Follow Us On

15

January

2025

Wednesday

സിംഹങ്ങളുടെ നാട്ടില്‍ വലിയ ഇടയന് ഊഷ്മള സ്വീകരണം

സിംഹങ്ങളുടെ നാട്ടില്‍ വലിയ ഇടയന് ഊഷ്മള സ്വീകരണം

സെപ്തംബര്‍ പന്ത്രണ്ടാം തീയതി, വ്യാഴാഴ്ച, രാവിലെ തന്നെ ഫ്രാന്‍സിസ് പാപ്പായുടെ സിംഗപ്പൂര്‍ രാജ്യത്തെ  ഔദ്യോഗിക പരിപാടികള്‍ ആരംഭിച്ചു. പ്രാദേശിക സമയം രാവിലെ 8.35 ഓടെ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ നാമധേയത്തിലുള്ള ധ്യാനകേന്ദ്രത്തില്‍ നിന്നും ഏകദേശം 21 കിലോമീറ്ററുകള്‍ അകലെയുള്ള പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഫ്രാന്‍സിസ് പാപ്പാ യാത്രയായി. ഫ്രാന്‍സിസ് പാപ്പാ കടന്നുവന്ന  വഴിയുടെ ഇരുവശങ്ങളിലും ധാരാളം ആളുകള്‍ പാപ്പായെ കാണുവാനായി ഏറെ അച്ചടക്കത്തോടെ മണിക്കൂറുകള്‍ക്കുമുമ്പേ കാത്തുനിന്നിരുന്നു. സൈനികരുടെ അകമ്പടിയോടെ തന്റെ ചെറിയ കാറില്‍ എത്തിച്ചേര്‍ന്ന പാപ്പായെ, മന്ദിരത്തിന്റെ അങ്കണത്തില്‍, സിംഗപ്പൂര്‍ രാഷ്ട്രപതി തര്‍മന്‍ ഷണ്‍മുഖരത്‌നം സ്വീകരിച്ചു.

ഫ്രാന്‍സിസ് പാപ്പായുടെ സിംഗപ്പൂര്‍ സന്ദര്‍ശനത്തിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ പേര് നല്‍കിയ ഒരു ഓര്‍ക്കിഡ് ചെടിയും സദസില്‍ പരിചയപ്പെടുത്തി. പ്രത്യേക സങ്കരയിനമായ ഈ ഓര്‍ക്കിഡ് വംശം ഇനി ഫ്രാന്‍സിസ് പാപ്പായുടെ പേരിലാണ് അറിയപ്പെടുന്നത്. നാല്പതു മുതല്‍ അറുപത് സെന്റിമീറ്റര്‍ വരെ നീളം വയ്ക്കുന്ന ഈ ഓര്‍ക്കിഡ് ചെടിയില്‍ ഒരേസമയം പത്തുമുതല്‍ ഇരുപതു പൂക്കള്‍ വരെയുണ്ടാകുമെന്നതും പ്രത്യേകതയാണ്.
രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്കുപുറമെ, പ്രധാനമന്ത്രി വോങ് ഷ്യുന്‍ ത്സായിയുമായും ഫ്രാന്‍സിസ് പാപ്പാ കൂടിക്കാഴ്ച്ച നടത്തി. രാഷ്ട്രത്തലവന്മാരുമായുള്ള ഔദ്യോഗിക സന്ദര്‍ശനത്തിനു ശേഷം, പ്രാദേശികസമയം ഏകദേശം 10.15 ഓടു കൂടി ഭരണാധികാരികളും, നയതന്ത്ര ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കുവേണ്ടി 11 കിലോമീറ്ററുകളോളം അകലെ സ്ഥിതി ചെയ്യുന്ന സിംഗപ്പൂരിലെ ദേശീയ സര്‍വ്വകലാശാലയിലേക്ക് യാത്രയായി.

പ്രാദേശിക സമയം ഏകദേശം 10.30 ഓടെ ഫ്രാന്‍സിസ് പാപ്പായും, സിംഗപ്പൂര്‍ ഭരണാധികാരിയും വേദിയിലേക്ക് കടന്നുവന്നു. ഏകദേശം ആയിരത്തോളം അംഗങ്ങളാണ് ഭരണ പ്രതിനിധികളായി സമ്മേളനത്തില്‍ പങ്കെടുത്തത്.

ലോകത്തു ഭീഷണിയുയര്‍ത്തുന്ന യുദ്ധത്തിനെതിരെ സംസാരിച്ചുകൊണ്ട്, സമാധാനത്തിനും ഐക്യത്തിനും വേണ്ടി ആഹ്വാനം ചെയ്യുന്ന ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകള്‍ രാഷ്ട്രപതി അടിവരയിട്ടു പറഞ്ഞു. സിംഗപ്പൂരിന്റെ നന്മയ്ക്കും, ഒരുമയ്ക്കും മതനേതാക്കള്‍ നല്‍കുന്ന നിസ്വാര്‍ത്ഥസേവനങ്ങളെയും അദ്ദേഹം അനുസ്മരിച്ചു. വിവിധ മതങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സാഹോദര്യം രാഷ്ട്രത്തിന്റെ കരുത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാലാവസ്ഥാപ്രതിസന്ധി പരിഹരിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പായും, കത്തോലിക്കാ സഭയും നടത്തുന്ന പരിശ്രമങ്ങള്‍ ശ്ലാഘനീയമാണെന്നും, ഇത് എല്ലാവര്‍ക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. പരിശുദ്ധ സിംഹാസനവും, സിംഗപ്പൂരും തമ്മില്‍ വിവിധ നന്മയ്ക്കുവേണ്ടി ചേര്‍ന്നുപ്രവര്‍ത്തിക്കുമെന്നും രാഷ്ട്രപതി, ശ്രീ. തര്‍മന്‍ ഷണ്‍മുഖരത്‌നം പറഞ്ഞു. പാപ്പായുടെ സന്ദേശം നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് സദസിലുള്ളവര്‍ സ്വീകരിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?