വത്തിക്കാന്‍ സിറ്റി: ഊര്‍ജസ്വലമായ വിശ്വാസജീവിതത്തിലൂടെയും വിശുദ്ധമായ സാക്ഷ്യത്തിലൂടെയും യുവജനങ്ങള്‍ക്ക് പ്രിയപ്പെട്ടവരായി മാറിയ വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിന്റെയും പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയുടെയും വിശുദ്ധപദവി പ്രഖ്യാപനം 2025 ലെ ജൂബിലി വര്‍ഷത്തില്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ. ലോകശിശുദനത്തില്‍ പൊതുദര്‍ശനപരിപാടിയുടെ സമാപനത്തിലായിരുന്നു പാപ്പയുടെ അപ്രതീക്ഷിതമായ പ്രഖ്യാപനം. 2025 ജൂബിലവര്‍ഷത്തോടനുബന്ധിച്ച് നടത്തുന്ന കൗമാരക്കാരുടെ ജൂബിയാഘോഷത്തിന്റെ ഭാഗമായി കാര്‍ലോ അക്യുട്ടിസിന്റെ വിശുദ്ധപദവി പ്രഖ്യാപനം ഏപ്രില്‍ 27-നും ഫ്രാസാത്തിയുടെ വിശുദ്ധപദിവപ്രഖ്യാപനം ജൂലൈ 28-നും നടക്കുമെന്ന് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പിന്നീട് സ്ഥിരീകരിച്ചു.
1991-ല്‍ ജനിച്ച കാര്‍ലോ ചെറുപ്പം മുതല്‍ ദിവ്യകാരുണ്യത്തോട് അഗാധമായ ബന്ധം പുലര്‍ത്തിയിരുന്നു. 2006-ല്‍ അര്‍ബുദം ബാധിച്ച് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട അക്യുട്ടിസ്, ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കുന്നതിനായി തന്റെ സാങ്കേതിക കഴിവുകള്‍ ഉപയോഗിച്ചു. ദിവ്യകാരുണ്യത്തെ ‘സ്വര്‍ഗത്തിലേക്കുള്ള എന്റെ ഹൈവേ’ എന്നാണ് അക്യുട്ടിസ് വിശേഷിപ്പിച്ചിരുന്നത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ച ദിവ്യകാരുണ്യ വര്‍ഷത്തില്‍ ദിവ്യകാരുണ്യ അത്ഭുതങ്ങളെക്കുറിച്ചുള്ള ഒരു പ്രദര്‍ശനം കുടുംബാംഗങ്ങളുടെ സഹായത്തോടെ അക്യുട്ടിസ് നടത്തി. ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ബൃഹത്തായ ഓണ്‍ലൈന്‍ ശേഖരം തന്നെ നന്നേ ചെറിയ പ്രായത്തിനുള്ളില്‍ കാര്‍ളോ സജ്ജീകരിച്ചിരുന്നു. പതിനൊന്ന് വയസ്സുള്ളപ്പോള്‍ ആരംഭിച്ച ഈ ഉദ്യമം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയിരിന്നു. കാര്‍ളോ ഒരുക്കിയ ദിവ്യകാരുണ്യ വിര്‍ച്വല്‍ ലൈബ്രറിയുടെ പ്രദര്‍ശനം അഞ്ചു ഭൂഖണ്ഡങ്ങളിലാണ് നടന്നിരിക്കുന്നത്.
1925-ല്‍ 24 -ാമത്തെ വയസില്‍ അന്തരിച്ച ഇറ്റാലിയന്‍ യുവാവായ ഫ്രാസാറ്റിയും ഉജ്ജ്വലമായ വിശ്വാസസാക്ഷ്യത്തിലൂടെ അനേകര്‍ക്ക് പ്രചോദനം നല്‍കിയ വ്യക്തിത്വമാണ്. ഡൊമിനിക്കന്‍ മൂന്നാം സഭാംഗവും വിന്‍സെന്റിപോള്‍ സംഘടനയുടെ സജീവ അംഗമായും ദരിദ്രരുടെ ഇടയില്‍ പ്രവര്‍ത്തിച്ച ഫ്രാസാറ്റി ശൂശ്രൂഷയുടെ ഇടയില്‍ പോളിയോ ബാധിച്ചാണ് മരണമടഞ്ഞത്.
Leave a Comment
Your email address will not be published. Required fields are marked with *