Follow Us On

13

January

2025

Monday

സര്‍വേ നമ്പര്‍ അടിസ്ഥാനമാക്കി ഇഎസ്എ കണ്ടെത്തണം

സര്‍വേ നമ്പര്‍ അടിസ്ഥാനമാക്കി ഇഎസ്എ കണ്ടെത്തണം
കല്‍പ്പറ്റ: സര്‍വേ നമ്പര്‍ അടിസ്ഥാനത്തില്‍ ഇഎസ്എ കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപതാ സമിതി.
കേന്ദ്ര മാനദണ്ഡപ്രകാരം ചതുരശ്ര കിലോമീറ്ററില്‍ നൂറില്‍ കൂടുതല്‍ ജനസംഖ്യയുള്ളതും 20 ശതമാനത്തില്‍ താഴെ വനഭൂമിയുള്ളതുമായ വില്ലേജുകള്‍ ഇഎസ്എയില്‍ ഉള്‍പ്പെടില്ല. ആറാം ഇഎസ്എ കരടുവിജ്ഞാപനത്തില്‍ ഇത്തരം വില്ലേജുകളെ ലിസ്റ്റില്‍നിന്നും ഒഴിവാക്കുകയും അല്ലാത്ത വില്ലേജുകളിലെ വനഭൂമി സര്‍വേ നമ്പര്‍ അടിസ്ഥാനത്തില്‍ കണ്ടെത്തി ഇഎസ്എ വില്ലേജായി പുനര്‍നാമകരണം ചെയ്ത് കേന്ദ്രത്തിന് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാ കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപത സമിതി ആവശ്യപ്പെട്ടു.
വനഭൂമിയുടെ സര്‍വേനമ്പര്‍ വിവരം എല്ലാ വില്ലേജ് ഓഫീസുകളിലും ലഭ്യമാണ്. അതിനാല്‍ വളരെ വേഗത്തില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കാം. ഇഎസ്എ വില്ലേജുകളുടെ ലിസ്റ്റും ജിയോ കോഡിനേറ്റ്സും ബയോഡൈവേഴ്സിറ്റി ബോര്‍ഡിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും പരാതി നല്‍കാന്‍ 60 ദിവസമെങ്കിലും സമയം അനുവദിക്കുകയും ചെയ്യണം.
സംസ്ഥാനത്ത് കൃഷി ഭൂമിയുമായി അതിര്‍ത്തി പങ്കിടുന്ന വനഭൂമിയുടെ ആകെ നീളം ഏകദേശം 17,000 കിലോമീറ്ററാണ്. ഇപ്പോള്‍ നല്‍കിയ 300 ജിയോ കോഡിനേറ്റ് തികച്ചും അപര്യാപ്തമാണ്. വനഭൂമി മാത്രം ഉള്‍പ്പെടുന്ന രീതിയില്‍ ആവശ്യത്തിന് ജിയോ കോഡിനേറ്റ്സുകൂടി ഉള്‍പ്പെടുത്തിയ മാപ്പ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. കസ്തൂരിരംഗന്‍ മുതല്‍ ഉമ്മന്‍ കമ്മിറ്റി ഉള്‍പ്പെടെ വിവിധ ഏജന്‍സികളുടെതായി വന്ന ഇഎസ്എ വിസ്തീര്‍ണത്തില്‍ വലിയ അന്തരമുണ്ട്. ഇക്കാര്യത്തില്‍ കൃത്യതയും സുതാര്യതയും ഉറപ്പുവരുത്തണം. വസ്തുതകള്‍ മറച്ചുവച്ച് കൃഷിഭൂമി ഇഎസ്എയാക്കുന്ന വഞ്ചനാപരമായ നിലപാട് അംഗീകരിക്കില്ലെന്നു യോഗം വ്യക്തമാക്കി.
എല്ലാ ഇടവകകളുടെയും നേതൃത്വത്തില്‍ ഇഎസ്എ വിജ്ഞാപനത്തിനെതിരേ കേന്ദ്ര വനം-പരിസ്ഥതി മന്ത്രാലയ ത്തിന് പരാതി നല്‍കാന്‍ യോഗം തീരുമാനിച്ചു.
ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ മാനന്തവാടി രൂപതാ മെത്രാന്‍ മാര്‍ ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ് ജോണ്‍സണ്‍ തൊഴുത്തുങ്കല്‍, കിഫ സംസ്ഥാന ചെയര്‍മാന്‍ അലക്സ് ഒഴുകയില്‍ എന്നിവര്‍ വിഷയാവതരണം നടത്തി. രൂപത വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍, പ്രോക്യുറേറ്റര്‍ ഫാ. ജോസ് കൊച്ചറക്കല്‍, ഫാ. അനീഷ് കാളിയാനി, കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ ഡയറക്ടര്‍ ഫാ. ജോബി മുക്കാട്ടുകാവുങ്കല്‍, ജനറല്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ പുരക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?