുഖ്യാതിഥിയായിരുന്നു. ഇല്ലായ്മയല്‍നിന്നും പൊന്നുവിളയിച്ച കുടിയേറ്റ ജനതയ്ക്ക് ആത്മീയ ഭൗതിക പിന്തുണയുമായി വിശ്വാസികളുടെ കൂടെ സഭ ഉണ്ടായിരുന്നതായി മന്ത്രി ജോര്‍ജ് കുര്യന്‍ പറഞ്ഞു. സ്ത്രീശാക്തീകരണം ഏറ്റവും കൂടുതല്‍ നടന്നത് സീറോ മലബാര്‍ സഭയിലാണ്. പെണ്‍കുട്ടികളെ പഠിപ്പിച്ച് ആതുര സേവന രംഗത്തേക്ക് തിരിച്ചുവിട്ട് സ്ത്രീകളെ സഭ ശാക്തീകരിച്ചെന്നും അദ്ദേഹം പറഞ്ഞു.
ബിഷപ്എമരിറ്റസ് മാര്‍ ജേക്കബ് മനത്തോടത്ത് അധ്യക്ഷത വഹിച്ചു. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി.പാലക്കാടിന്റെ സമഗ്ര വളര്‍ച്ചയ്ക്ക് വേണ്ടി രൂപത നിലകൊണ്ടതായി മന്ത്രി പറഞ്ഞു.
സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ച് നിര്‍മ്മിച്ച 50 ഭവനങ്ങളുടെ താക്കോല്‍ വിതരണ ഉദ്ഘാടനം ഹൊസൂര്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പില്‍ നിര്‍വഹിച്ചു. നവീകരിച്ച ചരിത്രപുസ്തകം രാമനാഥപുരം ബിഷപ് മാര്‍ പോള്‍ ആലപ്പാട്ട് പ്രകാശനം ചെയ്തു. സുവര്‍ണ്ണ  ജൂബിലി സുവനീര്‍ താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പ്രകാശനം ചെയ്തു.
വി. കെ ശ്രീകണ്ഠന്‍ എംപി, മൂവാറ്റുപുഴ ബിഷപ് ഡോ. യൂഹന്നാന്‍ മാര്‍ തിയോഡോഷ്യസ്, മിസിസാഗ ബിഷപ് ജോസ് കല്ലുവേലി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, മരിയന്‍  പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ വത്സ തെരേസ സിഎച്ച്എഫ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സണ്ണി മാത്യു നെടുംപുറം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. വിലങ്ങാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലങ്ങളിലേക്കുള്ള ധനസഹായം കെ സിബിസി ജെപിഡി കമ്മീഷന്‍ സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കലിന് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലും, മാര്‍ ജേക്കബ് മനത്തോടത്തും ചേര്‍ന്ന് കൈമാറി. മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ സ്വാഗതവും പാലക്കാട് രൂപത വികാരി ജനറാളും സുവര്‍ണ്ണ ജൂബിലി കണ്‍വീനറുമായ മോണ്‍. ജിജോ ചാലക്കല്‍ നന്ദി പറഞ്ഞു.
ജോബി വെട്ടുവയലില്‍ (വടക്കുംഞ്ചേരി ദൈവദാന്‍ സെന്റര്‍), കൊട്ടേക്കാട് സ്‌നേഹ ജ്വാലയിലെ തങ്കച്ചന്‍ നാരംവേലില്‍, സിജു വിതയത്തില്‍ (കഞ്ചിക്കോട് മരിയന്‍ വില്ലേജ്, ഒറ്റപ്പാലം പോളിഗാര്‍ഡന്‍), കരിമ്പ തിരുക്കുടുംബാശ്രമത്തിലെ മോളി എന്നിവര്‍ക്കും സ്‌നേഹോപഹാരം കൈമാറി. രൂപതയിലെ സീനിയര്‍ വൈദികരെ ആദരിച്ചു.
രൂപതയില്‍ ഏറ്റവും കൂടുതല്‍ മക്കളുള്ള മാതാപിതാക്കളായ കരോട്ട് കിഴക്കയില്‍ ജോസ് – പ്രിജി ദമ്പതികള്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരായ അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍, ഫിലിപ്പ് മന്നത്ത് കുടിയില്‍, ആല്‍ഡ്രിന്‍ ജോബി, ബിനു ബിജു, ഡേവിഡ് ജോസഫ്, എസ്. മേഖ, ട്രേസ മരിയ മെവിന്‍, ജസന്‍, ഫാ. റെനി പുറത്തൂര്‍ എന്നിവരെയും ചടങ്ങില്‍ ആചരിച്ചു.
പാലക്കാട്‌സെന്റ് റാഫേല്‍ കത്തീഡ്രല്‍ അങ്കണത്തില്‍ എത്തിയ മേജര്‍ ആര്‍ച്ച്ബിഷപ്പിനെ തൃശൂര്‍ ആര്‍ച്ച് ബിഷപ്പ്  മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍, മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവരും വൈദികരും സന്യസ്തരും അല്മായ പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. അദ്ദേഹത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കൃതജ്ഞതാ ബലി നടന്നു. കോഴിക്കോട് രൂപത ബിഷപ ്‌ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ സന്ദേശം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?