Follow Us On

21

December

2024

Saturday

ദൈവം ചിലപ്പോള്‍ ഇങ്ങനെയും ചെയ്യും

ദൈവം ചിലപ്പോള്‍  ഇങ്ങനെയും ചെയ്യും

ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)

ഓണദിവസം ജാതിമതവ്യത്യാസമില്ലാതെ എല്ലാവരുംതന്നെ ഓണസദ്യ ഉണ്ടാക്കാറുണ്ട്. ഓരോ കുടുംബത്തിന്റെയും സാമ്പത്തികസ്ഥിതിയനുസരിച്ച് സദ്യയുടെ ഗാംഭീര്യം കൂടിയും കുറഞ്ഞുമിരിക്കും എന്നുമാത്രം.
എന്റെ ഓര്‍മവച്ച കാലംമുതല്‍ കഴിഞ്ഞ വര്‍ഷത്തെ ഓണംവരെയും ഓണസദ്യ കഴിക്കാന്‍ എനിക്ക് അവസരം കിട്ടിയിട്ടുണ്ട്. എന്നാല്‍ 2024-ലെ എന്റെ ഓണസദ്യ ഹോട്ടലില്‍നിന്നും വാങ്ങിച്ചുകൊണ്ടുവന്ന ഒരു സാധാരണ പൊതിച്ചോര്‍ ആയിരുന്നു. ഓണസദ്യയല്ല, ഒരു സാധാരണ പൊതിച്ചോറ്. അന്നുച്ചയ്ക്ക് ആ ചോറു തിന്നുമ്പോള്‍ മനസില്‍ വല്ലാത്തൊരു വിഷമം തോന്നി. ആ വിഷമം ദിവസങ്ങളോളം നീണ്ടുനിന്നു. അവസാനം ആ വിഷമം മാറിയത്, ഓണം കഴിഞ്ഞ് കുറെ ദിവസങ്ങള്‍ക്കുശേഷം ഒരു കുടുംബം കൊണ്ടുവന്നുതന്ന ഓണസദ്യ കഴിച്ചപ്പോഴാണ്.

സംഭവം ഇങ്ങനെയാണ്. സാധാരണ ഗതിയില്‍ ഓണത്തിന് ആരെങ്കിലും വിളിക്കുകയും പോവുകയുമൊക്കെ ചെയ്യാറുണ്ട്. അതല്ലെങ്കില്‍ എന്റെ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ പോവുകയോ മറ്റ് ആശ്രമങ്ങളില്‍ പോവുകയോ ഒക്കെ ചെയ്യാറുണ്ട്. എന്നാല്‍ ഈ വര്‍ഷം ഇതൊന്നും സാധിച്ചില്ല. അങ്ങനെ ഒറ്റപ്പെട്ടുപോയി. ഓണത്തിന് മനസില്‍ കണ്ടതുപോലെയൊന്നും സംഭവിച്ചില്ല. അങ്ങനെ ഹോട്ടലില്‍നിന്ന് പൊതിച്ചോറ് വാങ്ങിക്കൊണ്ടുവന്ന് കഴിച്ചു. അതൊരു വേദനയായി. അത് മാറാതെ കിടന്നു.

അങ്ങനെയിരിക്കെ എന്റെ സുഹൃത്ത് എന്നെ വിളിച്ചു. ഓണമൊക്കെ ആയിരുന്നില്ലേ; ഞങ്ങള്‍ ഒരു ഓണസദ്യയുണ്ടാക്കി അങ്ങോട്ട് വരുന്നുണ്ട്. ഏകദേശം 40 കിലോമീറ്റര്‍ ദൂരത്തുനിന്നാണ് വിളിച്ചത്. ഞാന്‍ സമ്മതിച്ചു. ആ സുഹൃത്തും കുടുംബനാഥയുംകൂടി ഓണസദ്യയുമായി ഞാന്‍ താമസിക്കുന്ന ഭവനത്തില്‍ എത്തി. ഞങ്ങള്‍ ഒന്നിച്ച് ഓണസദ്യ കഴിച്ചു. കുറച്ചുനേരം സംസാരിച്ചിരുന്നു. അതിനുശേഷം അവര്‍ പോയി. അതോടെ എന്റെ വിഷമവും മാറി.
ഞാന്‍ വലിയ ഭക്ഷണപ്രിയനൊന്നുമല്ല. ഓണത്തിനായാലും ഞാന്‍ ഒരുപാട് കഴിക്കുകയോ എല്ലാ വിഭവങ്ങളും കഴിക്കുകയോ ഒന്നുമില്ല. ഓണസദ്യ കഴിച്ചില്ല എന്നതായിരുന്നില്ല എന്റെ വിഷമം. ഓണത്തിന്റെ അന്ന് ഹോട്ടലില്‍നിന്ന് വാങ്ങിയ പൊതിച്ചോറ് കഴിക്കേണ്ടിവന്നല്ലോ എന്നതായിരുന്നു എന്റെ വിഷമം. സത്യം പറഞ്ഞാല്‍, അതില്‍ വിഷമിക്കാന്‍ ഒന്നുമില്ല. വിട്ടുകളയാവുന്ന കാര്യമേ ഉള്ളൂ. പക്ഷേ എന്തോ എന്റെ മനസിന് അതൊരു വേദനയായി.

ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം എനിക്ക് ഓണസദ്യ കിട്ടിയില്ല എന്നതല്ല. പൊതിച്ചോറ് വാങ്ങി കഴിക്കേണ്ടിവന്നപ്പോള്‍ എന്റെ മനസിനുണ്ടായ വിഷമം ദൈവം കണ്ടു എന്നതാണ്. ആ വിഷമം മാറ്റാന്‍ ഓണസദ്യയുമായി ദൈവം ഒരു കുടുംബത്തെ നാല്‍പതോളം കിലോമീറ്റര്‍ അകലെനിന്ന് പറഞ്ഞുവിട്ടു. അപ്പോള്‍ ഞാന്‍ ഒരു ബൈബിള്‍ സംഭവം ഓര്‍ത്തു. സിംഹക്കുഴിയിലേക്ക് എറിയപ്പെട്ട്, അവിടെ പട്ടിണി കിടക്കുന്ന ദാനിയേലിനെയും ആ ദാനിയേലിന് ഭക്ഷണം നല്‍കാന്‍ ദൈവം കൈക്കൊണ്ട നടപടിയെയും. ദാനിയേല്‍ കിടക്കുന്ന സിംഹക്കുഴിയില്‍നിന്നും ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെ, തന്റെ പണിക്കാര്‍ക്ക് ഭക്ഷണവുമായി പോകുകയായിരുന്ന ഹബക്കുക്കിനെ ദൈവദൂതന്‍ ഭക്ഷണസമേതം പൊക്കിയെടുത്ത് നിമിഷനേരംകൊണ്ട് ദാനിയേല്‍ കിടക്കുന്ന സിംഹക്കുഴിയുടെ അരികില്‍ എത്തിച്ച് ഭക്ഷണം നല്‍കി. ദൈവത്തിന്റെ ഒരു കരുതല്‍. നമ്മുടെ ദൈവം ഇങ്ങനെയും ചെയ്യും.

മറ്റൊരു ബൈബിള്‍ സംഭവംകൂടി പറയാം. സ്വര്‍ഗത്തില്‍നിന്ന് അഗ്നി ഇറക്കി ബലിവസ്തുക്കളെ ഏലിയാ പ്രവാചകന്‍ ദഹിപ്പിച്ചു. തുടര്‍ന്ന് ബാലിന്റെ പ്രവാചകന്മാരെ വധിച്ചു. ഈ വിവരം അറിഞ്ഞ രാജാവിന്റെ ഭാര്യ ഇസബെല്‍ പറഞ്ഞു: അടുത്ത 24 മണിക്കൂറിനകം നിന്നെ കൊല്ലും. ഇതുകേട്ട് പേടിച്ച് ഏലിയാ മരുഭൂമിയിലൂടെ ഓടി. ഒരു പകല്‍ മുഴുവന്‍ ഓടിയ ഏലിയാ മരുഭൂമിയില്‍ ഒരു മരച്ചുവട്ടില്‍ തളര്‍ന്നുവീണ് കിടന്നുറങ്ങി. അപ്പോള്‍ ഒരു മാലാഖ അടുത്തുവന്ന് അദ്ദേഹത്തെ തട്ടിയുണര്‍ത്തിയിട്ട് പറഞ്ഞു: ഭക്ഷണം കഴിക്കുക. നോക്കുമ്പോള്‍ തലയ്ക്കല്‍ അപ്പവും വെള്ളവും ഇരിക്കുന്നു. ദൈവം മാലാഖവഴി കൊടുത്തയച്ചതാണ്. ദൈവത്തിന്റെ ഒരു കരുതല്‍. നമ്മുടെ ദൈവം ഇങ്ങനെയും ചെയ്യുന്ന ദൈവമാണ്. ആ അപ്പം ഭക്ഷിച്ച്, വെള്ളവും കുടിച്ച് ശക്തി പ്രാപിച്ച ഏലിയാ കാര്‍മല്‍ മലവരെ നടന്നു. ഗുഹയില്‍ കയറി പ്രാര്‍ത്ഥനയില്‍ മുഴുകി. ദൈവം ഏലിയായോട് ചോദിച്ചു: നീ എന്തെടുക്കുന്നു? ഏലിയാ പറഞ്ഞു: ഞാന്‍ സൈന്യങ്ങളുടെ കര്‍ത്താവിനെപ്പറ്റിയുള്ള തീക്ഷ്ണതയാല്‍ എരിയുകയാണ്.

ഞാന്‍ പറഞ്ഞുവരുന്നത് ഇതാണ്: ഒരു ഓണസദ്യ കിട്ടിയില്ല എന്ന എന്റെ കൊച്ചുദുഃഖം ദൈവം കണ്ടു. എനിക്ക് ഓണസദ്യ എത്തിച്ചുതന്നു. സിംഹക്കുഴിയിലായിരുന്ന ദാനിയേലിന് ഭക്ഷണം എത്തിച്ചുകൊടുത്തു. തളര്‍ന്നു കിടന്ന ഏലിയായ്ക്ക് അപ്പവും വെള്ളവും എത്തിച്ചുകൊടുത്തു. എന്റെ ദുഃഖം ആരോടും പറയാന്‍പോലും കൊള്ളില്ലാത്തത് ആയിരുന്നു. ദൈവം ആ ദുഃഖം കണ്ടു; അതു മാറ്റിത്തന്നു.
ഇതുപോലെ നമ്മള്‍ ഓരോരുത്തര്‍ക്കും ആരോടും പറയാന്‍ പറ്റാത്ത കൊച്ചുകൊച്ചു ദുഃഖങ്ങളുണ്ട്. കേള്‍ക്കുന്നവര്‍ക്ക് പുച്ഛമായിരിക്കും തോന്നുക. പക്ഷേ അനുഭവിക്കുന്നവര്‍ക്ക് വലിയ വേദനയാണ്. പ്രിയരേ, എന്റെയും നിങ്ങളുടെയും അങ്ങനെയുള്ള കൊച്ചുകൊച്ചു നിരാശകളും ദുഃഖങ്ങളും ദൈവം കാണുന്നുണ്ട്. അവയില്‍ അനേക ദുഃഖങ്ങള്‍ ദൈവം സമയാസമയം പരിഹരിച്ച് തന്നിട്ടുണ്ട്. ഇപ്പോഴും പരിഹരിച്ചുതന്നുകൊണ്ടിരിക്കുന്നു.
എന്റെ കുട്ടി പത്താംക്ലാസ് പാസാകുന്നതുവരെയെങ്കിലും എനിക്ക് ആയുസ് കിട്ടിയാല്‍ മതിയായിരുന്നുവെന്ന് ഒരപ്പന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. ആ മകള്‍ ഇപ്പോള്‍ എംഎസ്‌സിക്ക് പഠിച്ചുകൊണ്ടിരിക്കുന്നു. ആ അപ്പന്‍ ഇന്നും ജീവിച്ചിരിക്കുന്നു. ഇങ്ങനെ നമ്മള്‍ ഓരോരുത്തര്‍ക്കും എത്രയെത്ര അനുഭവങ്ങള്‍. നമ്മള്‍ ഉള്ളിലൊതുക്കുന്ന, ആരോടും പറയാത്ത, നിരാശയിലും സങ്കടത്തിലും നഷ്ടബോധത്തിലുമെല്ലാം ഇടപെട്ട് അത്ഭുതങ്ങള്‍ ചെയ്യുന്നവനാണ് നമ്മുടെ ദൈവം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?