Follow Us On

04

November

2024

Monday

ജപമാല ചൊല്ലുമ്പോള്‍ ലഭിക്കുന്ന മൂന്ന് കൃപകള്‍

ജപമാല ചൊല്ലുമ്പോള്‍  ലഭിക്കുന്ന മൂന്ന് കൃപകള്‍

ഫാ. സ്റ്റാഴ്‌സന്‍ കള്ളിക്കാടന്‍

ജപമാല പ്രാര്‍ത്ഥന ചൊല്ലാന്‍ എനിക്ക് നല്ല മടിയായിരുന്നു. നീണ്ടജപങ്ങളും ഏറ്റുചൊല്ലിയുള്ള പ്രാര്‍ത്ഥനകളുമെല്ലാം എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ഒരു സമ്പൂര്‍ണ്ണ ജപമാല ചൊല്ലാന്‍ 45 മിനിറ്റ് എങ്കിലും മിനിമം വേണമായിരുന്നു. അത്രയും സമയം കളയുന്നതിന് മനസ് പലപ്പോഴും അനുവദിച്ചിരുന്നില്ല. ഒരിക്കല്‍ ഞാന്‍ ഇതേപ്പറ്റി പരിശുദ്ധ അമ്മയോട് പറഞ്ഞു:

”അമ്മേ ഞാന്‍ എന്തിനാണ് ജപമാല ചൊല്ലേണ്ടത്. ഈ ജപമാലചൊല്ലിയില്ലെങ്കിലും എനിക്ക് അമ്മയെ ഒരുപാട് ഇഷ്ടമാണെന്ന് അമ്മയ്ക്ക് അറിയാമല്ലോ?” എന്റെ നിഷ്‌കളങ്കമായ ചോദ്യത്തിന് അമ്മ ഉത്തരം നല്‍കിയത് തിരുവചനത്തിലൂടെയാണ്. പഴയനിയമത്തിലെ ശക്തനായ പ്രവാചകനായിരുന്ന ഏശയ്യായുടെ പുസ്തകം നാല്പതാം അധ്യായം മുപ്പതാം തിരുവചനം എടുത്തു വായിക്കാന്‍ അമ്മപറയുന്നതുപോലെ എനിക്കു തോന്നി.
ജപമാല ചൊല്ലുന്നവര്‍ക്ക് കിട്ടുന്ന മൂന്ന് സ്വര്‍ഗീയ അനുഗ്രഹങ്ങള്‍ ഏതെല്ലാമാണെന്ന് ആ തിരുവചനത്തിലൂടെ അമ്മ എന്നെ പഠിപ്പിച്ചു.

ആത്മാവിന് ശക്തി നല്‍കുന്ന വചനം
ജപമാല വെറും അധരവ്യായാമമല്ല. ജപമാലപ്രാര്‍ത്ഥനകളില്‍ നാം പങ്കുവയ്ക്കുന്നതും ഏറ്റുചൊല്ലുന്നതും കര്‍ത്താവിന്റെ മാറ്റമില്ലാത്ത വചനമാണ്. വചനത്തിന്റെ ശക്തി നമുക്കറിയാവുന്നതാണ്. ഇരുതലവാളിനേക്കാള്‍ മൂര്‍ച്ചയേറിയതും സന്ധിബന്ധങ്ങളെ ബലപ്പെടുത്തുന്നതുമാണത്. ഒരു നന്മ നിറഞ്ഞ മറിയമേ ചൊല്ലുമ്പോള്‍ 2 വചനമാണ് ഏറ്റുചൊല്ലുന്നത് (ലൂക്കാ 1:28, ലൂക്കാ 1:42). 53 നന്മ നിറഞ്ഞ മറിയമേ ചൊല്ലുമ്പോള്‍ 106 തവണ നാം വചനം ആണ് ഏറ്റുപറയുന്നത്. സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയില്‍ നാം 5 വചനം ഏറ്റുപറയുന്നു. (മത്തായി 6:9, 6:10, 6:11, 6:12, 6:13).
ഒരു ജപമാലയില്‍ സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന 6 പ്രാവശ്യം ചൊല്ലുന്നുണ്ടല്ലോ. അതിനാല്‍ 5 വചനങ്ങള്‍ 6 പ്രാവശ്യം ഏറ്റുപറയുമ്പോള്‍ 30 വചനം. ആയതിനാല്‍ ഒരു ജപമാല ചൊല്ലി കഴിയുമ്പോള്‍ ആകെ 136 വചനങ്ങള്‍ ഏറ്റുപറയുന്നു. 2000 വര്‍ഷം കഴിഞ്ഞിട്ടും നിലനില്‍ക്കുന്ന വചനത്തിന്റെ ശക്തി ഏറ്റുചൊല്ലുമ്പോള്‍ നാമും ശക്തരാകുന്നു. ബൂസ്റ്റും പാലും വെണ്ണയും ഒക്കെ കഴിക്കുമ്പോള്‍ ശരീരത്തിനുണ്ടാകുന്ന ശക്തിപോലെ ആത്മാവിന് ശക്തി ലഭിക്കുന്ന വചനം ഏറ്റുചൊല്ലുമ്പോള്‍ ഏത് ആത്മാവാണ് ശക്തിപ്പെടാത്തത്? അവന്റെ വചനം ശക്തമാണെന്നതിന്റെ സൂചനയല്ലേ നാം കണ്ടുകൊണ്ടിരിക്കുന്നത്. 2500 വര്‍ഷത്തിലധികം പഴക്കമുള്ള ആമോസ് പ്രവാചകന്റെ പുസ്തകത്തിലെ ശക്തമായ വചനം ദാ…. 2024 ലും ശക്തമാവുന്നു. ജപമാല ചൊല്ലുന്നത് വെറുതെയല്ല. ജപമാല ചൊല്ലി ശക്തി നേടാത്തവര്‍ ആരാണുള്ളത്.

ആര്‍സിന്റെ നക്ഷത്രം
നമുക്കുവേണ്ടി കൂടുതല്‍ സമയം അമ്മ മറിയം സ്വര്‍ഗത്തോട് പ്രാര്‍ത്ഥിക്കണമെങ്കില്‍ നമ്മള്‍ ജപമാല ചൊല്ലണം എന്ന് അമ്മ പുഞ്ചിരിച്ചുകൊണ്ട് നമ്മളോട് പറയുന്നുണ്ട്. ‘കരയുന്ന കുട്ടിക്കേ പാലുള്ളൂ എന്ന് എന്റെ മകനെ നീ കേട്ടിട്ടില്ലേ. ഇതുപോലെയാണ് ഞാനും. നീ ഈ ജപമാല ചൊല്ലി തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങള്‍ക്കുവേണ്ടി തമ്പുരാനോട് അപേക്ഷിക്കണമേ എന്ന് പറയുമ്പോള്‍ എനിക്ക് നിന്റെ പ്രാര്‍ത്ഥന സ്വര്‍ഗസമക്ഷം എത്തിക്കാതിരിക്കാനാവില്ല.’
‘എന്റെ പ്രാര്‍ത്ഥന എന്റെ മകന്‍ നിരസിക്കില്ല. കാനായില്‍ ഞാന്‍ പറഞ്ഞപ്പോള്‍ അത്ഭുതം പ്രവര്‍ത്തിച്ച എന്റെ മകന്‍ എന്റെ പ്രാര്‍ത്ഥന കേട്ട് നിന്നെ ചിറകടിച്ച് ഉയരാന്‍ സഹായിക്കും. ഒരുവന്‍പോലും നശിക്കാതിരിക്കാന്‍ ഏകജാതനെപോലും നല്‍കിയ പിതാവിനോട് ഞാന്‍ നിനക്കുവേണ്ടി പ്രത്യേകം മാധ്യസ്ഥം എടുക്കുന്നത് നീ ജപമാല ചൊല്ലു മ്പോഴാണ്. അതുകൊണ്ട് ഒഴിവുസമയങ്ങളിലെല്ലാം ജപമാല കരങ്ങളിലെടുത്ത് ചൊല്ലണം. ഇങ്ങനെ ചൊല്ലിയതുകൊണ്ടാണ് വിയാനിയച്ചനെ ഞാന്‍ ആര്‍സിന്റെ നക്ഷത്രമാക്കിയത്.’

അവര്‍ തളരുകയില്ല
ക്ഷതമേറ്റ കിളിക്ക് മുന്‍പുപാടിയതു പോലെ പാടാനാവില്ലെന്ന് പറയുന്നതുപോലെ നമ്മളെല്ലാം ഇന്ന് പല രീതിയില്‍ തളര്‍ന്നുവീഴുന്നുണ്ട്. സ്വയം തളര്‍ന്നുപോകുന്നവരും നമ്മളെ തളര്‍ത്തുന്നവരും നാട്ടില്‍ പെരുകുമ്പോള്‍ രക്ഷയായി പരി. അമ്മയുടെ ജപമാല ഉണ്ടെന്നാണ് അമ്മ പഠിപ്പിക്കുന്നത്. ജപമാല ചൊല്ലുമ്പോള്‍ അമ്മയുടെ മേലങ്കിക്കുള്ളില്‍ അഭയം നല്‍കി നമ്മെ സംരക്ഷിക്കുമെന്നാണ് അമ്മയുടെ എല്ലാ പ്രത്യക്ഷീകരണങ്ങളിലും അമ്മ വ്യക്തമാക്കുന്നത്. ലോകത്തിനു വേണ്ടിയുള്ള അമ്മയുടെ കരുണാസന്ദേശത്തില്‍ അമ്മ പറയുന്നത് ഇപ്രകാരമാണ്.
‘നീ എന്റെ മേലങ്കിക്കുള്ളിലല്ലേ, നിന്റെ ആത്മാവ് എത്ര തന്നെ ബലഹീനമാണെങ്കിലും നിരാശയില്‍ നിപതിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കുകയില്ലേ? എന്റെ കുഞ്ഞേ അതിനാല്‍ നീ ഭയപ്പെടേണ്ടതില്ലല്ലോ… വെറുതെ ഞാന്‍ പറയുന്നതു മാത്രം ചെയ്യുക. കുഞ്ഞേ നീ പ്രാര്‍ത്ഥിക്കുക. ജപമാല ഉപേക്ഷിക്കരുത്. ഏറ്റവും പരിശുദ്ധമായ എന്റെ ആഭരണമാണത്. നിന്റെ ആത്മാവിലേക്ക് അതു തുളഞ്ഞുകയറാന്‍ അനുവദിക്കുക.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?