Follow Us On

28

December

2024

Saturday

വിശുദ്ധനാട് യാത്രകളുടെ അമരക്കാരന്‍ ഓര്‍മയായി

വിശുദ്ധനാട് യാത്രകളുടെ  അമരക്കാരന്‍ ഓര്‍മയായി

കോഴിക്കോട്: വിശ്വാസികള്‍ക്കുവേണ്ടി നിരവധിതവണ വിശുദ്ധനാട് യാത്രകള്‍ സംഘടിപ്പിച്ച ബൈബിള്‍ പണ്ഡിതനും താമരശേരി രൂപതാ വൈദികനുമായ ഫാ. ജോസഫ് കാപ്പില്‍ നിര്യാതനായി. ഈരൂട് പ്രീസ്റ്റ് ഹോമില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. ഞായറാഴ്ച (29.09.2024) ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വൈകുന്നേരം 05.30 വരെ താമരശ്ശേരി മേരിമാതാ കത്തീഡ്രലില്‍ പൊതുദര്‍ശനം. വൈകുന്നേരം നാലിന് കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. തുടര്‍ന്ന് ഭൗതികദേഹം തലശ്ശേരി അതിരൂപതയിലെ തേര്‍ത്തല്ലിയിലുള്ള (കോടോപ്പള്ളി) സഹോദരന്‍ ജോസ് കാപ്പിലിന്റെ ഭവനത്തില്‍ രാത്രി 10.30 മുതല്‍ പൊതുദര്‍ശനം. മൃതസംസ്‌ക്കാര ശുശ്രൂഷകള്‍ തിങ്കള്‍ (30.09.2024) രാവിലെ 10-ന് ഭവനത്തില്‍ നിന്ന് ആരംഭിച്ച് കോടോപ്പള്ളി സെന്റ് സെബാസ്റ്റ്യന്‍ പള്ളി സെമിത്തേരിയില്‍.

29 വര്‍ഷങ്ങള്‍ക്ക് മുമ്പാണ വിശുദ്ധ നാട്ടിലേക്ക് വിശ്വാസികളെ കൂട്ടിക്കൊണ്ടുപോകുവാനുള്ള നിയോഗം ഫാ. ജോസഫ് കാപ്പില്‍ ഏറ്റെടുക്കുന്നത്. ഇതിനോടകം 50-ല്‍ അധികം തവണ വിശുദ്ധനാട് യാത്രകള്‍ നടത്തി.
തൊടുപുഴയ്ക്കടുത്ത് നെടിയശാലയില്‍ ദേവസ്യ-അന്ന ദമ്പതികളുടെ മകനായി 1944-ല്‍ ജനിച്ചു. മൂന്നു വയസുള്ളപ്പോഴാണ് കുടുംബം മലബാറിലേക്ക് പോരുന്നത്. കൂരാച്ചുണ്ടിലും കുളത്തുവയലിലുമായി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. പഠനകാലത്ത് അള്‍ത്താര ബാലനായിരുന്നു. സ്‌കൂള്‍ പഠനം കഴിഞ്ഞ് തലശ്ശേരി അതിരൂപതയ്ക്കുവേണ്ടി സെമിനാരിയില്‍ ചേര്‍ന്നു. കുന്നോത്തും തലശേരിയിലുമായി മൈനര്‍ സെമിനാരി പഠനം പൂര്‍ത്തിയാക്കി. മംഗലാപുരത്തായിരുന്നു മേജര്‍ സെമിനാരി പഠനം. പിന്നീട് തിയോളജി പഠനത്തിനായി റോമിലേക്ക് പോയി.

1970-ലെ പന്തക്കുസ്ത ദിവസം റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയില്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. മാനന്തവാടി ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി. ബിഷപ്പിന്റെ സെക്രട്ടറിയായും സേവനം ചെയ്തു. പിന്നീട് പെരുംപുന്ന, ഷീരാടി, നെല്ലികുറ്റി, ചാപ്പന്‍തോട്ടം ഇടവകകളില്‍ വികാരിയായി. 1985-ല്‍ തേക്കുംകുറ്റി വികാരിയായി. ആ സമയത്താണ് താമരശേരി രൂപത ആരംഭിക്കുന്നത്.
ലിറ്റര്‍ജി പഠിക്കാന്‍ 1988-ലാണ് ഫാ. ജോസഫ് കാപ്പില്‍ റോമിലെത്തുന്നത്. ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷം 1991 ഒക്ടോബറില്‍ ജറുസലേമില്‍ ഒരു വര്‍ഷത്തെ ബിബ്ലിക്കല്‍ ഫോര്‍മേഷന്‍ കോഴ്സിനു ചേര്‍ന്നു. കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം ജെറുസലേമിലുള്ള ഫ്രാന്‍സിസ്‌ക്കന്‍ ബിബ്ലിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ബൈബിള്‍ പഠനത്തിനായി ചേര്‍ന്നു. ഒരു വര്‍ഷ കോഴ്സ് ആയിരുന്നു അത്.

1993 ഒക്ടോബറില്‍ നാട്ടില്‍ തിരിച്ചെത്തി. ബഥാനിയ റിന്യൂവല്‍ സെന്റര്‍ ഡയറക്ടറായി നിയമിതനായി. 1994-ല്‍ തീര്‍ത്ഥയാത്ര സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. പിറ്റേ വര്‍ഷം 36 പേര്‍ ഉള്‍പ്പെടുന്ന സംഘവുമായി റോമും വത്തിക്കാനും വിശുദ്ധനാടും ഉള്‍പ്പെടുന്ന വിശുദ്ധനാട് തീര്‍ത്ഥയാത്ര ഫാ. കാപ്പില്‍ നടത്തി. ഇസ്രായേലിലെ അംഗീകൃത ടൂര്‍ ഗൈഡായിരുന്നു ഫാ. കാപ്പില്‍.
താമരശേരി രൂപതയുടെ പ്രൊക്യുറേറ്ററായി സേവനം ചെയ്യുമ്പോഴാണ് താമരശേരിയില്‍ കത്തീഡ്രല്‍ നിര്‍മിച്ചത്. പിന്നീട് പിഎംഒസിയുടെ ഡയറക്ടറായി. പ്രീസ്റ്റ് ഹോം, ബൈബിള്‍ അപ്പോസ്തലേറ്റ്, മതബോധനം എന്നിവയുടെ ചുമതലയും വഹിച്ചിട്ടുണ്ട്. തുടര്‍ന്ന് താമരശേരി കത്തീഡ്രല്‍ വികാരിയായി. മരുതോങ്കരയില്‍ വികാരിയായിരിക്കെയാണ് അവിടെ പള്ളി നിര്‍മിക്കുന്നത്. 2009-ല്‍ തിരുവമ്പാടി ഫൊറോന വികാരിയായി നിയമിതനായി. തുടര്‍ന്ന് പെരിന്തല്‍മണ്ണ വികാരിയായി. 2012-ല്‍ മുക്കത്ത് വികാരിയായിരിക്കെയാണ് വിരമിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?