Follow Us On

04

November

2024

Monday

ഉയരുമോ മൂന്നാം ജെറുസലേം ദൈവാലയം

ഉയരുമോ മൂന്നാം  ജെറുസലേം ദൈവാലയം

ഡോ. ജോസ് ജോണ്‍ മല്ലികശ്ശേരി

ഇസ്രായേല്‍ സുരക്ഷാ മന്ത്രി ഇറ്റാമെര്‍ ബെന്‍ഗ്വിര്‍, യഹൂദരെ സംബന്ധിച്ച് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന് നൊമ്പരപ്പെടുത്തുന്ന തീവ്ര വികാരമായ, ജെറുസലേം ദൈവാലയം പുനര്‍നിര്‍മിക്കും എന്ന് പ്രഖ്യാപിച്ചത് സമ്മിശ്ര വികാരങ്ങളോടെയാണ് ലോകം ശ്രവിച്ചത്. ഇസ്ലാമിക ലോകം തികഞ്ഞ പ്രതിഷേധത്തോടും യഹൂദ ലോകം തികഞ്ഞ ആകാംക്ഷയോടും ഈ പ്രസ്താവനയെ എതിരേറ്റപ്പോള്‍ ശിഷ്ട ലോകത്തിന് ഇത് ഭയം കലര്‍ന്ന ഉത്ക്കണ്ഠയാണ് സമ്മാനിച്ചത്. യഹൂദരുടെ പരമപ്രധാനമായ ഏക ദൈവാലയമായ ജെറുസലേം ദൈവാലയം നിലനിന്നിരുന്ന സ്ഥലത്ത് ഇന്ന് സ്ഥാനം പിടിച്ചിരിക്കുന്നത് ഇസ്ലാം പ്രാധാന്യം നല്കുന്ന അല്‍അസ്‌ക മോസ്‌ക് ആണ് എന്നതാണ് ഭയാശങ്കകളുടെ അടിസ്ഥാനം. മുസ്ലീങ്ങളെ സംബന്ധിച്ച്, മെക്കയും മദീനയും കഴിഞ്ഞാല്‍ മൂന്നാമത്തെ പ്രധാന മോസ്‌ക് അല്‍അസ്‌ക എന്നാണ് അവര്‍ കരുതുന്നത്. അല്‍അക്‌സ നിലനില്‍ക്കുന്ന സ്ഥലത്തു നിന്ന് മുഹമ്മദ് നബി സ്വര്‍ഗത്തിലേക്ക് കയറിപ്പോയി എന്നാണ് ഇസ്ലാമിക വിശ്വാസം.

യഹൂദരുടെ ജെറുസലേം ദൈവാലയത്തിന് മൂവായിരം വര്‍ഷത്തോളം പുറകോട്ട് നീളുന്ന ചരിത്രമുണ്ട്. യഹോവയുടെ അരുളപ്പാട് അനുസരിച്ച് ദാവീദ് രാജാവ് ജെബൂസ്യനായ അരവ്‌നായുടെ മെതിക്കളം വിലകൊടുത്തു വാങ്ങിയ സ്ഥലത്താണ് ഒന്നാം ജെറുസലേം ദൈവാലയം പണികഴിപ്പിച്ചത്. ദാവീദ് രാജാവ് തുടങ്ങി വച്ച നിര്‍മാണം അദ്ദേഹത്തിന്റെ പുത്രനായ സോളമന്‍ രാജാവ് 957 ബി സി യില്‍ പൂര്‍ത്തിയാക്കി. യഹോവയാല്‍ ആലേഖനം ചെയ്യപ്പെട്ട പ്രമാണങ്ങള്‍ ഉള്‍ക്കൊള്ളുന്ന വാഗ്ദാന പേടകം സ്ഥാപിച്ചിരിക്കുന്ന സ്ഥലമായതിനാല്‍ ഈ ദൈവാലയം തീര്‍ത്തും ഏകമാണ്. സീനായ് മലയില്‍ വച്ച് മോശക്ക് യഹോവ പ്രമാണങ്ങള്‍ നല്‍കിയതിനെ അനുസ്മരിക്കുന്ന ഷാവൂത്ത്, ഈജിപ്തില്‍ നിന്ന് കാനാന്‍ ദേശത്തേക്കുള്ള 40 വര്‍ഷം നീണ്ട യാത്രയെ അനുസ്മരിക്കുന്ന കൂടാരതിരുനാള്‍, സര്‍വോപരി പെസഹാ തിരുനാള്‍ എന്നീ മൂന്ന് അവസരങ്ങളില്‍ ഒരു യഹൂദന്‍ ലോകത്തെവിടെ ആയാലും ജറുസലേം ദൈവാലയത്തില്‍ എത്തിച്ചേരണം എന്നതായിരുന്നു നിയമം. 587 ബി സി യില്‍, ബാബിലോണിയന്‍ രാജാവായിരുന്ന നെബുക്കദ്‌നേസര്‍ ജറുസലേം കീഴടക്കി, ഇസ്രായേല്യരുടെ ഹൃദയങ്ങളെ നിരാശാഭരിതമാക്കിക്കൊണ്ട് ദൈവാലയം പൂര്‍ണമായി നശിപ്പിച്ചുകളഞ്ഞു.

പേര്‍ഷ്യയില്‍ ഉയര്‍ന്നുവന്ന സൈറസിന്റെ സാമ്രാജ്യം ബാബിലോണിയയെ കീഴ്‌പ്പെടുത്തുകയും, ബാബിലോണിയന്‍ അടിമത്തത്തില്‍ കഴിഞ്ഞിരുന്ന ഇസ്രായേല്യരെ മോചിപ്പിച്ച് 538 ബി സി യില്‍ സ്വദേശത്തേക്ക് പോവാന്‍ അനുവദിക്കുകയും ചെയ്തു. സൈറസ് രാജാവ് യൂദയായുടെ ഗവര്‍ണര്‍ ആയി നിയമിച്ച യഹൂദനായ സെറുബാബെലിന്റെ മേല്‍നോട്ടത്തില്‍, കുറഞ്ഞ പ്രൗഡിയിലാണെങ്കിലും ജറുസലേം ദൈവാലയം പുനര്‍നിര്‍മിച്ചു. 515 ബി സി യില്‍ പൂര്‍ത്തിയായ ഈ ദൈവാലയ നിര്‍മാണത്തിന്റെ കാലഘട്ടത്തിലുടനീളം, പ്രവാസത്താല്‍ തളര്‍ന്നുപോയ യഹൂദ വീര്യത്തെ ഊതി ഉണര്‍ത്തി ആളിക്കത്തിച്ച്, ഹഗ്ഗായി, സഖറിയ എന്നീ പ്രവാചകന്മാര്‍ കളംനിറഞ്ഞുനിന്നു. രണ്ടാം ജറുസലേം ദൈവാലയം എന്നറിയപ്പെട്ട ഈ ദൈവാലയമാണ് അഞ്ഞൂറോളം വര്‍ഷങ്ങള്‍ക്ക് ശേഷം ഹെറോദ് രാജാവ് വലിയ പ്രൗഢ ഗംഭീര സൗധമായി വികസിപ്പിച്ചെടുത്തത്. ഈ ദൈവാലയത്തിന്റെ കിഴക്കു ഭാഗത്തെ കവാടത്തിലൂടെ, ഹോസാന ആര്‍പ്പുവിളികള്‍ക്കിടയിലൂടെ കഴുതപ്പുറത്തേറി രാജകീയ പ്രവേശനം നടത്തിക്കൊണ്ടാണ് യേശു തന്നെപ്പറ്റിയുള്ള മിശിഹാ പ്രവചനങ്ങളിലെ ഒരു പ്രധാന അടയാളം പൂര്‍ത്തീകരിക്കുന്നത്. യേശു തന്നെ പ്രവചിച്ചിരുന്നതുപോലെ, 72 എ ഡി യില്‍ ഈ രണ്ടാം ദൈവാലയവും റോമക്കാരാല്‍ പരിപൂര്‍ണമായി നശിപ്പിക്കപ്പെട്ടു.

റോമന്‍ മേല്‍ക്കോയ്മയോട് നിരന്തരം കലഹിച്ച യഹൂദരെ അവര്‍ വേരോടെ തകര്‍ത്ത് ചിതറിച്ചുകളഞ്ഞു. റോമാ സാമ്രാജ്യത്തിന്റെ കീഴിലായതിനിടയില്‍, ഇസ്രായേല്യരുടെ കാനാന്‍ ദേശം അടങ്ങുന്ന പ്രദേശത്തെ പലസ്തീന എന്ന് പുനര്‍ നാമകരണം ചെയ്തിരുന്നു. പീഡനം സഹിക്കാനാവാതെ യഹൂദര്‍ കാനാന്‍ ദേശം വിട്ട് ലോകത്തിന്റെ വിവിധ കോണുകളിലേക്ക് അനന്ത കാലത്തേക്ക് പലായനം ചെയ്തു. ചെന്നിടത്തൊക്കെ തങ്ങളുടെ പാരമ്പര്യവും വിശ്വാസവും മുറുകെപിടിച്ച അവര്‍ തലമുറകളെ അണുവിടതെറ്റാതെ യഹൂദ ചട്ടക്കൂടില്‍ വളര്‍ത്തിയെടുത്തു. ദൈവം തങ്ങള്‍ക്കായി നല്‍കിയ നാടും, ദൈവം വസിക്കുന്ന ജറുസലേം ദൈവാലയവും പ്രവാസത്തിലായിരുന്നിട്ടും ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷവും ഒട്ടും ചാരം മൂടിപ്പോവാതെ ജൂത തലമുറകളുടെ ഹൃദയത്തില്‍ ജ്വലിച്ചുയര്‍ന്ന് നിന്നു.

കിഴക്കന്‍ റോമാ സാമ്രാജ്യമായിരുന്ന ബൈസെന്റയ്ന്‍ ഭരണത്തില്‍ നിന്ന് ഖലീഫ ഉമ്മര്‍, ജറുസലേം ഉള്‍പ്പെടെയുള്ള പലസ്തിന പ്രദേശം 636 എ ഡി യില്‍ പിടിച്ചെടുത്തു. ഇസ്ലാമിക ഭരണത്തിന് കീഴിലായ ജറുസലേമില്‍ തകര്‍ക്കപ്പെട്ട ജറുസലേം ദൈവാലയത്തിന്റെ സ്ഥാനത്ത് എ ഡി 685 നും 715 നും ഇടയില്‍ അല്‍ അഖ്‌സ മോസ്‌ക് ആദ്യമായി പണിയപ്പെട്ടു എന്ന് കരുതുന്നു. രണ്ടു തവണ ഭൂകമ്പത്താല്‍ തകര്‍ക്കപ്പെടുകയും നൂറ്റാണ്ടുകളിലൂടെ പല ഇസ്ലാമിക ഭരണാധികാരികളും രൂപമാറ്റം വരുത്തുകയും ചെയ്ത മോസ്‌ക് ഇന്ന് കാണുന്ന രൂപത്തില്‍ ഇപ്പോഴും അവിടെ നിലനില്‍ക്കുന്നു.
ഒന്നാം ലോകമഹായുദ്ധത്തോടെ തകര്‍ന്നടിഞ്ഞ ഇസ്ലാമിക ഓട്ടോമാന്‍ സാമ്രാജ്യത്തിന്റെ അധീനതയില്‍ നിന്ന് ബ്രിട്ടന്‍ പലസ്തീന പ്രദേശത്തെ അവരുടെ നിയന്ത്രണത്തിലാക്കി. ഇതിനെത്തുടന്ന് അനവധി ജൂത കുടുംബങ്ങള്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നും അവിടേക്ക് ഗൃഹാതുരത്വത്തോടെ ഓടി എത്തുകയും അപ്പോഴത്തെ കൈവശക്കാരില്‍ നിന്ന് ഭൂമി പൊന്നുംവില കൊടുത്തു വാങ്ങിയെടുക്കുകയും ചെയ്തു. ഈ തിരിച്ചുവരവിനെ കൃത്യതയോടെ നിയന്ത്രിച്ച സയണിസ്‌ററ് പ്രസ്ഥാനം ആവശ്യമായ രൂപങ്ങളുള്ള ജൂത സെറ്റില്‍മെന്റുകള്‍ സംവിധാനം ചെയ്‌തെടുത്തു. രണ്ടാം ലോകമഹാ യുദ്ധത്തിന് ശേഷം 1948 ല്‍ യു എന്‍ ജനറല്‍ അസംബ്ലിയുടെ നിര്‍ദേശപ്രകാരം പലസ്തീന പ്രദേശം വിഭജിച്ച് സ്വതന്ത്ര ഇസ്രായേല്‍ രാജ്യം നിലവില്‍ വന്നു.

1948 ലെ വിഭജന പ്രകാരം പടിഞ്ഞാറന്‍ ജറുസലേം മാത്രമായിരുന്നു ഇസ്രായേല്‍ രാജ്യത്തിന്റെ ഭാഗമായി ലഭിച്ചതെങ്കിലും 1967 ലെ യുദ്ധത്തോടെ ദൈവാലയസ്ഥാനം ഉള്‍പ്പെടുന്ന കിഴക്കന്‍ ജറുസലേമും അവരുടെ വരുതിയിലാക്കി. ഇതിനു ശേഷവും ‘ടെംപിള്‍ മൗണ്ട്’ എന്നറിയപ്പെടുന്ന, ജറുസലേം ദൈവാലയം നിലനിന്നിരുന്നതും ഇപ്പോള്‍ അല്‍അഖ്‌സ മോസ്‌ക് നിലനില്‍ക്കുന്നതുമായ, 39 ഏക്കറോളം വരുന്ന കോമ്പൗണ്ടിന്റെ നിയന്ത്രണം ഉഭയ സമ്മദപ്രകാരം ജോര്‍ദാന്‍ രാജകുടുംബത്തിന് നിലനിര്‍ത്തികൊടുത്തു. പിന്നീട്, ഇസ്രായേല്‍ ക്രമാനുഗതമായി ഈ കോമ്പൗണ്ടിനുമേല്‍ കൂടുതല്‍ കൂടുതല്‍ സ്വാധീനം ഉറപ്പിക്കുകയും ഇതിനെച്ചൊല്ലി പലപ്പോഴും യുദ്ധസമാനമായ കലഹങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ഇപ്പോള്‍ അല്‍അഖ്‌സ മോസ്‌കിനകത്തടക്കം ഇസ്രായേലി പോലീസിന്റെ ശക്തമായ സാന്നിധ്യമുണ്ട്.

അതിനിടയിലാണ്, മൂന്നാം ജെറുസലേം ദൈവാലയം വേണമെന്ന് വാദിക്കുന്ന തീവ്ര വലതുപക്ഷത്തിന് നിര്‍ണായക സ്വാധീനമുള്ള ഇപ്പോഴത്തെ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതും ബെന്‍ഗ്വിര്‍ന്റെ പ്രസ്താവന ലോകം ശ്രവിച്ചതും. അല്‍അഖ്‌സ കോമ്പൗണ്ടില്‍ യഹൂദ ദൈവാലയം പണിയും എന്നാണ് അദ്ദേഹം പറഞ്ഞത്. ദൈവാലയം പണിയേണ്ടത് കോമ്പൗണ്ടിന്റെ ഒരുഭാഗത്താണോ അതോ മോസ്‌ക് നീക്കം ചെയ്തിട്ടാണോ എന്നൊന്നും ബെന്‍ഗ്വിര്‍ വ്യക്തമാക്കിയില്ല. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ഈ പ്രസ്താവനയെ തള്ളിക്കളഞ്ഞു എങ്കിലും ലോകം അതത്രക്ക് സ്വീകരിച്ചിട്ടില്ല.
പഴയ നിയമത്തിലെ സംഖ്യ 19:2 ല്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ളതുപോലെ, വളരെ അപൂര്‍വമായി മാത്രം കണ്ടെത്താനാവുന്ന ചുവന്ന പശുക്കിടാവിനെ ബലികഴിക്കുവാനായി കാലിഫോര്‍ണിയയില്‍ നിന്ന് ജറൂസലമില്‍ എത്തിച്ചു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.

ഈ മൃഗങ്ങളെ ബലിചെയ്ത് ലഭിക്കുന്ന ചാരം തളിക്കാനുള്ള ഹിസോപ്പ് ചെടികളും, കര്‍ശനമായ ആചാര നിഷ്ഠയോടെ പരിശീലിപ്പിച്ച് വളര്‍ത്തിയെടുത്ത പുരോഹിത സമൂഹവും, അവര്‍ക്ക് ധരിക്കാനുള്ള തോറയിലെ വിവരണമനുസരിച്ചുള്ള ചണ നൂലുകൊണ്ടുള്ള വസ്ത്രങ്ങളും ഒക്കെ ‘ടെംപിള്‍ മൂവ്‌മെന്റ്’ എന്ന തീവ്ര ചിന്താഗതിയുള്ള സംഘടന തയ്യാറാക്കി വച്ചിരിക്കുന്നു എന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. അങ്ങിനെ ചാരം തളിച്ച് ശുദ്ധീകരിച്ച ഭൂമിയിലാണ് ദൈവാലയ നിര്‍മാണം തുടങ്ങേണ്ടത് എന്നതുകൊണ്ടാണ് ഈ തയ്യാറെടുപ്പുകള്‍ എന്നാണ് ഈ സംഘടന വ്യക്തമാക്കുന്നത്. എത്രയും പെട്ടെന്ന് തങ്ങളുടെ ലക്ഷ്യത്തിലേക്ക് നീങ്ങേണ്ടതുണ്ടെന്നും, യഹൂദ പ്രതീക്ഷയിലെ മിശിഹാ (യേശുവില്‍ അവര്‍ വിശ്വസിക്കാത്തതിനാല്‍) ദൈവാലയത്തിന്റെ കിഴക്കേ പ്രവേശന കവാടത്തിലൂടെ എത്തേണ്ട സമയമായെന്നും സംഘടനാ അംഗങ്ങള്‍ വിശ്വസിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?