Follow Us On

22

January

2025

Wednesday

മരണത്തിന്റെ പിറ്റേന്ന്‌

മരണത്തിന്റെ പിറ്റേന്ന്‌

മരിച്ചവരെ എത്രനാള്‍ നാം ഓര്‍ക്കും? മരിച്ചവരെകുറിച്ചുള്ള ഓര്‍മകള്‍ എപ്പോഴാണ് അവസാനിക്കുന്നത്? അവരുടെ കട്ടിലും, ഇരിപ്പിടങ്ങളും, ഉപയോഗിച്ച സാധനങ്ങളും ഇപ്പോള്‍ എവിടെയാണ്? മരണം ഒരായിരം ഓര്‍മകളിലേക്കുള്ള ഇറങ്ങിപോക്കാണ്. പ്രിയപ്പെട്ടവര്‍ നമ്മളെ വേര്‍പ്പിരിയുമ്പോള്‍ ഓര്‍മകള്‍ ഇവിടെ അവസാനിപ്പിച്ചിട്ട് അവര്‍ ഇറങ്ങി പോകുന്നു. ഒരു കാലം കഴിയുമ്പോള്‍ അവര്‍ നമ്മുടെ ഓര്‍മകളില്‍ നിന്നും പോകുമോ..? ഓര്‍ത്തുനോക്കിയിട്ടുണ്ടോ..? ഈ അടുത്ത് പ്രിയപ്പെട്ട ഒരാളുടെ മരണം നടന്നു. എല്ലാവരും സ്‌നേഹിച്ച, എല്ലാവരെയും ചേര്‍ത്തുപിടിച്ച ഒരു മനുഷ്യന്‍. ആയിരങ്ങളാണ് ആ മരണമറിഞ്ഞ് എത്തിയത്. അത്രമേല്‍ പ്രിയപ്പെട്ട ഒരാള്‍. എത്ര പേരുടെ ജീവിതത്തിലാണ് ഒരു മനുഷ്യന്‍ ഓര്‍മയായി നിലനില്‍ക്കുന്നത്. വാക്കുകള്‍ കൊണ്ടും സാന്നിധ്യം കൊണ്ടും ജീവിച്ചപ്പോള്‍ ആശ്വാസമായവര്‍ ഓര്‍മകള്‍ കൊണ്ട് ആ സാന്നിധ്യം ഈ ഭൂമിയില്‍ നിലനിര്‍ത്തുന്നു.

മരണത്തിന്റെ പിറ്റേ ദിവസത്തെ കുറിച്ച് ഞാന്‍ ചിന്തിക്കാറുണ്ട്. ഈ ഭൂമിക്ക് പ്രിയപ്പെട്ട ഒരാള്‍ കടന്നുപോയതിന്റെ പിറ്റേന്ന്. ഒത്തിരി പേരുടെ മനസില്‍ ശൂന്യതയുടെ കടലാഴം. അയാള്‍ ഈ ഭൂമിക്ക് നല്‍കിയതൊക്കെ ശേഷിപ്പുകളായി തുടരുന്നു. ഒരു മരണം ഒരായിരം ഓര്‍മകള്‍ ആണെന്ന് പഠിപ്പിച്ചത് നസ്രത്തിലെ ആ തച്ചനാണ്. തന്റെ മരണം കൊണ്ട് അവന്‍ ഇന്നും ഓര്‍മകളില്‍ നിറയുകയാണ്. ആ സ്‌നേഹത്തിന്റെ ശേഷിപ്പുകള്‍ തൊട്ടും തലോടിയും നമ്മള്‍.
കോട്ടയത്തിനടുത്ത് ഏറ്റുമാനൂരില്‍ ഒരു സുഹൃത്തുണ്ട്, പ്രണോയ്. അവന്റെ ഹോബി എന്നെ ഞെട്ടിച്ചു. പത്രത്തിലെ നിര്യാതനായി പേജിലെ ഫോട്ടോകള്‍കൊണ്ട് വീട്ടില്‍ അവനൊരു കൊളാഷ് ഉണ്ടാക്കി വച്ചിട്ടുണ്ട്. വളരെ വിചിത്രമായി തോന്നി.

എന്തുമാത്രം മനുഷ്യരെയാണ് അവനൊരു ഭിത്തിയില്‍ ഒട്ടിച്ചിരിക്കുന്നത്. അവന് പറയാന്‍ ഒരു കഥയുണ്ടായിരുന്നു. അവന്റെ മുത്തച്ഛന്റെ കഥ. പ്രണോയ് ചെറുപ്പമായിരുന്നപ്പോള്‍ ആണ് മുത്തച്ഛന്‍ മരിക്കുന്നത്. മുത്തച്ഛനെ അവന് ഭയങ്കര ഇഷ്ടമായിരുന്നു. മരണത്തിന്റെ പിറ്റേന്ന് പത്രത്തില്‍ വന്ന ഫോട്ടോ അവന്‍ വെട്ടിയെടുത്ത് ബുക്കില്‍ ഒട്ടിച്ചു. അത് പിന്നെ അവന്‍ തുടര്‍ന്നു. ഇപ്പോള്‍ ആ ഭ്രാന്ത് അങ്ങനെയില്ല. പക്ഷേ ആളൊരു ഡിസൈനര്‍ ആയതുകൊണ്ട് വളരെ വ്യത്യസ്തമായി ഈ പരിപാടി ചെയ്തു വച്ചിട്ടുണ്ട്. ആ ഭിത്തി എന്നെ വല്ലാതെ ചിന്തിപ്പിച്ചു. എന്തുമാത്രം മനുഷ്യര്‍. ആരുടെയൊക്കെയോ ഓര്‍മകളില്‍ ജീവിച്ചിരിക്കുന്നവരും ഓര്‍മകളില്‍ അവസാനിച്ചവരുമായ ഒരു കൂട്ടം മനുഷ്യര്‍. മരണം ഒരു വല്ലാത്ത ഒളിച്ചുകളി തന്നെ. ആദ്യം ക്രൂരനായി തോന്നിക്കുമെങ്കിലും പിന്നെപ്പിന്നെ അവനെ നമുക്ക് പിടുത്തം കിട്ടുന്നു.

നിരന്തരം സംസാരിച്ചുകൊണ്ടിരുന്ന ഒരാള്‍ പെട്ടെന്ന് കടന്നുപോകുന്നു. ഫോണ്‍ എടുക്കുന്നതെ തുടക്കത്തില്‍ തന്നെ അയാളുടെ കോണ്‍ടാക്ട് നമ്പര്‍. ആവര്‍ത്തിച്ചു വന്നുകൊണ്ടിരുന്ന ഫോണ്‍ കോളുകള്‍. എന്താവശ്യത്തിനും പെട്ടെന്ന് വിളിച്ചിരുന്ന ആ നമ്പര്‍. പിന്നീട് നമ്മുടെ ഫോണില്‍ ഏതോ ഒരു കോണില്‍ അവശേഷിക്കുകയാണ്. നമ്മള്‍ അയച്ച അവസാനത്തെ മെസേജ് വീണ്ടും വീണ്ടും വായിക്കും. ഓര്‍മകള്‍ അവിടെ മാത്രം അവശേഷിക്കുമോ..? ഞാന്‍ ഓര്‍ക്കാറുണ്ട് മരിച്ചുപോയവരുടെ സാധനങ്ങളെക്കുറിച്ച്. മരണശേഷം അത് എന്തു ചെയ്യും. ഏതെങ്കിലും മൂലയിലേക്കും വേസ്റ്റ് ബോക്‌സിലേക്കും തള്ളിയിരിക്കും. മരിച്ചുപോയവരെ നമ്മള്‍ തന്നെ മറന്നുകളയുന്നു. ബാല്യത്തിലെ ചില ഓര്‍മകള്‍ ഇന്ന് ഭ്രാന്തായി തോന്നാറുണ്ട്. മരിച്ചുപോയവര്‍ തിരിച്ചുവന്ന് ഉപയോഗിച്ച വസ്തുക്കളൊക്കെ തിരിച്ചു ചോദിച്ചാലോ. അവരുടെ സ്വന്തമായിരുന്ന സാധനങ്ങളൊക്കെ നമുക്ക് തിരിച്ചു കൊടുക്കാന്‍ സാധിച്ചില്ലെങ്കിലോ. കുടുങ്ങിപ്പോകും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?