Follow Us On

21

January

2025

Tuesday

ക്രൈസ്തവരുടെ ശ്രദ്ധക്ക് !

ക്രൈസ്തവരുടെ ശ്രദ്ധക്ക് !

മാത്യു സൈമണ്‍

വിശ്വാസികള്‍ക്ക് സഭയോടും സമുദായത്തോടും ഉണ്ടായിരിക്കേണ്ട സ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് സീറോ മലബാര്‍ സഭയുടെ ഔദ്യോഗിക വക്താക്കളില്‍ ഒരാളായ ഡോ. ചാക്കോ കാളംപറമ്പിലിന്റെ പ്രവര്‍ത്തനങ്ങള്‍. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ അസോസിയേറ്റ് പ്രഫസറായി വിരമിച്ച അദ്ദേഹം ഇപ്പോള്‍ തിരുവമ്പാടി അല്‍ഫോന്‍സ കോളേജിന്റെ പ്രിന്‍സിപ്പലാണ്. അധ്യാപനത്തോടൊപ്പം സഭ, സാമുദായിക, സാമൂഹിക, ആത്മീയ, വിദ്യാഭ്യാസ മേഖലകളിലേക്ക് അനേകം സംഭാവനകള്‍ അദ്ദേഹം നല്‍കികൊണ്ടിരിക്കുന്നു. കെസിബിസിയുടെ പാസ്റ്ററല്‍ കൗണ്‍സിലായ കേരള കാത്തലിക് കൗണ്‍സില്‍ ജോയിന്റ്‌സെക്രട്ടറി, താമരശേരി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി, രൂപത പിആര്‍ഒ, കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ് തുടങ്ങി വിവിധ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്. സണ്‍ഡേ സ്‌കൂള്‍ അധ്യാപകനായിരുന്ന അദ്ദേഹം ധ്യാനകേന്ദ്രങ്ങളില്‍ ക്ലാസുകളും നയിക്കുന്നുണ്ട്. കേരള കത്തോലിക്കാ സഭയും സമുദായവും പല പ്രതിസന്ധികളിലൂടെ കടന്നപോകുന്ന ഈ കാലത്ത് സഭാ പിതാക്കന്‍മാരോടൊപ്പം ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കുന്ന ഡോ. ചാക്കോ കാളംപമ്പില്‍ തന്റെ അനുഭവങ്ങളും കാഴ്ചപ്പാടുകളും സണ്‍ഡേ ശാലോമിനോട് പങ്കുവയ്ക്കുന്നു.

? ജെബി കോശി കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവിടാത്തതിനെ എങ്ങനെ മനസിലാക്കണം? റിപ്പോര്‍ട്ടിന്റെ പ്രസക്തിയും ആവശ്യകതയും

ഇവിടുത്തെ പ്രബല ന്യൂനപക്ഷമായ മുസ്ലീംവിഭാഗത്തിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കമ്മറ്റികളെ നിയമിക്കുകയും 2009- 10 കാലഘട്ടത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ആറു മാസം കൊണ്ട് അതിന്റെ ശുപാര്‍ശകള്‍ കേരളത്തില്‍ നടപ്പിലാക്കുകയും ചെയ്തു. എന്നാല്‍ ഇവിടുത്തെ മൈക്രോ മൈനോരിറ്റിയായ ക്രിസ്ത്യാനികള്‍ക്കുവേണ്ടി ഒരു പഠനകമ്മീഷന്‍പോലും എറെ വൈകിയാണ് നിയമിക്കപ്പെട്ടത്.
ക്രിസ്ത്യന്‍ സമുദായത്തിന്റെ സാമൂഹ്യസാമ്പത്തിക വിദ്യാഭ്യാസ മേഖലകളിലെ പ്രതിസന്ധികള്‍ പഠിക്കാന്‍ നാം നിരവധി തവണ ആവശ്യപ്പെട്ടിട്ടാണ് 2020-ല്‍ ജെ.ബി കോശി കമ്മീഷനെ നിയമിച്ചത്. എന്നാല്‍ ഈ കമ്മീഷന്‍ രണ്ടുവര്‍ഷം മുമ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല. ഇവിടുത്തെ ക്രൈസ്തവര്‍ ഒരു വോട്ടുബാങ്ക് അല്ല എന്നതിനാല്‍ തഴയപ്പെടുന്നതിന്റെ ഒരു ഉദാഹരണമാണ് പ്രസ്തുത കമ്മീഷന്‍ റിപ്പോര്‍ട്ട് വെളിച്ചം കാണാത്തതും അതിന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കാത്തതും. അതിനെതിരെ സമുദായം ഒന്നടങ്കം നിലകൊള്ളണം. ആ റിപ്പോര്‍ട്ട് പുറത്തുവിടാനും അതിലെ ശുപാര്‍ശകള്‍ ക്രൈസ്തവ സമുദായത്തോട്, അല്ലെങ്കില്‍ സഭാനേതൃത്വത്തോട് ആലോചിച്ച് നടപ്പിലാക്കാനുമുളള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കണം. വളരെ ഗൗരവമായി എടുക്കേണ്ട ഒരു വിഷയമാണിത്. കാരണം അത്രമാത്രം പിന്നാക്കാവസ്ഥയിലാണിന്ന് ക്രൈസ്തവ സമൂഹത്തിലെ ഭൂരിപക്ഷവും.

? പശ്ചിമഘട്ട ജന സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍, കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ഗവേഷകന്‍ എന്നീ നിലകളില്‍ അങ്ങ് പ്രവര്‍ത്തിക്കുന്നുണ്ടല്ലോ. ഉരുള്‍പൊട്ടല്‍ പോലുള്ള പ്രകൃതിക്ഷോഭങ്ങള്‍ക്ക് കര്‍ഷകരെ പ്രതിക്കൂട്ടിലാക്കുന്നതിനോട് എങ്ങനെ പ്രതികരിക്കുന്നു

യഥാര്‍ത്ഥ പരിസ്ഥിതി സംരക്ഷകര്‍ കര്‍ഷകരാണ്. വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലും വിലങ്ങാടുമുണ്ടായ ഉരുള്‍പൊട്ടലുകളുടെ പ്രഭവകേന്ദ്രം വനത്തിനുള്ളിലാണ്. അവിടെനിന്ന് മരങ്ങളും കല്ലും മണ്ണും മലവെള്ളവുമെല്ലാം ജനവാസകേന്ദ്രങ്ങളിലേക്ക് ഒഴുകി എത്തി ദുരന്തം വിതക്കുകയായിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ലോകമെമ്പാടും നടക്കുന്ന പ്രതിഭാസമാണ് ഇത്തരം അതിതീവ്ര മഴ. ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാനപ്പെട്ട കാരണമായ ആഗോളതാപനമാണ് ഇത്തരം ദുരന്തങ്ങള്‍ക്ക് കാരണമാകുന്നത്. ആഗോള താപനം വര്‍ധിച്ച് അതിതീവ്രമഴയും മേഘസ്‌ഫോടനവും പശ്ചിമഘട്ടത്തിന്റെ നെറുകയില്‍ വനാന്തര ഭാഗത്ത് സംഭവിച്ച് ഉരുള്‍പൊട്ടലുണ്ടാകുന്നു. ഇതിനു കാരണം കര്‍ഷകരാണെന്ന് സ്ഥാപിച്ചുകൊണ്ട്, ഒന്നുംപറയാതെ അവരെ അവിടെനിന്ന് കുടിയിറക്കാനുള്ള ശ്രമം നടക്കുന്നതുപോലെയാണ് തോന്നിയിട്ടുള്ളത്. ശാസ്ത്രീയമായി പഠിച്ചവര്‍പോലും കര്‍ഷകരെ കുറ്റംപറയുന്നതിന് കാരണം പ്രകൃതിസ്‌നേഹമല്ല. മറിച്ച,് ടൂറിസം റിസോര്‍ട് മാഫികളുടെ സ്വാധീനവും അതിനായി കാര്‍ഷിക ഭൂമി കൈവശപ്പെടുത്താനുള്ള വ്യഗ്രതയും കര്‍ഷകവിരോധവുമാണ്.

? ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം തികഞ്ഞ അനീതിയായിട്ടും സംസ്ഥാന ഗവണ്‍മെന്റ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണല്ലോ. ഈ വിഷയത്തെ എങ്ങനെയാണ് നോക്കികാണുന്നത്

80:20 അനുപാത വിഷയത്തില്‍ നീതി നടപ്പാക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കേരളസര്‍ക്കാര്‍ തന്നെ നീതിനിഷേധിക്കപ്പെട്ടവര്‍ക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കിയിരിക്കുന്നു എന്നത് വൈരുദ്ധ്യാത്മകമാണ്. മാത്രമല്ല, മറ്റ് സമൂഹത്തെ വോട്ട് ബാങ്കായികണ്ട് പ്രീണിപ്പിക്കാന്‍ ശ്രമിക്കുന്ന ഭരണകര്‍ത്താക്കള്‍ ക്രൈസ്തവ സമൂഹത്തെ തീര്‍ത്തും അവഗണിക്കുന്നത് നീതീകരിക്കാനാകില്ല. നീതിനിഷേധിക്കപ്പെട്ട ക്രൈസ്തവ സമുദായത്തിനെതിരെ, ഭരിക്കുന്ന സര്‍ക്കാര്‍തന്നെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കിയത് വഞ്ചനാത്മകമല്ലേ?

? ക്രൈസ്തവ സമൂഹത്തിന്റ പിന്നാക്കാവസ്ഥയെപ്പറ്റി വിശദമാക്കാമോ

കേരളത്തിലെ മഹാഭൂരിപക്ഷം ക്രൈസ്തവരും കര്‍ഷകരായതുകൊണ്ട് തന്നെ അവരുടെ വരുമാനം നാമമാത്രമാണ്. തൃശൂരിലെ പാറോക്ക് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ശേഖരിച്ച ഡാറ്റ പ്രകാരമുള്ള പഠനങ്ങള്‍ വ്യക്തമാക്കുന്നത്, ക്രൈിസ്തവ സമൂഹത്തിലെ 60- 70 ശതമാനത്തോളം ആളുകള്‍ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരോ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരോ(ഇഡബ്ല്യുഎസ്) ആണെന്നതാണ്. 60ശതമാനം ക്രൈസ്തവ കുടുംബങ്ങളുടെയും ശാരാശരി വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയാണ്. 32ശതമാനം കുടുംബങ്ങള്‍ക്കും അമ്പതിനായിരത്തില്‍ താഴെയും 12ശതമാനത്തിന് പതിനായിരത്തില്‍ താഴെയുമാണ് വാര്‍ഷിക വരുമാനം. എന്നാല്‍ സമൂഹത്തില്‍ മാന്യമായി ജീവിക്കാന്‍വേണ്ടി ബ്ലെയ്ഡുകമ്പനികളെ ആശ്രയിച്ചും ബാങ്കുകളില്‍നിന്നും ലോണെടുത്തും കൃഷി ചെയ്യുകയും ഭൂമി വാങ്ങുകയും വീടുവയ്ക്കുകയും വാഹനം വാങ്ങുകയും വീട്ടുപകരണങ്ങള്‍ വാങ്ങുകയും ചെയ്യുന്നു. എന്നാല്‍ ഈ വീടും വീട്ടിലുള്ള ഉപകരണങ്ങളും ബാങ്കിന്റേതാണ്. അങ്ങനെ ഒരു അദൃശ്യ ദാരിദ്ര്യം പേറുന്ന സമൂഹമായി മാറിക്കഴിഞ്ഞു കേരളത്തിലെ നല്ലൊരു ശതമാനം ക്രൈസ്തവര്‍.

? ഇഡബ്ല്യുഎസ് സംവരണത്തിന്റെ ഗുണങ്ങള്‍ നാം തിരിച്ചറിഞ്ഞിട്ടുണ്ടോ

ഇഡബ്ല്യുഎസ് സംവരണം നമുക്ക് കിട്ടിയ ഒരു അനുഗ്രഹമാണ്. സീറോ മലബാര്‍ വിഭാഗത്തിന് ഇതുവരെ യാതൊരു മേഖലയിലും സംവരണം ലഭ്യമായിരുന്നില്ല. സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കുവേണ്ടിയുള്ള സംവരണമാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഇഡബ്ല്യുഎസ്. ഭാരതത്തില്‍ ഇത് തുടങ്ങിയിട്ട് നാല് വര്‍ഷമേ അയിട്ടുള്ളൂ. അതുകൊണ്ടുതന്നെ നാമിത് ശരിയായ രീതിയില്‍ ഉപയോഗപെടുത്താന്‍ തുടങ്ങിയിട്ടില്ല. ഈ സംവരണം ശരിയാംവിധം നടപ്പിലാക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്താല്‍ത്തന്നെ സീറോ മലബാര്‍ സഭയിലെ ഭൂരിഭാഗം ആളുകള്‍ക്കും ഇതൊരു അനുഗ്രഹമാകും. കേന്ദ്രസംസ്ഥാന സര്‍വീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും10ശതമാനം റിസര്‍വേഷന്‍ ഇതുവഴി സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ലഭിക്കുന്നു. എന്നാല്‍ കേരളത്തിലെ പ്രത്യേക സാഹചര്യത്തിനനുസരിച്ച് അതിന്റെ വ്യവസ്ഥകളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരുകള്‍ തയ്യാറാവണം. എങ്കില്‍ മാത്രമേ അര്‍ഹതപ്പെട്ടവര്‍ക്ക് പ്രയോജനപ്പെടുകയുള്ളൂ. സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി നാമത് നേടിയെടുക്കണം.

? കെസിബിസിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കേരളത്തിലുടനീളമുള്ള 61 കര്‍ഷക സംഘടനകളുടെ ഏകോപന സമിതിയായ കേരള കര്‍ഷക അതിജീവന സംയുക്ത സമിതിയുടെ ജനറല്‍ കണ്‍വീനറായ അങ്ങ് കര്‍ഷകരുടെ ദുരിതത്തെപറ്റി പങ്കുവയ്ക്കാമോ

വിവിധ വിഷയങ്ങളില്‍ കര്‍ഷകര്‍ വളരെ വിഷമതകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. ആസിയാന്‍ കരാര്‍, ഗാട്ട് കരാര്‍, ട്രേഡുമായി ബന്ധപ്പെട്ട എഗ്രിമെന്റുകള്‍ ഇതെല്ലാം വന്നു കഴിഞ്ഞപ്പോള്‍ അതിന്റെ ഭാഗമായി ഇവിടുത്തെ ശാസ്ത്രീയമായ കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിലും ഉത്പന്നങ്ങള്‍ക്ക് വില ലഭ്യമാക്കുന്നതിലും മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളാക്കി രൂപപ്പെടുത്തുന്നതിലും സര്‍ക്കാരുകള്‍ സമയാസമയങ്ങളില്‍ പരാജയപ്പെട്ടു. കര്‍ഷകര്‍ക്ക് നിലനില്‍പ്പിനാവശ്യമായ ലോണുകളും സഹായധനങ്ങളും വെള്ളവും വളവും സബ്‌സിഡിയും കൊടുക്കാത്തതുകൊണ്ടും വന്യമൃഗങ്ങളുടെ ആക്രമണം, പ്രകൃതിദുരന്തങ്ങള്‍ എന്നിവമൂലവും കൃഷികള്‍ നശിക്കുന്നതുകൊണ്ടും വര്‍ധിച്ച ഉത്പാദനച്ചെലവും വിലയിടിവും മൂലവും കര്‍ഷകര്‍ ഇന്ന് വലിയ കടക്കെണിയിലാണ്. അത് എല്ലാ വിഭാഗം ആളുകളിലും ഉണ്ട്. ഇഎസ്എ, ബഫര്‍ സോണ്‍, ഇഎഫ്എല്‍ തുടങ്ങി കര്‍ഷകര്‍ നേരിടുന്ന നിരവധിയായ വന പരിസ്ഥിതി നിയമങ്ങളുടെ തെറ്റായ പ്രയോഗങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഭാനേതൃത്വം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സര്‍ക്കാരുകളുടെ അനാസ്ഥ വലിയ പ്രശ്‌നമാണ്. ഉദാഹരണത്തിന് രണ്ടുവര്‍ഷംമുമ്പ് ഇഎസ്എ കരട് വിജ്ഞാപനം വന്നപ്പോള്‍ കെസിബിസിയുടെ നേതൃത്വത്തില്‍ അഞ്ച് പിതാക്കന്‍മാരുടെ നേതൃത്വത്തില്‍ ഞങ്ങള്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയെ കണ്ട് വിജ്ഞാപനത്തിലെ തെറ്റുകള്‍ ബോധിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ തിരുത്തലുകള്‍ വരുത്തി സബ്മിറ്റ് ചെയ്താല്‍ അതിനനുസൃതമായി കേന്ദ്രത്തില്‍ അന്തിമവിജ്ഞാപനം പുറപ്പെടുവിക്കാമെന്നദ്ദേഹം ഉറപ്പു നല്‍കി. മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങളുടെ ഗൗരവം അറിയിച്ചപ്പോള്‍ ‘എല്ലാം ശരിയാക്കാം’ എന്ന പതിവ് മറുപടിയല്ലാതെ രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഒന്നും ചെയ്തിട്ടില്ല. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം വീഴ്ചകളാണ് ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നത്.

? കപട പരിസ്ഥിതിവാദികള്‍ സ്വാര്‍ത്ഥലാഭങ്ങള്‍ക്കുവേണ്ടി പരിസ്ഥിതിയെ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് പറയുന്നത് ശരിയാണോ

ലോക പൈതൃക പദവി പ്രഖ്യാപനങ്ങളൊക്കെ നടത്തിക്കഴിഞ്ഞാല്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ചുവടുപിടിച്ച് യുനെസ്‌കോയുടെ അടക്കം ഫണ്ടുകള്‍ കിട്ടും. ഈ ഫണ്ടുകള്‍ പലപ്പോഴും ഗവണ്‍മെന്റിലേക്ക് വരുന്നുണ്ട്. പല എന്‍ജിഒ
കളും ഇതു വാങ്ങിച്ചെടുക്കുന്നുണ്ട്. കര്‍ഷകരെ സംരക്ഷിക്കാനും പ്രകൃതിയ സംരക്ഷിക്കാനും രാജ്യത്തിന്റെ വികസനത്തെ പരിപോഷിപ്പിക്കാനും ചെയ്യേണ്ട കാര്യങ്ങള്‍ക്കുപകരം ഈ പണം ദുരുപയോഗപ്പെടുത്തിക്കൊണ്ട് ഗവേഷണത്തിന്റെ മറവില്‍ കര്‍ഷകവിരുദ്ധമായിട്ടുള്ളതും രാജ്യത്തിന്റെ വികസനത്തെ തടയുന്ന വിധത്തിലുമുള്ള പ്രവര്‍ത്തനങ്ങള്‍ എന്‍ജിഒകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. അത് തുറന്നുകാണിക്കേണ്ടതും അന്വേഷണവിധേയമാക്കേണ്ടതുമാണ്.

? അസോസിയേഷന്‍ ഓഫ് കേരള കാത്തലിക് ആര്‍ട്‌സ് & സയന്‍സ് സ്വാശ്രയ കോളജുകളുടെ സംസ്ഥാന വൈസ് പ്രസിഡന്റും പിആര്‍ഒയും ആണല്ലോ. കത്തോലിക്കാ സ്ഥാപനങ്ങളിലെ പഠനം ക്രിസ്തീയ വിശ്വാസവും സഭാസ്‌നേഹവും വളര്‍ത്താന്‍ പര്യാപ്തമാണോ

നമ്മുടെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ പിന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ സംസ്‌കാരം, പാരമ്പര്യം, ആചാരാനുഷ്ഠാനങ്ങള്‍ ഇതൊക്കെ നിലനിര്‍ത്താന്‍ ഭരണഘടന അവകാശം നല്‍കിയിട്ടുണ്ട്. ഇത് ആരുടെയും ഔദാര്യമല്ല. ഇതുപ്രകാരം നമുക്ക് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങി നടത്തിക്കൊണ്ടുപോകാനുള്ള അവകാശമുണ്ട്. ആ സ്ഥാപനങ്ങളില്‍ നമ്മുടെ ചരിത്രവും പാരമ്പര്യവും ആചാരാനുഷ്ഠാനങ്ങളും പരിശീലിപ്പിക്കാനും വിശ്വാസരൂപീകരണത്തിന് ആവശ്യമായ കാര്യങ്ങള്‍ ചെയ്യാനും അവകാശമുണ്ട്. അതിനെ തടസപ്പെടുത്താന്‍ ആര്‍ക്കും അധികാരമില്ല. ന്യൂനപക്ഷാവകാശം ഭരണഘടന ഉള്ളിടത്തോളം കാലം ഉണ്ടാകണമെന്നാണ് അതിന്റെ നിര്‍മാതാക്കള്‍ വിവക്ഷിച്ചിട്ടുള്ളത്. മൈനോറിറ്റി അവകാശത്തെ പ്രയോജനപ്പെടുത്തുന്നതില്‍ നമുക്ക് വീഴ്ച വന്നിട്ടുണ്ട്. സ്ഥാപനങ്ങളിലൂടെ നമ്മുടെ വിശ്വാസം അടുത്ത തലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നതിലും നാം പരാജയപ്പെട്ടു. അടുത്തകാലത്ത് നമ്മുടെ സ്ഥാപനങ്ങള്‍ ഒരു കണ്‍വെന്‍ഷണല്‍ സെക്കുലര്‍ സ്ഥാപനംപോലെ ചുരുങ്ങിപ്പോയിട്ടുണ്ട്, അത് മാറിയേതീരൂ.

? രാഷ്ട്രീയസാമൂഹ്യ മേഖലകളില്‍ സ്വാധീനം ചെലുത്താന്‍ ക്രൈസ്തവ സമൂഹത്തിന് സാധിക്കുന്നുണ്ടോ

ജനാധിപത്യത്തിന്റെ നാല് തൂണുകളില്‍നിന്നും പടിയിറങ്ങിക്കൊണ്ടിരിക്കുന്ന സമുദായമാണിന്ന് ക്രൈസ്തവര്‍. രാഷ്ട്രീയ മേഖലയില്‍ ക്രൈസ്തവരുടെ സ്വാധീനം വളരെ കുറയുന്നു; യുവതക്ക് രാഷ്ട്രീയത്തോട് താല്പര്യമില്ല. സര്‍ക്കാര്‍ജോലിമേഖലയില്‍ ക്രൈസ്തവര്‍ വിരളം. മാധ്യമമേഖലയിലും അങ്ങനെതന്നെ. ജൂഡീഷ്യറിയിലാകട്ടെ സമര്‍ത്ഥരും നീതിപൂര്‍വ്വം പ്രവര്‍ത്തിച്ചിരുന്നവരുമായ അനേകം ന്യായാധിപന്‍മാര്‍ ക്രൈസ്തവ സമുദായത്തില്‍ നിന്ന് ഉണ്ടായിരുന്നു. അവര്‍ പടിയിറങ്ങുന്നതോടെ ആ മേഖലയില്‍ നമ്മള്‍ അന്യംനിന്നുപോകുന്നു. ഇവ തിരിച്ചുപിടിക്കാന്‍ കുട്ടികളില്‍ ചെറുപ്പം മുതല്‍ നേതൃത്വപാടവവും രാഷ്ട്രീയവബോധവും പൊതുബോധവും വളര്‍ത്തണം. ഗ്രാമസഭകളില്‍ നിര്‍ബന്ധമായും നമ്മുടെ ആളുകള്‍ പങ്കെടുക്കണം. ചെറുപ്പം മുതലേ കുട്ടികള്‍ക്ക് സര്‍ക്കാര്‍ ജോലികളോട് താല്പര്യവും പരീക്ഷകള്‍ക്കുള്ള പരിശീലനവും നല്‍കണം. സംശുദ്ധ രാഷ്ട്രീയത്തിന്റ വക്താക്കളായി നില്‍ക്കുന്ന നേതാക്കള്‍ ആരാണെങ്കിലും അവര്‍ സമുദായ സ്‌നേഹികളും ക്രൈസ്തവ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നവരുമാണെങ്കില്‍ അവരെ പരിപോഷിപ്പിക്കുക എന്നത് സമുദായത്തിന്റെ കടമയാണ്.

? ക്രൈസ്തവ യുവജനങ്ങളുടെ വിദേശ കുടിയേറ്റത്തെ എങ്ങനെയാണ് കാണുന്നത്. സമുദായത്തിന്റെ കെട്ടുറപ്പിനെ വിപരീതമായി ബാധിക്കുമോ

2021-ലെ സര്‍ക്കാര്‍ ആനുവല്‍ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാ രം കേരള ക്രൈസ്തവ ജനസംഖ്യാ നിരക്ക് 14.3 ശതമാനത്തിലേക്ക് താഴ്ന്നപ്പോള്‍ മരണനിരക്ക് 19.3 ശതമാനമാണ്. കുട്ടികള്‍ വിദേശത്തേക്ക് പോകുന്നതുകൊണ്ട് മാത്രമുള്ള കുറവല്ല ഇത്. ഇങ്ങനെ പോയാല്‍ സമുദായം ഭാവിയില്‍ അന്യംനിന്നുപോകും. അതിനാല്‍ കൂടുതല്‍ മക്കള്‍ക്ക് ജന്മംനല്‍കാന്‍ മാതാപിതാക്കള്‍ തയ്യാറാകണം. അതിന് സമുദായം പ്രോത്സാഹനവും സഹായവും നല്‍കണം. ഈ മക്കള്‍ക്ക് നമ്മുടെ സ്ഥാപനങ്ങളില്‍ പ്രത്യേക റിസര്‍വേഷന്‍ നല്‍കണം. സഭയുടെയും സമുദായത്തിന്റെയും വരുമാനത്തിന്റെ നിശ്ചിതശതമാനം സമുദായത്തെ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കാനുമായി മാറ്റിവെയ്ക്കണം. അതേസമയം നമ്മുടെ സമുദായത്തില്‍ ബുദ്ധിപരമായി മികവുപുലര്‍ത്തുന്നവര്‍ വിദേശത്തേക്ക് പോകുന്നു. ബാക്കിയുള്ളവര്‍ക്ക് മികച്ച ജീവിതം നാട്ടില്‍ കെട്ടിപ്പടുക്കാന്‍ വേണ്ട പ്രോത്സാഹനം നല്‍കാന്‍ ആളില്ല. അതുകൊണ്ടുതന്നെ വിവാഹപ്രായം കഴിഞ്ഞ ലക്ഷക്കണക്കിന് ക്രൈസ്തവ യുവജനങ്ങള്‍ ഇന്ന് കേരളത്തിലുണ്ട്. പെണ്‍മക്കളോടൊപ്പംതന്നെ ആണ്‍മക്കളെയും നേരത്തേതന്നെ വിവാഹജീവിതത്തിലേക്ക് പ്രവേശിപ്പിക്കാന്‍ മാതാപിതാക്കളെ ബോധവത്ക്കരിക്കണം. ഇതൊക്കെ ചെയ്യേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു.

? കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രസക്തിയും സ്വാധീനശക്തിയും വിശദമാക്കാമോ

ക്രൈസ്തവ സമൂഹത്തിന്റെയും സഭയുടെയും ഏക സമുദായ സംഘടനയാണ് കത്തോലിക്കാ കോണ്‍ഗ്രസ്. ഒരു രാഷ്ട്രീയ കക്ഷിയായി നിലകൊള്ളാതെ സമുദായ അംഗങ്ങളുടെ സാമൂഹികവും സാമ്പത്തികവും സാമുദായികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ താല്പര്യങ്ങളുടെ പരിരക്ഷണത്തിനും സമുദായത്തിന്റെ സര്‍വ്വതോന്മകമായ ഉത്ക്കര്‍ഷത്തിനുംവേണ്ടി യത്‌നിക്കുക എന്നുള്ളതാണ് ഈ സംഘടനയുടെ ലക്ഷ്യം. ഇതൊരു ഭക്ത സംഘടനയല്ല. വൈദികരും സന്യാസിനികളും അല്മായരുമെല്ലാം ഇതിലെ അംഗങ്ങളാണ്. സാമുദായിക പ്രശ്‌നങ്ങള്‍ മനസിലാക്കാനും പ്രതികരിക്കാനും പരിഹാരം കണ്ടെത്താനും സമുദായത്തെ സംഘടന സഹായിക്കുന്നു. ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന പ്രചാരണങ്ങളില്‍ ഫലപ്രദമായി പ്രതികരിക്കാന്‍ പലപ്പോഴും ആരും ഉണ്ടാകാറില്ല, മാത്രമല്ല ഉചിതമായി പ്രതികരിക്കുന്ന രീതി നമുക്കില്ല. ഒരു കരണത്ത് അടിച്ചവന് മറുകരണം കാണിച്ചുകൊടുക്കണമെന്ന് പറഞ്ഞതിനൊപ്പം ‘ഒരു കാരണവുമില്ലെങ്കില്‍ നീ എന്തിന് എന്നെ അടിച്ചു’ എന്ന് ചോദിക്കുന്ന ക്രിസ്തുവിനെ നാം കാണുന്നുണ്ട്. ഇതുചോദിക്കാന്‍ ക്രൈസ്തവര്‍ക്ക് കഴിയണം. പതിനെട്ട് വയസ് പൂര്‍ത്തിയായ എല്ലാ സമുദായാംഗങ്ങളും കത്തോലിക്ക കോണ്‍ഗ്രസില്‍ അംഗമാകണം. അപ്പോള്‍ സമുദായത്തിന് കെട്ടുറപ്പ് ഉണ്ടാകും. വോട്ടുബാങ്കായി നമ്മള്‍ സ്വാഭാവികമായി മാറുകയും ചെയ്യും. അങ്ങനെവന്നാല്‍ ആര്‍ക്കും നമ്മെ തഴയാന്‍ സാധിക്കില്ല. വിദേശത്ത് എത്തിയവര്‍ക്ക് വേരുകളില്ലാതാകുന്നു. ഇവിടെ സഭാംഗങ്ങള്‍ ഇല്ലാതാകുന്നു. അങ്ങനെ നമ്മുടെ സംസ്‌കാരം അന്യംനിന്ന് പോകുന്ന സാഹചര്യവുമുണ്ട്. അതിനാല്‍ സീറോ മലബാര്‍ സഭാംഗങ്ങളുള്ള 44 രാജ്യങ്ങളില്‍ കത്തോലിക്കാ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. അതിലൂടെ സമുദായ ശാക്തീകരണം നടക്കുമെന്നുതന്നെയാണ് പ്രതീക്ഷ.

? ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന ആള്‍ എന്ന നിലയില്‍ മാധ്യമമേഖലയെ എങ്ങനെ സമീപിക്കണം

പലപ്പോഴും ചര്‍ച്ചകളുടെ അന്ത്യം എന്തായിരിക്കണം എന്ന് മുന്‍കൂട്ടി തീരുമാനിച്ചശേഷം നമ്മെ അതിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതാതായും അതിന് ആരുടെയൊക്കെയോ സ്വാധീനം അവിടെയുള്ളതായും തോന്നിയിട്ടുണ്ട്. സഭയുടെ ഔദ്യോഗിക വക്താക്കളെ പങ്കെടുപ്പിക്കാതെ മറ്റുപലരെയും വിളിച്ച് ചാനലുകള്‍ ചര്‍ച്ചനടത്തുകയും അവര്‍ സഭയുടെ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി പലതും പറയുകയും ചെയ്യുന്നു. ഇത് സഭയുടെ നിലപാടിനെ മറയ്ക്കാനും കെട്ടുറപ്പിനെ നശിപ്പിക്കാനുമുള്ള തയ്യാറാക്കപ്പെട്ട തന്ത്രമാണ്. അത് സമൂഹമോ സഭാംഗങ്ങള്‍പോലും പലപ്പോഴും തിരിച്ചറിയുന്നില്ല എന്നതാണ് സത്യം. സഭാ-സാമുദായിക വിഷയങ്ങളിള്‍ കാര്യപ്രാപ്തമായി സംസാരിക്കാന്‍ മികവുറ്റവരെ സമുദായം പരിശീലിപ്പിക്കുകയും അവസരങ്ങള്‍ നല്കി വളര്‍ത്തിയെടുക്കുകയും വേണം. കാലാനുസൃതമായ മാറ്റങ്ങള്‍ സമുദായത്തിലും യുവജനങ്ങളിലും ഉണ്ടാകണം. ശക്തവും പ്രവര്‍ത്തനനിരതവുമായ സൈബര്‍ വിങ്ങുകള്‍ ഇന്നിന്റെ അനിവാര്യതയാണ്. നമ്മുടെ മാധ്യമമേഖല കുടുതല്‍ ശക്തിപ്പെടണം. പക്വമായും ശക്തമായും ക്രിയാത്മകമായും പ്രതികരിക്കാന്‍ യുവജനങ്ങളെ പ്രാപ്തരാക്കണം.

പഞ്ചാബ് യൂണിവേഴ്‌സിറ്റി ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് എംഎസ്‌സി അപ്ലൈഡ് ഫിസിക്‌സില്‍ ഒന്നാം റാങ്കുകാരനും സ്വര്‍ണ്ണ മെഡല്‍ ജേതാവുമാണ് ഡോ. ചാക്കോ കാളംപറമ്പില്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഫിലും പിഎച്ച്ഡിയും നേടി. ദേവഗിരി കോളജിലെ ഫിസിക്‌സ് ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍, അക്കാദമിക് കൗണ്‍സില്‍ അംഗം, കോളജിലെ കാലിക്കറ്റ് സര്‍വകലാശാലയുടെ വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍, കോളജിലെ ജീസസ് യൂത്ത് സ്റ്റാഫ് കോ-ഓര്‍ഡിനേറ്റര്‍, ഉദ്യോഗസ്ഥ കൂട്ടായ്മ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോടഞ്ചേരി സെന്റ്‌മേരീസ് ഫോറോനാ ഇടവകാംഗമാണ്. ഭാര്യ ആന്‍സി. നാലു മക്കള്‍.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?