Follow Us On

22

November

2024

Friday

75-ന്റെ നിറവില്‍ മെത്രാപ്പോലീത്തമാര്‍

75-ന്റെ നിറവില്‍ മെത്രാപ്പോലീത്തമാര്‍

തിരുവല്ല: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കൊച്ചി ഭദ്രാസനാധിപനായ ഡോ. യാക്കോബ് മാര്‍ ഐറേനിയസ് 75-ന്റെ നിറവില്‍. തിരുവല്ല കല്ലൂപ്പാറ ആറുവീടന്‍ പള്ളിയ്ക്കല്‍ തെക്കുംതല റ്റി.ഒ ചെറിയാന്‍ – കുഞ്ഞേലിയാമ്മ ദമ്പതികളുടെ മകനായി 1949 ഓഗസ്റ്റ് 15-ന് ജനിച്ചു. തിരുവല്ല മാര്‍ത്തോമാ കോളജ്, മദ്രാസ് സര്‍വകലാശാലകളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി. 1967-ല്‍ പത്തനാപുരം ദയറായില്‍ അംഗമായി. 1970 മെയ് 30-ന് ശെമ്മാശനും 1975 ഫെബ്രുവരി എട്ടിന് വൈദികനുമായി. 1992 സെപ്റ്റംബര്‍ പത്തിന് മേല്‍പ്പട്ടസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1993 ഓഗസ്റ്റ് 16-ന് പരുമല പള്ളിയില്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവ എപ്പിസ്‌കോപ്പയായി അഭിഷേകം ചെയ്തു. 1994 മുതല്‍ 1997 വരെ മലബാര്‍ ഭദ്രാസന സഹായമെത്രാനായിരുന്നു. 1997 മുതല്‍ 2009 വരെ ചെന്നൈ ഭദ്രാസനത്തിന്റെ ചുമതല വഹിച്ചു. 2009 ഏപ്രില്‍ മുതല്‍ കൊച്ചി ഭദ്രാസനാധിപനായി സേവനമനുഷ്ഠിക്കുന്നു.

നാലുവിഷയങ്ങളില്‍ മാര്‍ ഐറേനിയോസിന് ബിരുദാനന്തര ബിരുദമുണ്ട്. ഇംഗ്ലീഷ്, എഡ്യുക്കേഷന്‍, ഫിലോസഫി വിഷയങ്ങളില്‍ കേരള സര്‍വകലാശാലയില്‍നിന്നും ബിരുദാനന്തര ബിരുദമെടുത്തു. യുഎസിലെ പ്രിന്‍സ്റ്റണ്‍ സെമിനാരിയില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. കേരള സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലീഷിലും ബംഗളൂരു സെന്റ് സ്റ്റീഫന്‍സ് സെമിനാരിയില്‍നിന്ന് തിയോളജിയിലും ഡോക്ടറേറ്റ് നേടി.
ക്രൈസ്തവ സഭകളുടെ സാമൂഹികസേവന സംരംഭമായ ചര്‍ച്ചസ് ഓക്‌സിലറി ഫോര്‍ സോഷ്യല്‍ ആക്ഷന്റെ (കാസാ) അഖിലേന്ത്യാ ചെയര്‍മാന്‍, വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് വൈസ് പ്രസിഡന്റ്, മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സ്ലീബാദാസ സമൂഹം പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവ ര്‍ത്തിച്ചു. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് ട്രെയിനിങ്ങ് കോളജില്‍ അധ്യാപകനായിരുന്നിട്ടുണ്ട്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളില്‍ കവിതകളും ഇരുപതോളം പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

കോട്ടയം: മാര്‍ത്തോമാ സഭയിലെ ഡോ. ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത 75-ന്റെ നിറവില്‍. കോട്ടയം ഇലയ്ക്കാട്ടുകടുപ്പില്‍ ഈ.വി. ജേക്കബ് – മാങ്ങാനം ചെമ്മരപ്പള്ളില്‍ സാറാമ്മയുടെയും മകനായി 1949 സെപ്റ്റംബര്‍ എട്ടിന് ജനിച്ചു. കോളജ് വിദ്യാഭ്യാസം കോട്ടയം ബസേലിയോസ്, സിഎംഎസ് എന്നിവിടങ്ങളിലായിരുന്നു. കൊല്‍ക്കത്ത ബിഷപ്‌സ് കോളജില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ബിരുദം നേടി. കാനഡയിലെ ആല്‍ബര്‍ട്ട് സെന്റ് സ്റ്റീഫന്‍സ് കോളജില്‍നിന്ന് കൗണ്‍സലിങ്ങില്‍ ഡിപ്ലോമ കരസ്ഥമാക്കി.

1976 മെയ് 29-ന് തിരുവല്ല സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയില്‍ ഡോ. ജോസഫ് മാര്‍ ഐറേനിയസില്‍നിന്ന് ശെമ്മാശപട്ടവും 1976 ജൂണ്‍ 12-ന് അഞ്ചേരി ക്രിസ്‌തോസ് പള്ളിയില്‍ തോമസ് മാര്‍ അത്തനാസിയോസില്‍നിന്ന് വൈദികപട്ടവും സ്വീകരിച്ചു. 1993 ഓഗസ്റ്റ് 31-ന് റമ്പാന്‍പട്ടമേറ്റു. 1993 ഒക്‌ടോബര്‍ രണ്ടിന് ജോസഫ് മാര്‍ ബര്‍ണബാസ് എന്ന നാമത്തില്‍ ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമാ മെത്രാപ്പോലീത്ത, എപ്പിസ്‌കോപ്പയായി അഭിഷേകം ചെയ്തു.
ചെങ്ങന്നൂര്‍ ഭദ്രാസനാധിപനായിട്ടായിരുന്നു ആദ്യനിയമനം. തുടര്‍ന്ന് കുന്നംകുളം-മലബാര്‍, മുംബൈ, ഡല്‍ഹി, അടൂര്‍, തിരുവനന്തപുരം-കൊട്ടാരക്കര, മലേഷ്യ-സിങ്കപ്പൂര്‍, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് ഭദ്രാസനങ്ങളില്‍ എപ്പിസ്‌കോപ്പയായി സേവനമനുഷ്ഠിച്ചു. 2022-ല്‍ ഹിന്ദുസ്ഥാന്‍ സര്‍വകലാശാല ഡി.ലിറ്റ് ബിരുദം നല്‍കി.
2021 ജൂലൈ 18-ന് സഫ്രഗന്‍ മെത്രാപ്പോലീത്തയായി ഉയര്‍ത്തപ്പെട്ടു. വിവിധ ഭദ്രാസനങ്ങളില്‍ ജോലിയില്‍നിന്നു വിരമിച്ചവരും ജീവിതയാത്രയില്‍ ഒറ്റപ്പെട്ടുപോയവരും ശുശ്രൂഷിക്കാന്‍ പ്രിയപ്പെട്ടവര്‍ ഒപ്പമില്ലാത്തവരുമായ മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്വന്തം ചെലവില്‍ ഒരുമിച്ചു താമസിക്കുന്നതിനുള്ള സ്‌നേഹഗ്രാമം പദ്ധതി നടപ്പിലാക്കി. പ്ലസ്ടുപഠനം കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് പലിശരഹിത വായ്പ നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ചു. കറ്റാനം സെന്റ് തോമസ് ആശുപത്രിയോടുചേര്‍ന്ന് രോഗികള്‍ക്ക് സാന്ത്വന ചികിത്സ നല്‍കാനുള്ള മൊബൈല്‍ യൂണിറ്റ് ആരംഭിച്ചു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?