Follow Us On

21

December

2024

Saturday

ബലിവേദി പങ്കിട്ട് നാല് സഹോദരങ്ങള്‍

ബലിവേദി പങ്കിട്ട് നാല് സഹോദരങ്ങള്‍

രഞ്ജിത്ത് ലോറന്‍സ്

പൊന്‍കുന്നത്ത് താമസിച്ചിരുന്ന പന്തിരുവേലില്‍ ജോയി-മോളി ദമ്പതികളുടെ ജീവിതത്തിലേക്ക് വളരെ അപ്രതീക്ഷിതമായാണ് വലിയ ഒരു ദുരന്തം കടന്നുവന്നത്. സ്‌കൂളില്‍ നിന്ന് അപ്പന്റെ കയ്യും പിടിച്ച് നടന്നു വന്ന ആറ് വയസ് മാത്രം പ്രായമുള്ള അവരുടെ മൂത്ത മകന്‍ അമ്മയെ കണ്ട് റോഡ് ക്രോസ് ചെയ്ത സമയത്ത് ഒരു ജീപ്പ് വന്നിടിച്ച് ദാരുണമായി മരണമടയുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇവര്‍ രണ്ടാമത്തെ മകന്‍ ടൈറ്റസിനൊപ്പം പൊന്‍കുന്നത്ത് നിന്ന് പൈകയിലേക്ക് മാറിത്താമസിച്ചു. അതുവരെ, രണ്ട് മക്കള്‍ മാത്രംമതിയെന്ന് തീരുമാനിച്ചിരുന്ന ജോയിയുടെ കുടുംബത്തിലേക്ക് ദൈവം സമ്മാനമായി നാല് മക്കളെക്കൂടെ നല്‍കി. ആ നാല് മക്കളും ഇന്ന് കര്‍ത്താവിന്റെ അള്‍ത്താരയിലെ പുരോഹിതരായി മാറി എന്നത് അതിശയകരമായ ദൈവനിയോഗം.

നാല് സഹോദരങ്ങള്‍ പൗരോഹിത്യശുശ്രൂഷയിലേക്ക് പ്രവേശിച്ചതിന്റെ ആനന്ദനിര്‍വൃതിയിലാണ് ഇന്ന് പാലാ പൈകയിലുള്ള പന്തിരുവേലില്‍ ജോയിയുടെ കുടുംബം. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 28-ന് ബീഹാറിലെ ജാമൂയിലുള്ള സെന്റ് ജോസഫ്‌സ് ദൈവാലയത്തില്‍വച്ചായിരുന്നു ജോയിയുടെ ഏറ്റവും ഇളയ മകനായ ഡീക്കന്‍ വിമല്‍ പന്തിരുവേലില്‍ ഭഗല്‍പ്പൂര്‍ രൂപതക്ക് വേണ്ടി പൗരോഹിത്യം സ്വീകരിച്ചത്. പാലാ രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന ഫാ. മാര്‍ട്ടിന്‍ പന്തിരുവേലില്‍, ഫാ. നിര്‍മല്‍ പന്തിരുവേലില്‍ എന്നിവരും ഭഗല്‍പ്പൂര്‍ രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന ഫാ. അല്‍ഫോന്‍സ് പന്തിരുവേലിലുമാണ് (ഫാ. ടിയോ) കുടുംബത്തിലെ മറ്റ് വൈദികര്‍. വിവാഹിതനായ ഇവരുടെ മൂത്ത ജേഷ്ഠന്‍ ടൈറ്റസ് കുടുംബസമേതം യുകെയിലാണ് താമസിക്കുന്നത്.

2009 ഡിസംബര്‍ 28 ന് ഫാ. മാര്‍ട്ടിനാണ് കുടുംബത്തില്‍നിന്ന് ആദ്യമായി തിരുപ്പട്ടം സ്വീകരിച്ചത്. നിലവില്‍ പാലാ രൂപതയിലെ വരിയാനിക്കാട് ഇടവക വികാരിയായി സേവനമനുഷ്ഠിക്കുകയാണ് ഫാ. മാര്‍ട്ടിന്‍. പത്തു വര്‍ഷങ്ങള്‍ക്കുശേഷം 2019 ഒക്‌ടോബര്‍ 28-ാം തിയതി ടിയോ എന്ന് വിളിക്കുന്ന അല്‍ഫോന്‍സ് ഭഗല്‍പ്പൂര്‍ രൂപതക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ചു. ഫാ. അല്‍ഫോന്‍സ് ഇപ്പോള്‍ ജാര്‍ഖണ്ഡിലെ സുസ്‌നി എന്ന ഇടവകയുടെ വികാരിയായി സേവനം ചെയ്യുന്നു. 2021 ജനുവരി അഞ്ചിനാണ് കുടുംബത്തിന് അനുഗ്രഹമായി വീണ്ടും തിരുപ്പട്ട സ്വീകരണം നടന്നത്. പാലാ രൂപതയ്ക്കുവേണ്ടി ഫാ. നിര്‍മല്‍ അന്ന് അഭിഷിക്തനായി. മുത്തോലപുരം, ഭരണങ്ങാനം തുടങ്ങിയ ഇടവകകളില്‍ ശുശ്രൂഷ ചെയ്ത ശേഷം ഇപ്പോള്‍ വടവാതൂര്‍ സെമിനാരിയില്‍ ദൈവശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റ് പഠനം നടത്തുകയാണ് ഫാ. നിര്‍മല്‍ പന്തിരുവേലില്‍.

മാതാപിതാക്കന്‍മാരുടെ പ്രാര്‍ത്ഥനയ്‌ക്കൊപ്പം മാതൃ ഇടവകയായ പൈക ഇടവകയില്‍ സേവനം ചെയ്തിരുന്ന അച്ചന്‍മാരുടെ മാതൃകയും പ്രോത്സാഹനവുമാണ് അപൂര്‍വമായ ഈ അനുഗ്രഹത്തിന്റെ പിന്നിലെന്ന് ഫാ. നിര്‍മല്‍ പറയുന്നു. എല്ലാ ദിവസവും ദിവ്യബലിയില്‍ സംബന്ധിച്ച് വീട്ടിലെ പ്രാര്‍ത്ഥനാ അന്തരീക്ഷത്തില്‍ വളര്‍ന്നു വന്ന മക്കളില്‍ നാല് പേര്‍ കര്‍തൃശുശ്രൂഷയ്ക്കായി തങ്ങളെത്തന്നെ സമര്‍പ്പിച്ചപ്പോള്‍ പൂര്‍ണ സന്തോഷത്തോടെയാണ് ഇവരുടെ മാതാപിതാക്കള്‍ അത് സ്വീകരിച്ചത്. അള്‍ത്താര ശുശ്രൂഷ ചെയ്തിരുന്ന തങ്ങളോടെല്ലാവരോടും അവിടെ വന്നിരുന്ന വികാരി അച്ചന്‍മാര്‍ പ്രത്യേക പരിഗണന കാണിച്ചിരുന്നതായി ഫാ. നിര്‍മല്‍ ഓര്‍ക്കുന്നു. കൂടാതെ ആദ്യമായി സെമിനാരിയില്‍ ചേര്‍ന്ന ഫാ. മാര്‍ട്ടിന്റെ മാതൃകയും പ്രോത്സാഹനവും താഴെയുള്ളവരെ ഏറെ സ്വാധീനിച്ചു. മിഷനോട് താല്‍പ്പര്യമുണ്ടായിരുന്ന ഫാ. അല്‍ഫോന്‍ സും ഫാ. വിമലും ആ വഴി തിരഞ്ഞെടുക്കുകയായിരുന്നു.

ഫിയാത്ത് മിഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഫാ. അല്‍ ഫോന്‍സ് തൊടുപുഴയിലുള്ള ഒരു പ്രാര്‍ത്ഥനാ ഗ്രൂപ്പിലൂടെയാണ് ഭഗല്‍പ്പൂര്‍ രൂപതയെക്കുറിച്ചും അവിടുത്തെ ശുശ്രൂഷകളെക്കുറിച്ചും അറിയുന്നത്. മനസില്‍ നിയോഗം വെച്ചതുപോലെ തന്നെ ഒരു ധ്യാനത്തില്‍ വച്ച്, പേര് വിളിച്ചുപറഞ്ഞ് മാതാവിന്റെ മധ്യസ്ഥം തേടി തിരഞ്ഞെടുത്ത ജീവിതാന്തസ്സില്‍ മുന്നോട്ടു പോകാന്‍ ലഭിച്ച സന്ദേശം ദൈവവിളിയെ ശക്തിപ്പെടുത്തിയ അനുഭവമാണ് ഫാ. അല്‍ഫോന്‍സിന് പറയാനുള്ളത്.

പാലാ ഇലഞ്ഞി സ്വദേശിയായ ബിഷപ് കുര്യന്‍ വലിയകണ്ടത്തിലിന്റെ ജീവിതമാതൃകയാണ് മിഷനിലുള്ള തങ്ങള്‍ക്കെല്ലാം പ്രചോദനമെന്ന് ഫാ. അല്‍ഫോന്‍സ് കൂട്ടിച്ചേര്‍ക്കുന്നു. കറന്റോ വെള്ളമോ ടോയ്‌ലറ്റ് സൗകര്യമോ ഇല്ലാത്ത പ്രദേശത്തു ചെന്ന് ടെന്റ് കെട്ടി ഒരു പായ് മാത്രം വിരിച്ച് കിടന്നുറങ്ങി ശുശ്രൂഷകള്‍ നടത്തുന്ന പിതാവ് വാക്കുകൊണ്ടല്ല ജീവിതംകൊണ്ടാണ് ഇവര്‍ക്ക് മാതൃകയാകുന്നത്. പ്രകൃതിയെ ആരാധിക്കുന്ന ഗോത്രവിഭാഗത്തിലുള്ളവര്‍ ഹൈന്ദവ വിശ്വാസം പിന്തുടരുന്നവരല്ലെന്നും അവരില്‍ പലരും വലിയ താല്‍പ്പര്യത്തോടെയാണ് നമ്മുടെ ശുശ്രൂഷകളില്‍ പങ്കെടുക്കുന്നതെന്നും ഫാ. അല്‍ഫോന്‍സ് പറഞ്ഞു.

ഈശോ ദാനമായി നല്‍കിയ മക്കള്‍ പ്രാര്‍ത്ഥനയോടെ എടുത്ത തീരുമാനത്തിന് ആമ്മേന്‍ പറഞ്ഞുകൊണ്ട് ജൂണ്‍ മാസത്തില്‍ ദൈവസന്നിധിയിലേക്ക് കടന്നുപോയ പ്രിയപ്പെട്ട അമ്മയുടെ അഭാവം ഈ സന്തോഷത്തിന്റെ നിമിഷത്തിലും ഇവരുടെ ഉള്ളിലെ വിങ്ങലാണ്. എങ്കിലും സ്വര്‍ഗീയ പിതാവിന്റെ മടിയിലിരുന്ന്, തങ്ങളുടെ പൗരോഹിത്യജീവിതത്തിന് വേണ്ട കൃപകള്‍ അമ്മ വാങ്ങിതരുമെന്ന ബോ ധ്യത്തോടെ തങ്ങളുടെ കര്‍മവീഥികളില്‍ സജീവമാവുകയാണ് ഈ വൈദിക നാല്‍വര്‍ സംഘം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?