വത്തിക്കാന്‍ സിറ്റി: ശ്രീനാരായണഗുരു ആലുവ അദ്വൈതാശ്രമത്തില്‍ സംഘടിപ്പിച്ച സര്‍വമത സമ്മേളനത്തിന്റെ ശതാബ്ദിയുടെ ഭാഗമായി ശിവഗിരിമഠം വത്തിക്കാനില്‍ നടത്തുന്ന സര്‍വമതസമ്മേളനത്തെ ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് അഭിസംബോധന ചെയ്യും. വത്തിക്കാന്‍ ചത്വരത്തില്‍ നടക്കുന്ന സര്‍വമതസമ്മേളനത്തിലെ പ്രത്യേക സെഷനുകള്‍ കര്‍ദിനാള്‍ ലസാരു ഹ്യൂങ് സിക് ഉദ്ഘാടനം ചെയ്യും. ശ്രീനാരായണഗുരു രചിച്ച ‘ദൈവദശകം’ പ്രാര്‍ഥനയും ഇന്ന് വത്തിക്കാനില്‍ മുഴങ്ങും. മലയാളിയായ സിസ്റ്റര്‍ ആശ ജോര്‍ജാണ് സുഹൃത്തായ ഇറ്റലിയിലെ ഡോ. അര്‍ക്കിമേദെ റുജോറോയുടെ സഹായത്തോടെ ഇറ്റാലിയന്‍ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്തത്. ശിവഗിരിമഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകും. സെക്രട്ടറി സ്വാമി ശുഭാംഗാ നന്ദ സമ്മേളന ലക്ഷ്യങ്ങള്‍ വിശദീകരിക്കും.
സ്വാമി സച്ചിദാനന്ദ തയാറാക്കിയ ‘സര്‍വമത സമ്മേളനം’ എന്ന കൃതിയുടെ ഇറ്റാലിയന്‍ പരിഭാഷയും ‘ഗുരുവും ലോകസമാധാനവും’ എന്ന പുസ്തകത്തിന്റെ ഇംഗ്ലിഷ് പതിപ്പും പ്രകാശനം ചെയ്യും. മതസമ്മേളനത്തില്‍ റോമിലെ ജോര്‍ജിയന്‍ യൂണിവേഴ്‌സിറ്റി ഇന്റര്‍ഫെയ്ത്ത് ഡയലോഗിന്റെ അധ്യക്ഷന്‍ ഫാ. മിഥുന്‍.ജെ.ഫ്രാന്‍സിസ് മോഡറേറ്ററാകും. നിയുക്ത കര്‍ദിനാള്‍ ആര്‍ച്ചുബിഷപ് ജോര്‍ജ് ജേക്കബ് കൂവക്കാട്, കര്‍ണാടക സ്പീക്കര്‍ യു.ടി.ഖാദര്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ചാണ്ടി ഉമ്മന്‍ എംഎല്‍എ, ഫാ.ഡേവിസ് ചിറമ്മല്‍, സ്വാമി വീരേശ്വരാനന്ദ, സ്വാമി ശുദ്ധാനന്ദഗിരി തുടങ്ങിയവര്‍ പ്രസംഗിക്കും.
Leave a Comment
Your email address will not be published. Required fields are marked with *