Follow Us On

22

January

2025

Wednesday

മതസ്വാതന്ത്ര്യം: ബംഗളൂരു ആര്‍ച്ചുബിഷപ്പിന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു

മതസ്വാതന്ത്ര്യം: ബംഗളൂരു ആര്‍ച്ചുബിഷപ്പിന്റെ  വാക്കുകള്‍ ചര്‍ച്ചയാകുന്നു

ബംഗളൂരൂ: ഇന്ത്യയിലെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ബംഗളൂരു ആര്‍ച്ചുബിഷപ്പും കര്‍ണാടക കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് പ്രസിഡന്റുമായ ഡോ. പീറ്റര്‍ മച്ചാഡോയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു. മതസ്വാതന്ത്ര്യം ഇന്ത്യയില്‍ കുറയുകയാണെന്നും ക്രൈസ്തവര്‍ക്കെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ പെരുകുകയാണെന്നുമായിരുന്നു അടുത്ത കാലത്ത് നടന്ന അക്രമ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള ആര്‍ച്ചുബിഷപ് മച്ചാഡോയുടെ പ്രതികരണം. വാര്‍ത്താ ഏജന്‍സിയായ ഏഷ്യന്യൂസിനോട് സംസാരിച്ചപ്പോഴാണ് രാജ്യത്തെ ക്രൈസ്തവര്‍ വിശ്വാസത്തിന്റെ പേരില്‍ നേരിട്ടുകൊണ്ടിരിക്കുന്ന പീഡനങ്ങള്‍ അദ്ദേഹം അക്കമിട്ടുനിരത്തിയത്.

ആരാധനാലയങ്ങളില്‍ പ്രാര്‍ത്ഥിക്കുന്നവരെ ആക്രമിക്കുകയും കള്ളക്കേസുകളില്‍ കുടുക്കുകയും സെമിത്തേരികളില്‍ മൃതസംസ്‌കാരംവരെ നിഷേധിക്കുകയും ചെയ്ത സംഭവങ്ങള്‍ അദ്ദേഹം എടുത്തുപറഞ്ഞു. വിശ്വാസികളെ കായികമായി നേരിടുന്നതിനൊപ്പം ക്രൈസ്തവ സ്ഥാപനങ്ങളും വിശ്വാസ പ്രതീകങ്ങളുംവരെ തച്ചുടയ്ക്കപ്പെടുന്ന വേദനാജനകമായ സംഭവങ്ങളും ആര്‍ച്ചുബിഷപ് ചൂണ്ടിക്കാണിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ പോലീസ് പക്ഷപാതപരമായി പെരുമാറുകയാണെന്ന ഗുരുതരമായ നിയമപ്രശ്‌നവും അദ്ദേഹം ഉയര്‍ത്തുന്നുണ്ട്. അക്രമ സംഭവങ്ങളില്‍ ഗവണ്‍മെന്റ് നിശബ്ദത പാലിക്കുകയാണെന്നും ആര്‍ച്ചുബിഷപ് പറയുന്നു.

പോലീസ് അക്രമികള്‍ക്കൊപ്പം
ഉത്തര്‍പ്രദേശിലും ഛത്തീസ്ഘട്ടിലും ക്രൈസ്തവര്‍ക്കുനേരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുകയാണെന്ന് ക്രിസ്ത്യന്‍ ഫോറം ഫോര്‍ ഹ്യൂമന്‍ റൈറ്റസ് റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നുണ്ടെന്ന് ആര്‍ച്ചുബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ വ്യക്തമാക്കി. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ ദേശീയ ഗോരക്ഷാ വാഹിനി നേതാവിന്റെ പരാതിയെത്തുടര്‍ന്ന് ഒരു പ്രാര്‍ത്ഥനയോഗത്തിലേക്ക് പോലീസ് കടന്നുകയറി. പരാതിയുടെ നിജസ്ഥിതി അന്വേഷിക്കാതെ മതമൗലികവാദികളുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയവരെ അറസ്റ്റ് ചെയ്ത് റിമാന്റു ചെയ്യിച്ചു.

അതേദിവസം തന്നെ ഒഡീഷയിലെ ജഗത്സിംഗ്പൂരില്‍ ബജറംഗ്ദള്‍ അംഗങ്ങള്‍ മതപരിവര്‍ത്തനക്കുറ്റം കെട്ടിച്ചമച്ച് പ്രാര്‍ത്ഥനാമീറ്റിംഗിലേക്ക് ഇടിച്ചുകയറി. അവരെ മര്‍ദ്ദിക്കുകയും നഗ്നരാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസ് ഇടപെട്ടതിനെ തുടര്‍ന്ന് പ്രശ്‌നം കൂടുതല്‍ വഷളായില്ലെങ്കിലും അക്രമികളെ പോലീസ് വെറുതെ വിട്ടു. ഛത്തീസ്ഘട്ടിലെ വില്ലേജ് സെമിത്തേരിയില്‍ ക്രൈസ്തവനെ അടക്കാന്‍ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മൃതദേഹം മറ്റൊരിടത്തേക്ക് കൊണ്ടുപോകേണ്ട വേദനാജനകമായ സംഭവം ഉണ്ടായി.

ബീഹാറിലെ സഹാര്‍സയില്‍ വിഎച്ച്പി പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥനാസമ്മേളനം അലങ്കോലപ്പെടുത്തി. ബൈബിളും കുരിശുമെല്ലാം പിടിച്ചെടുത്തു. ഒക്‌ടോബര്‍ 20 ന് ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍ പോലീസ് റെയ്ഡ് നടത്തി. മതപരിവര്‍ത്തനമെന്ന മതമൗലികവാദികളുടെ പരാതിയെത്തുടര്‍ന്നായിരുന്നു പോലീസിന്റെ പരിശോധന. അവിടെനിന്നും ഒന്നും കണ്ടെടുക്കാന്‍ പോലീസിന് കഴിഞ്ഞില്ലെങ്കിലും മതപരിവര്‍ത്തനകുറ്റം ചുമത്തി അവരെ അറസ്റ്റുചെയ്യുകയും റിമാന്റുചെയ്യുകയുമായിരുന്നു.

വര്‍ധിക്കുന്ന അസഹിഷ്ണുത
ഇന്ത്യ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ പുരോഗമനാത്മക രാജ്യമായി അവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും മറുവശത്ത് മതത്തിന്റെ പേരില്‍ പൗരന്മാര്‍ക്ക് നിബന്ധനകള്‍ വയ്ക്കുകയാണ്, സത്യത്തില്‍ നാം പിന്നോട്ടടിക്കുകയാണ് അദ്ദേഹം പറഞ്ഞു. ക്രൈസ്തവര്‍ക്കുനേരെ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നടക്കുന്ന അക്രമങ്ങളെക്കുറിച്ച് ബോധവാനാണന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. അസഹിഷ്ണുതയും വിദ്വേഷപ്രചാരണവും ഏറെ വേദനിപ്പിക്കുന്നുണ്ടെന്നും ആര്‍ച്ചുബിഷപ് ഡോ. മച്ചാഡോ പറയുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ അതെല്ലാം ഗൂഢാലോചനയാണെന്നുള്ള വാദങ്ങള്‍ ഉയര്‍ത്തി അവയെ തള്ളിക്കളയുന്നതാണ് കേന്ദ്രഗവണ്‍മെന്റ് സ്വീകരിക്കുന്ന സമീപനം. ആര്‍ച്ചുബിഷപ് ഡോ. മച്ചാഡോയുടെ നിലപാടുകളോട് അധികൃതര്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല. അക്രമങ്ങള്‍ക്ക് ഇരകളാകുന്നവരെ മതപരിവര്‍ത്തനമെന്ന ചാപ്പകുത്തി ജയിലില്‍ അടയ്ക്കുന്ന സംഭവങ്ങള്‍ പെരുകുന്നതിനു കാരണം രാഷ്ട്രീയ നേതൃത്വത്തിന്റെ മൗനാനുവാദമാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?