Follow Us On

26

December

2024

Thursday

മുനമ്പത്തെ മനുഷ്യരോട് ഐക്യദാര്‍ഢ്യം: കെസിവൈഎം സംസ്ഥാന സമിതി

മുനമ്പത്തെ മനുഷ്യരോട് ഐക്യദാര്‍ഢ്യം: കെസിവൈഎം സംസ്ഥാന സമിതി
കൊച്ചി: മുനമ്പം -കടപ്പുറം മേഖലയില്‍ വഖഫ് ഭൂമി എന്ന പേരില്‍ പ്രതിസന്ധിയിലായ കുടുംബങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കെസിവൈഎം സംസ്ഥാന സമിതി.
വഖഫ് ഭേദഗതി ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ  പരിഗണനയില്‍ രാജ്യം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്ന സമയത്തു തന്നെ മുനമ്പം പ്രദേശത്തെ ജനങ്ങള്‍ക്കു വഖഫ് നിയമങ്ങളുടെ പേരില്‍ നീതി നിഷേധിക്കപ്പെടുന്നത് മനുഷ്യത്വരാഹിത്യമെന്ന് കെസിവൈഎം സംസ്ഥാന സമിതി പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇന്ത്യന്‍ ഭരണഘടനയുടെ മതേതരത്വത്തിന് ചേരാത്ത വിധത്തില്‍ നിയമവ്യവസ്ഥകളെ വെല്ലുവിളിക്കുന്ന രീതിയില്‍ വിചിത്രമായ ചില നിയമങ്ങളുടെ പേരില്‍ പൗരന്മാരുടെ അവകാശങ്ങളെ ചോദ്യം ചെയ്തു കൊണ്ട് ഒരു ജീവിതായുസ്സിന്റെ കഷ്ടപ്പാട് മുഴുവന്‍ നല്‍കി പൂര്‍വികര്‍ വില കൊടുത്തു വാങ്ങിയ സ്ഥലത്തിന് തങ്ങള്‍ക്കു ഒരു അവകാശവും ഇല്ല എന്ന് പറയുന്നത് എന്ത് ന്യായമാണുള്ളത്.
രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നു വന്നിരുന്നെങ്കിലും നിത്യവൃത്തിക്കായി കടലിനെ ആശ്രയിച്ചു കഴിയുന്ന സാധാരണക്കാരായ കൊച്ചി മുനമ്പം തീരദേശത്തെ ജനങ്ങള്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി അനുഭവിക്കുന്ന യാതനകള്‍ വളരെയേറെയാണ്. സ്വന്തം പേരില്‍ ഉള്ള ഭൂമി കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ പണയം വയ്ക്കാനോ സാധിക്കാത്ത അവസ്ഥ. ഭൂമിയുടെ ഉടമസ്ഥന്‍ എങ്കിലും ആ ഭൂമിയില്‍ ഒരു അവകാശവും ഇല്ലാത്ത അവസ്ഥ. വഖഫ് ബോര്‍ഡ് അവകാശം ഉന്നയിച്ചതിന്റെ പേരില്‍ സ്വന്തം സ്ഥലത്തിന്റെ അവകാശത്തിന് വേണ്ടി അധികാരികളുടെ മുന്നില്‍ കൈ നീട്ടേണ്ട അവസ്ഥ തികച്ചും പ്രതിഷേധകരമാണ്. കടപ്പുറം വേളാങ്കണ്ണി മാതാ പള്ളിയും അതിനോട് ചേര്‍ന്ന 610 കുടുംബങ്ങളുടെ സ്ഥലങ്ങളും ഉള്‍പ്പെടെ അന്യായമായി വഖഫ് ബോര്‍ഡ് അവകാശം ഉന്നയിക്കുമ്പോള്‍ പ്രധാനമായും മത്സ്യബന്ധന മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന പാവപ്പെട്ട മനുഷ്യരുടെ അവകാശങ്ങളുടെ മേലുള്ള കടന്നു കയറ്റമാണ്. വര്‍ഷങ്ങളായി നികുതി അടച്ചു കൈവശം വച്ചിരിക്കുന്ന ഭൂമി പെട്ടന്നൊരു നാളില്‍ തങ്ങളുടേതല്ല എന്ന് പറയുന്നതിന്റെ വിരോധാഭാസം എത്ര നിയമങ്ങളുടെയും ഭേതഗതികളുടെയും തുലാസില്‍ വച്ച് അളന്നാലും ഇവരുടെ കണ്ണീരിന്റെ വിലയ്‌ക്കൊപ്പം ആവില്ല; പ്രസ്താവനയില്‍ പറയുന്നു.
ഈ വിഷയത്തില്‍ സര്‍ക്കാരുകള്‍ പാലിക്കുന്ന മൗനം ആശാസ്യകരമല്ല എന്നും മുനമ്പത്തെ നാനാജാതി മതസ്ഥരായ ജനങ്ങളെ അവരുടെ കിടപ്പാടം ഇല്ലാതാക്കിക്കൊണ്ട് കുടിയിറക്കാന്‍ ശ്രമിക്കുന്ന ഇത്തരം ശ്രമങ്ങള്‍ ഉപേക്ഷിക്കണമെന്നും കെസിവൈഎം സംസ്ഥാന സമിതി ആവശ്യപ്പെട്ടു.
യോഗത്തില്‍ കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എം.ജെ ഇമ്മാനുവല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടര്‍ ഫാ.സ്റ്റീഫന്‍ തോമസ് ചാലക്കര, അസി. ഡയറക്ടര്‍ സിസ്റ്റര്‍ നോര്‍ബര്‍ട്ട സിറ്റിസി, സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാലില്‍ ജോസഫ്, വൈസ് പ്രസിഡന്റുമാരായ അനു ഫ്രാന്‍സിസ്, ഷിബിന്‍ ഷാജി, സംസ്ഥാന സെക്രട്ടറിമാരായ  സുബിന്‍ സണ്ണി, അഗസ്റ്റിന്‍ ജോണ്‍, മരീറ്റ തോമസ്, മെറിന്‍ എം.എസ്, ട്രഷറര്‍ ഡിബിന്‍ ഡോമിനിക് എന്നിവര്‍ സംസാരിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?