ബ്രസല്‍സ്: 17-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സ്പാനിഷ് നിഷ്പാദുക കര്‍മലീത്ത സന്യാസിനിയായ ഈശോയുടെ അന്നയെ ഫ്രാന്‍സിസ് മാര്‍പാപ്പ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ലക്സംബര്‍ഗിലും ബല്‍ജിയത്തിലും നടത്തിയ അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ സമാപനത്തില്‍ ബ്രസല്‍സിലെ കിംഗ് ബൗദൗവിന് സ്റ്റേഡിയത്തില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേയാണ് അന്നയെ വാഴ്ത്തപ്പെട്ടവളായി പാപ്പ പ്രഖ്യാപിച്ചത്. ദാരിദ്ര്യത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ഉപവിപ്രവൃത്തികളിലൂടെയും ക്രൈസ്തവ വിശ്വാസത്തിന് സാക്ഷ്യം വഹിച്ച സന്യാസിനിയാണ് അന്നയെന്ന് പാപ്പ പറഞ്ഞു. ആര്‍ദ്രമെങ്കിലും ശക്തമായ വിശുദ്ധിയുടെ ഈ സ്ത്രൈണ ശൈലിയെ മാതൃകയാക്കാന്‍ പാപ്പ വിശ്വാസികളെ ക്ഷണിച്ചു.
ആവിലായിലെ വിശുദ്ധ തെരേസ കൊണ്ടുവന്ന നവീകരണങ്ങള്‍ ബല്‍ജിയത്തിലെ കര്‍മലീത്ത സഭയിലും യൂറോപ്പിന്റെ മറ്റ് പല ഭാഗങ്ങളിലും നടപ്പിലാക്കിയ സന്യാസിനിയാണ് അന്ന. രക്ഷിക്കപ്പെട്ട കുടുംബമായ സഭ തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചിലര്‍ക്ക് വേണ്ടി മാത്രമുള്ളതല്ലെന്നും നമ്മുടെ യോഗ്യത പരിഗണിച്ചല്ല, മറിച്ച് ദൈവകൃപയാലാണ് സുവിശേഷം പ്രസംഗിക്കാന്‍ നാം ലോകത്തിലേക്ക് അയക്കപ്പെട്ടിരിക്കുന്നതെന്നും പാപ്പ പ്രസംഗത്തില്‍ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *