Follow Us On

22

December

2024

Sunday

കത്തോലിക്ക സഭയ്ക്ക് 14 പുതിയ വിശുദ്ധര്‍ കൂടി

കത്തോലിക്ക സഭയ്ക്ക് 14 പുതിയ വിശുദ്ധര്‍ കൂടി

വത്തിക്കാന്‍ സിറ്റി: സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഞായറാഴ്ച നടക്കുന്ന തിരുക്കര്‍മങ്ങളില്‍ 14 പേരെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിക്കും. എട്ട് മക്കളുടെ പിതാവ് മുതല്‍ മൂന്ന് സന്യാസ സഭകളുടെ സ്ഥപകര്‍ വരെ ഉള്‍പ്പെടുന്ന പുതിയ വിശുദ്ധര്‍ സഭയിലെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിന്റെ ദൃഷ്ടാന്തമാണെന്ന് പാപ്പ പറഞ്ഞു.

പരിശുദ്ധാത്മാവിന്റെ അപ്പസ്‌തോല എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന എലേന ഗുയേരയാണ് പുതിയതായി വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്നതിലെ ഏറ്റവും ശ്രദ്ധേയമായ പേര്. ഒബ്ലേറ്റ്‌സ് ഓഫ് ഹോളി സ്പിരിറ്റ് സന്യാസിനി സഭയുടെ സ്ഥാപകയായ സിസ്റ്റര്‍ എലേന പരിശുദ്ധാത്മാവിനോടുള്ള നൊവേന ചൊല്ലുവാന്‍ എല്ലാ കത്തോലിക്കരോടും നിര്‍ദേശിച്ച ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ തീരുമാനത്തിന്റെ പിന്നിലെ പ്രചോദനശക്തിയായിരുന്നു. 1882 -ല്‍ സ്ഥാപിതമായ ഈ സന്യാസിനി സമൂഹം ഇന്നും ആഫ്രിക്കയിലും ഏഷ്യയിലും യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലും സജീവമാണ്. ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ സുഹൃത്തും വിശുദ്ധ ജെമ്മാ ഗാല്‍ഗാനിയുടെ അധ്യാപികയുമായ സിസ്റ്റര്‍ എലേനയുടെ ആത്മീയ ലേഖനങ്ങള്‍ പരിശുദ്ധാത്മാവിനോടുള്ള ഭക്തിയുടെ പ്രാധാന്യം വ്യക്തമാക്കുന്നു.


‘ആദ്യം വിശുദ്ധരാകണം, പിന്നീട് മിഷനറിമാരും’ എന്ന് പഠിപ്പിച്ച ഫാ. ജിയുസപ്പെ അലമാനോയാണ് മറ്റൊരു പുതിയ വിശുദ്ധന്‍. ഇറ്റലിയിലെ ഇടവക വൈദികനായ ഫാ. ജിയുസെപ്പെ രണ്ട് മിഷനറി സന്യാസസഭകളും സ്ഥാപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മാധ്യസ്ഥത്തിലൂടെ ആമസോണ്‍ കാടുകളില്‍ കടുവയുടെ ആക്രമണത്തിന് ഇരയായ ഒരു വ്യക്തിക്ക് സംഭവിച്ച അത്ഭുതസൗഖ്യമാണ് ഫാ. ജിയുസപ്പെയുടെ വിശുദ്ധപദവി പ്രഖ്യാനത്തിലേക്ക് നയിച്ചത്. കാനഡയില്‍ സന്യാസസഭ സ്ഥാപിച്ച ക്യുബക്ക് സ്വദേശിനിയായ  മേരി ലിയോണി പാരഡിസാണ് മറ്റൊരു വിശുദ്ധ. വൈദികര്‍ക്ക് വേണ്ടിയുള്ള തീക്ഷ്ണവും നിരന്തരവുമായ പ്രാര്‍ത്ഥനയും ശുശ്രൂഷകളുമാണ് 1880-ല്‍ മേരി ലിയോണി സ്ഥാപിച്ച ലിറ്റില്‍ സിസ്റ്റേഴ്‌സിന്റെ പ്രധാന കാരിസം. ‘എളിയവരില്‍ എളിയവള്‍’ എന്നാണ്  സിസ്റ്റര്‍ പാരഡിസിനെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന വേളയില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിശേഷിപ്പിച്ചത്.
ഇസ്ലാമിലേക്ക്  മതം മാറണമെന്ന ഭീഷണിക്ക് വഴങ്ങാതെ ഡമാസ്‌ക്കസില്‍ രക്തസാക്ഷിത്വം വരിച്ചവരാണ് പുതിയതായി വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്ന 11 പേര്‍. അവരില്‍ എട്ട് പേര്‍ ഫ്രാന്‍സിസ്‌കന്‍ സന്യാസിമാരും മൂന്ന് പേര്‍ ഒരു മാറോനൈറ്റ് കത്തോലിക്ക കുടുംബത്തിലെ സഹോദരങ്ങളുമാണ്. 1860 ജൂലൈ 10ന്  ഡമാസ്‌ക്കസിലെ സെന്റ് പോള്‍ ഫ്രാന്‍സിസ്‌കന്‍ ദൈവാലയത്തില്‍ വച്ച് രക്തസാക്ഷിത്വം വരിച്ച ഇവരെ ഡമാസ്‌ക്കസിലെ രക്തസാക്ഷികള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?