Follow Us On

23

September

2024

Monday

പുനരൈക്യ വാര്‍ഷികം ആഘോഷിച്ചു

പുനരൈക്യ വാര്‍ഷികം ആഘോഷിച്ചു
പാറശാല: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ  94-ാമത് പുനരൈക്യ വാര്‍ഷികവും സഭാ സംഗമവും പാറശാല ഭദ്രാസനത്തിന്റെ ആതിഥേയത്വത്തില്‍ മാര്‍ ഈവാനിയോസ് നഗറില്‍ (വിപിഎസ് മലങ്കര എച്ച്എസ്എസ് വെങ്ങാനൂര്‍) രണ്ടു ദിവസങ്ങളിലായി നടന്നു.
സീറോമലങ്കര സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ സമൂഹദിവ്യബലി അര്‍പ്പിച്ചു. മലങ്കര സഭയിലെ എല്ലാ മെത്രാന്മാരും വൈദികരും സഹകാര്‍മികരായി. ചങ്ങനാശേരി അതിരൂപത നിയുക്ത ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍ വചനസന്ദേശം നല്‍കി.
ഐക്യത്തെ ഭയപ്പെടുന്നവരുടെ കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ ഈവാനിയോസ് പിതാവ് എല്ലാം ത്യജിച്ച് ഒന്നുമില്ലാതെ ഇറങ്ങിവന്ന് ഒരു നൂറ്റാണ്ട് കഴിയുമ്പോള്‍ പ്രേഷിത പ്രവര്‍ത്തനം നടത്തി അനേകരെ സുവിശേഷമറിയിക്കുന്ന ഒരു വലിയ സഭയായി വളര്‍ന്നുവെന്നത് സാര്‍വത്രിക സഭയ്ക്കുതന്നെ വലിയ അനുഗ്രഹമാണെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു.
കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ പുനരൈക്യ സന്ദേശം നല്‍കി. പ്രേഷിത ചൈതന്യം നിറഞ്ഞ ക്രൈസ്തവ സമൂഹത്തിന്റെ ആധികാരികതയില്‍ ചേരാനുള്ള അവബോധം ഈ ജനത്തിന് നല്‍കിയത് മാര്‍ ഈവാനിയോസ് തിരുമേനിയായിരുന്നു എന്ന് കാതോലിക്ക ബാവ പറഞ്ഞു. പരിശുദ്ധാത്മാവ് രൂപീകരിച്ച പുനരൈക്യത്തിന്റെ നിറവുള്ള ഒരു സഭാസമൂഹമായി നമുക്ക് ഇതിനെ മുന്‍പോട്ട് കൊണ്ടുപോകാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുനരൈക്യ വാര്‍ഷികത്തോടനുബന്ധിച്ച് എംസിസിഎല്‍ സഭാതല സംഗമവും എംസിവൈഎം അന്തര്‍ദ്ദേശിയ യുവജന കണ്‍വന്‍ഷനും എംസിഎ ആഗോള അല്മായ സംഗമവും നടന്നു.
തിരുവല്ല ആര്‍ച്ചുബിഷപ് തോമസ് മാര്‍ കൂറിലോസ്, പാറശാല രൂപതാധ്യക്ഷന്‍ തോമസ് മാര്‍ യൗസേബിയോസ്, മാവേലിക്കര ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബത്തേരി ബിഷപ് ജോസഫ് മാര്‍ തോമസ്, പത്തനംതിട്ട ബിഷപ് ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ്, മാര്‍ത്താണ്ഡം ബിഷപ് ഡോ. വിന്‍സന്റ് മാര്‍ പൗലോസ്, ഗുഡ്ഗാവ് ബിഷപ് തോമസ് മാര്‍ അന്തോണിയോസ്, മൂവാറ്റുപുഴ ബിഷപ് യൂഹാനോന്‍ മാര്‍ തിയഡോഷ്യസ്, പുത്തൂര്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, കൂരിയ ബിഷപ് ആന്റണി മാര്‍ സില്‍വാനോസ്, തിരുവനന്തപുരം സഹായമെത്രാന്‍ മാത്യൂസ് മാര്‍ പോളികാര്‍പ്പസ്, പത്തനംതിട്ട മുന്‍ ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, മൂവാറ്റുപുഴ മുന്‍ മെത്രാന്‍ എബ്രഹാം മാര്‍ ജൂലിയോസ് എന്നിവര്‍ സന്നിഹിതരായിരുന്നു. കൂടാതെ വൈദികരും സന്യസ്തരും മറ്റ് പ്രമുഖ വ്യക്തികളും വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?