Follow Us On

30

December

2024

Monday

വര്‍ഷം

വര്‍ഷം

സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത

മനുഷ്യരല്ലേ പുതുതാവേണ്ടത്. വിചാരങ്ങള്‍ നവ്യമാകണം. സ്വപ്‌നങ്ങള്‍ക്ക് വിശുദ്ധിയുണ്ടാവണം. നടപ്പുകള്‍ അലക്ഷ്യമാകാതിരിക്കണം. കാഴ്ച മങ്ങരുത്. നാവ് ദുഷിപ്പുണ്ടാക്കരുത്. കേള്‍വി ശ്രദ്ധയോടെയാകണം. ഇങ്ങനെയാണ് ഒരു പുതിയ വര്‍ഷമുണ്ടാകേണ്ടത്.
വളരെ പഴയൊരു സുഭാഷിതമുണ്ട്. വ്യത്യസ്തങ്ങളായ അംഗവൈകല്യമുള്ള നാല് വ്യക്തികളോടുള്ള കവിയുടെ ഭാഷണമാണ്. ഒന്നാമന്‍ മുടന്തനാണ്. അയാള്‍ ഭാഗ്യവാനാണെന്നാണ് കവി പറയുക.

കാരണം അയാള്‍ അന്യരെ ഉപദ്രവിക്കാന്‍ എങ്ങും പോകേണ്ടി വരുന്നില്ലല്ലോ! രണ്ടാമന്‍ അന്ധനാണ്. അയാള്‍ സ്തുതിക്കപ്പെടേണ്ടവനാണ്. കാരണം പണക്കാരായ അഹങ്കാരികളുടെ മുഖം അയാള്‍ക്ക് കാണേണ്ടിവരുന്നില്ലല്ലോ! അടുത്തവന്‍ ഊമയാണ്. പണം കിട്ടാന്‍വേണ്ടി പിശുക്കനെ സ്തുതിക്കേണ്ടി വരാത്തതിനാല്‍ അവനും പ്രശംസയര്‍ഹിക്കുന്നു. നാലാമന്‍ ബധിരനാണ്. ഈ ഭൂമിയിലെ ദുഷ്ടന്മാരുടെ വാക്കുകള്‍ കേള്‍ക്കേണ്ടിവരാത്തതിനാല്‍ അവന്‍ ആദരിക്കപ്പെടേണ്ടവനത്രേ! മനുഷ്യര്‍ സാമാന്യേന ചെയ്യുന്ന ഈ നാല് ദുഷ്‌കര്‍മ്മങ്ങളും ഒഴിവാക്കുകയാണ് സജ്ജനങ്ങളുടെ കര്‍ത്തവ്യം എന്നാണ് സാരോപദേശം.
ആത്മാര്‍ത്ഥതയും വിശ്വസ്തതയും സുതാര്യതയും കരുണയുമുള്ള ഒരുവനാകുക.

അക്കരയ്ക്ക് പോയപ്പോള്‍ അപ്പമെടുക്കാന്‍ ശിഷ്യന്മാര്‍ മറന്നു. തമ്പുരാനാകട്ടെ ചോദിച്ചത് പുളിമാവിനെക്കുറിച്ചും. ശിഷ്യന്മാരുടെ വിചാരം അപ്പത്തെ ചുറ്റിപ്പറ്റിത്തന്നെയായിരുന്നു. തിരിച്ചറിവില്ലാത്തവരെന്ന് വിളിച്ച് മിശിഹാ അവരെ ശാസിച്ചു. ഇത്തിരിപഴകിയ അല്പത്തരങ്ങളുടെയും അസൂയകളുടെയും അഹന്തകളുടെയും പുളിപ്പ് ഇനിയും അവശേഷിക്കുന്നുണ്ടെങ്കില്‍ നിശ്ചയമായും അതുപേക്ഷിക്കാന്‍ മറക്കരുത്. അപ്പത്തെക്കുറിച്ചല്ല ആകുലപ്പെടേണ്ടത്; ജീവിതത്തിന്റെ സൗരഭ്യത്തെക്കുറിച്ചാണ്. മനസോടും മനസുകൂടാതെയും ജീവിതം ഒരു ദുര്‍ഗന്ധമായിത്തീരുന്നുണ്ടോ എന്ന തിരിച്ചറിവുണ്ടാകണം.
നമ്മുടെ മാലിന്യങ്ങളെ കഴുകിയകറ്റുന്ന കൃപയുടെ പെരുമഴയായി ഈ വര്‍ഷം നമ്മുടെമേല്‍ പെയ്തിറങ്ങട്ടെ. എല്ലാ പൊയ്മുഖങ്ങളും വേഷംകെട്ടലുകളും ഊരിയെറിഞ്ഞ് നഗ്‌നമായും നിര്‍ലജ്ജമായും നിഷ്‌കളങ്കമായും ഈ മഴ നനയാനൊരു കുട്ടിത്തം നമ്മുടെ ജീവിതത്തിനുണ്ടാകണം. ഉവ്വ്, അപ്പോള്‍ നാം വീണ്ടും തിരിഞ്ഞ് ശിശുക്കളെപ്പോലെയാകുന്നു. ഏറ്റവും പുതുതായി ജീവിതം തുടങ്ങുന്നു.
‘അനവധി സമ്പത്തിലും സല്‍കീര്‍ത്തിയും
വെള്ളിയിലും പൊന്നിലും കൃപയും നല്ലത്.’ (സുഭാ. 22:1)

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?