കോഹിമ/നാഗാലാന്‍ഡ്: കേരളത്തില്‍ ആരംഭിച്ച എസ്എബിഎസ് സന്യാസിനി സമൂഹത്തിന്റെ നോര്‍ത്ത് ഈസ്റ്റേണ്‍ ഇന്ത്യന്‍ പ്രോവിന്‍സില്‍ ചാംങ് ഗോത്രത്തില്‍ നിന്നുള്ള ആദ്യത്തെ സന്യാസിനി വ്രതവാഗ്ദനം നടത്തി. ചാംങ് ട്രൈബില്‍ നിന്നുള്ള സിസ്റ്റര്‍ റേയ്ച്ചല്‍ തോംഗ്പാംഗനാരോയാണ് നവസന്യാസിനികളിലൊരാളായത്.
കോഹിമ ബിഷപ് ജെയിംസ് തോപ്പില്‍ ഡിമാപൂരിലെ കോര്‍പൂസ് ക്രിസ്റ്റി പ്രോവിന്‍ഷ്യലേറ്റിലെ വ്രതവാഗ്ദാന ചടങ്ങിന് കാര്‍മ്മികത്വം വഹിച്ചു. ചടങ്ങില്‍ 35 ഓളം വൈദികര്‍ പങ്കെടുത്തു. വിവിധ സഭകളിലെ സന്യാസ്തരും ബന്ധുക്കളും ചടങ്ങില്‍ പങ്കുചേര്‍ന്നു.
തങ്ങളുടെ സഭയുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായത്തിന് സിസ്റ്റര്‍ റേയ്ച്ചലിന്റെ വ്രതവാഗ്ദാനം വഴിതെളിച്ചുവെന്ന് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ കാതറിന്‍ എലവുങ്കല്‍ പറഞ്ഞു. അവിടുത്തെ തദ്ദേശിയ സമൂഹങ്ങളില്‍ പുതിയ അംഗത്തിന് ചലനം സൃഷ്ടിക്കുവാന്‍ കഴിയട്ടെ എന്ന് തങ്ങളുടെ സഭാംഗങ്ങള്‍ പ്രര്‍ത്ഥിക്കുന്നുവെന്നും സിസ്റ്റര്‍ കാതറിന്‍ പറഞ്ഞു.
വ്രതവാഗ്ദാനം ചെയ്ത 8 പേരില്‍ 6 പേര്‍ നാഗാലാന്‍ഡില്‍ നിന്നും ഒരാള്‍ അസമില്‍ നിന്നും ഒരാള്‍ മേഘാലയയില്‍ നിന്നുമാണ്. സിസ്റ്റര്‍ റേച്ചല്‍ 3 മക്കളുള്ള കുടുംബത്തിലെ മൂത്ത മകളാണ്. പത്താം ക്ലാസിന് ശേഷമാണ് മഠത്തില്‍ ചേര്‍ന്നത്. സന്യാസിനികളുടെ ദിവ്യകാരുണ്യ ആരാധനയാണ് തന്നെ ഈ മഠത്തിലേക്ക് ആകര്‍ഷിച്ചതെന്ന് സിസ്റ്റര്‍ റേയ്ച്ചല്‍ പറഞ്ഞു.
ആരാധനാസമൂഹത്തിന്റെ നോര്‍ത്ത് ഈസ്റ്റേണ്‍ പ്രോവിന്‍സിന് 203 അംഗങ്ങളുണ്ട്. 1908 ലാണ് എസ്എബിഎസ് സന്യാസ സമൂഹം സ്ഥാപിതമായത്. ധന്യന്‍ മാര്‍ തോമസ് കുര്യാളശ്ശേരി പിതാവും മദര്‍ ഫ്രാന്‍സിസ്‌ക ഡെ ഷന്താളുമാണ് സഭ സ്ഥാപിച്ചത്. ഇപ്പോള്‍ സഭയ്ക്ക് 18 പ്രോവിന്‍സുകളിലായി 5000 അംഗങ്ങളുണ്ട്. 18 പ്രോവിന്‍സുകളില്‍ 11 എണ്ണം കേരളത്തിനുപുറത്താണ്.
Leave a Comment
Your email address will not be published. Required fields are marked with *