Follow Us On

23

September

2024

Monday

ഇടുക്കി മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കുന്ന ആരോഗ്യവകുപ്പ് മന്ത്രിക്കുള്ള വൈദികന്റെ കത്ത് ചര്‍ച്ചയാകുന്നു

ഇടുക്കി മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കുന്ന ആരോഗ്യവകുപ്പ് മന്ത്രിക്കുള്ള വൈദികന്റെ കത്ത് ചര്‍ച്ചയാകുന്നു
ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കുന്ന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിന്, ചികിത്സാ രംഗത്ത് ഇടുക്കി ജില്ലക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ഇടുക്കി മെഡിക്കല്‍ കോളജിന്റെ പരിതാപകരമായ അവസ്ഥയും ചൂണ്ടിക്കാട്ടിയുള്ള വൈദികന്റെ കത്ത് ചര്‍ച്ചയാകുന്നു. ഇടുക്കി രൂപതാ മീഡിയാ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരയ്ക്കാട്ടാണ് കത്ത് തയാറാക്കിയിരിക്കുന്നത്. കത്തിന്റെ പൂര്‍ണരൂപം.
ബഹു. ആരോഗ്യ വകുപ്പ് മന്ത്രിയോട്…
”കേരളത്തിന്റെ ബഹുമാന്യയായ ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണ ജോര്‍ജ് ഇടുക്കി മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം. തിരുവനന്തപുരത്തുനിന്ന്  ഇടുക്കിയിലെത്തുന്ന ബഹുമാനപ്പെട്ട മന്ത്രിയോട് മലയോര നിവാസികളുടെ ഏതാനും സങ്കടങ്ങള്‍ ബോധിപ്പിക്കട്ടെ:
 2014 ല്‍ ഇടുക്കി ജനതകേട്ട വലിയ സന്തോഷ വാര്‍ത്തയായിരുന്നു ഇടുക്കി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജ് ആയി ഉയര്‍ത്തപ്പെടുന്നു എന്നത്. ചികിത്സാ സൗകര്യത്തിനായി കിലോമീറ്ററുകള്‍ അപ്പുറമുള്ള കോട്ടയം മെഡിക്കല്‍ കോളേജിനെ ആശ്രയിച്ചിരുന്ന ജനതയ്ക്ക് ഈ പ്രഖ്യാപനം വലിയ ആശ്വാസമായിരുന്നു. ഗതാഗത സൗകര്യ ങ്ങളുടെ അപര്യാപ്തതകള്‍ കൊണ്ടും ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടും ഈ വിദൂരത്തുള്ള ചികിത്സാ സൗകര്യം പലപ്പോഴും ഇടുക്കിക്കാര്‍ക്ക് പ്രാപ്യമല്ലാത്ത യാഥാര്‍ത്ഥ്യമായിരുന്നു. എന്നാല്‍ ഇന്ന് ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെട്ടെങ്കിലും ചികിത്സാ സൗകര്യങ്ങള്‍ വിദൂരത്ത് തന്നെയാണ്. ഇടുക്കി മെഡിക്കല്‍ കോളേജ് ഇതിനെല്ലാമുള്ള ശാശ്വത പരിഹാരമാകും എന്നാണ് മലയോര ജനത കരുതിയത്.
 എന്നാല്‍ ഈ പ്രഖ്യാപനത്തിന്റെ 10 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വലിയ നിരാശയാണ് മിച്ചം. ഇടുക്കി മെഡിക്കല്‍ കോളേജില്‍ സൗകര്യങ്ങള്‍ വര്‍ധിക്കണം എന്നാവശ്യപ്പെടുമ്പോഴൊക്കെ ഉത്തരവാദിത്വപ്പെട്ടവരുടെ മറുപടി ഇടുക്കിയെ മറ്റ് മെഡിക്കല്‍ കോളേജുകളോട് താരതമ്യം ചെയ്യരുത്, ഘട്ടം ഘട്ടമായുള്ള വളര്‍ച്ചയിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത് എന്നുള്ള ആശ്വാസവചനങ്ങളാണ്. മറ്റു മെഡിക്കല്‍ കോളേജുകള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് രൂപീകൃതമായതുകൊണ്ടാണ് അവിടെയെല്ലാ സൗകര്യങ്ങളും ഉള്ളത്.
ഇടുക്കി അവസാനം രൂപീകൃതമായതിനാലാണ് സൗകര്യങ്ങള്‍ ഇല്ലാത്തത് എന്നു പറയുന്നതില്‍ എന്ത് ന്യായമാണുള്ളത്. ഇടുക്കിക്കാര്‍ക്കും മറ്റ് ജില്ലക്കാര്‍ക്ക് എന്നതുപോലെതന്നെ നല്ല ആരോഗ്യ പരിപാലനത്തിന് അവകാശമില്ലേ? മെച്ചപ്പെട്ട സൗകര്യങ്ങളും നിലവാരവുമുള്ള മെഡിക്കല്‍ കോളേജുകളില്‍ പഠനം നടത്താന്‍ അവകാശമില്ലേ? മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ആരംഭിച്ചു എന്നതിനപ്പുറം പര്യാപ്തമായ സൗകര്യങ്ങള്‍ ഇന്നും ഇവിടെ എത്തിയിട്ടുണ്ടോ എന്നുള്ളത് ഉത്തരവാദിത്വപ്പെട്ടവര്‍ പരിശോധിച്ചു തിരിച്ചറിയണം.
മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സ്ഥിതി അതീവദയനീയമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ല എന്ന് തന്നെ പറയുന്നതില്‍ അതിശയോക്തിയില്ല. പുതിയ ആശുപത്രി സമുച്ചയത്തിന്റെ ലിഫ്റ്റ് സൗകര്യങ്ങള്‍ എങ്കിലും അടിയന്തരമായി പ്രവര്‍ത്തിപ്പിക്കേണ്ടതാണ്. ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് നല്‍കേണ്ട മരുന്നുകള്‍ പോലും മെഡിക്കല്‍ കോളേജില്‍ ഇല്ല. രോഗിക്ക് കൂട്ടിരിക്കുന്നവര്‍ ഒരു കിലോമീറ്റര്‍ അകലെയുള്ള ചെറുതോണി ടൗണില്‍ പോയി മരുന്നുകള്‍ വാങ്ങാന്‍ കുറച്ചു നല്‍കുന്നത് സാധാരണക്കാരുടെ കാണിക്കുന്ന വലിയ ദ്രോഹമാണ്.   ഗുരുതരരോഗങ്ങള്‍ ഉണ്ടാകുന്ന വ്യക്തികള്‍ക്ക് മതിയായ ചികിത്സകള്‍ ലഭ്യമാകണമെങ്കില്‍ ഇന്നും ഇടുക്കിക്കാര്‍ക്ക്  മൂന്നും നാലും മണിക്കൂറുകള്‍ മരണപ്പാച്ചില്‍ നടത്തണം.
കാര്‍ഡിയോളജി ന്യൂറോളജി തുടങ്ങിയ വിഭാഗങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ ആധുനിക സൗകര്യങ്ങളോടെ ആരംഭിക്കണം. ഇത്തരം ഗൗരവതരത്തിലുള്ള വിഭാഗങ്ങളില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഇല്ലാത്തത് വലിയ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തും. കാത്ത് ലാബ് എന്ന വര്‍ഷങ്ങള്‍ നീണ്ട വാഗ്ദാനം പാലിക്കണം അത്യാധുനിക സൗകര്യങ്ങള്‍ ഉള്ള ഒരു ആശുപത്രി എന്ന ഹൈറേഞ്ചുകാരുടെ സ്വപ്നം സാക്ഷാ ത്കരിക്കാന്‍ ഇഛാശക്തിയോടെ പ്രവര്‍ത്തിക്കണം.”
ഫാ. ജിന്‍സ് കാരയ്ക്കാട്ട്, ഡയറക്ടര്‍,
മീഡിയാ കമ്മീഷന്‍, ഇടുക്കി രൂപത
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?