ഈസ്റ്റ് തിമോറിന്റെ തലസ്ഥാന നഗരിയായ ദിലിയില്‍ പാപ്പായുടെ അവസാനത്തെ പരിപാടി അപ്പൊസ്‌തോലിക് നണ്‍ഷിയേച്ചറില്‍ നിന്ന് 2 കിലോമീറ്റര്‍ അകലെയുള്ള കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചയായിരുന്നു. അവിടെ എത്തിയ പാപ്പായെ യുവതീയുവാക്കള്‍ പാട്ടുപാടിയും നൃത്തമാടിയും ‘പാപ്പാ നീണാള്‍ വാഴട്ടെ’എന്ന ആശംസയോടെയും ആനന്ദാരവങ്ങളോടെയും വരവേറ്റു. യുവജന പ്രതിനിധികള്‍ പൂക്കളും പാരമ്പര്യ ഉത്തരീയവും നല്കി പാപ്പായെ ദൈവമാതാവിന്റെ തിരുസ്വരൂപത്തിനു മുന്നില്‍ പുഷ്പങ്ങള്‍ സമര്‍പ്പിച്ചു.
പാപ്പായുടെ സാന്നിധ്യം യുവതീയുവാക്കള്‍ക്ക് വിശ്വാസത്തിന്റയും പ്രത്യാശയുടെയും സ്‌നേഹത്തിന്റെയും പ്രചോദനമായി. അവര്‍ പാപ്പായ്ക്കുവേണ്ടി ഗാനങ്ങള്‍ ആലപിച്ചു. പാട്ടിന്റെ താളത്തിനൊത്തു കരങ്ങള്‍ ചലിപ്പിച്ചുകൊണ്ടാണ് പാപ്പാ ഗാനം ആസ്വദിച്ചത്. മുന്‍കൂട്ടി തയ്യാറാക്കിയിരുന്ന പ്രഭാഷണം ഒഴിവാക്കി, സ്വയം പ്രേരിതമായാണ് യുവതയോട് പാപ്പാ സംസാരിച്ചത്.
പാപ്പാ വിമാനത്താവളത്തിലേക്കു പോയ വഴിയുടെ ഇരുവശങ്ങളിലും വിമാനത്താവള പരിസരത്തും ജനങ്ങള്‍ പാപ്പായെ യാത്രയയ്ക്കാന്‍ കാത്തുനില്പുണ്ടായിരുന്നു. അവര്‍ കൊടികള്‍ വീശിയും കരങ്ങള്‍വീശിയും പാപ്പായ്ക്ക് അഭിവാദ്യമര്‍പ്പിച്ചു. വിമാനത്താവളത്തില്‍ പാപ്പായെ യാത്രയയ്ക്കാന്‍ കിഴക്കെ തിമോറിന്റെ പ്രസിഡന്റ് ഹൊസേ മനുവേല്‍ റമോസ് ഹൊര്‍ത്തയും ഇതര സര്‍ക്കാര്‍ പ്രതിനിധികളും സഭാ പ്രതിനിധികളും സന്നിഹിതരായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *