ഇടുക്കി: മുനമ്പം ജനതയുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ഇടുക്കി രൂപത ആവശ്യപ്പെട്ടു. വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പാരിഷ് ഹാളില്‍ ചേര്‍ന്ന ഏഴാമത് രൂപതാ പാസ്റ്ററല്‍ കൗണ്‍സിലിന്റെ പ്രഥമ യോഗത്തില്‍ എകെസിസി ഗ്ലോബല്‍ യൂത്ത് കൗണ്‍സില്‍ സെക്രട്ടറി സിജോ ഇലന്തൂര്‍ അവതരിപ്പിച്ച പ്രമേയം യോഗം ഐക്യകണ്‌ഠേന പാസാക്കി.
എറണാകുളം ജില്ലയിലെ മുനമ്പം പ്രദേശത്ത് മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ള 600ലധികം കുടുംബങ്ങളെ ഭരണഘടന ഉറപ്പു നല്‍കുന്ന മൗലിക അവകാശങ്ങള്‍പോലും ഹനിച്ചുകൊണ്ട് ആശങ്കയുടെയും നിസഹായതയുടെയും മുള്‍മുനയില്‍ നിര്‍ത്തി അവരുടെ എല്ലാവിധ റവന്യൂ അവകാശങ്ങളും നിഷേധിച്ച് അവിടെനിന്നും കൂടിയിറക്കി അവരുടെ മണ്ണ് വഖഫ് ബോര്‍ഡിന്റേതാക്കി തീര്‍ക്കാന്‍ ശ്രമിക്കുന്ന ജനാധിപത്യവിരുദ്ധമായ നടപടിയില്‍ ഇടുക്കി രൂപത പാസ്റ്റര്‍ കൗണ്‍സില്‍ അതിശക്തമായി പ്രതിഷേധിച്ചു.
പണം കൊടുത്ത് വാങ്ങുകയും കരമടച്ചു പോരുകയും ചെയ്യുന്ന പട്ടയ ഭൂമി പിടിച്ചെടുക്കാന്‍ നടത്തുന്ന ശ്രമങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് ശാശ്വതമായ പരിഹാരമുണ്ടാക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ആവശ്യപ്പെട്ടു.
രൂപതാ മുഖ്യവികാരി ജനറാള്‍ മോണ്‍. ജോസ് കരിവേലിക്കല്‍, വികാരി ജനറാള്‍മാരായ മോണ്‍. ജോസ് പ്ലാച്ചിക്കല്‍, മോണ്‍. അബ്രാഹം പുറയാറ്റ്, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍മാരായ സിസ്റ്റര്‍ ടെസ്ലിന്‍ എസ്എച്ച്, സിസ്റ്റര്‍ റോസിന്‍ എഫ്‌സിസി, സിസ്റ്റര്‍ ലിറ്റി ഉപ്പുമാക്കല്‍ എസ്എബിഎസ്, സിസ്റ്റര്‍ ആനി പോള്‍ സിഎം സി, ഡോ. അനില്‍ പ്രദീപ്, ആന്‍സി തോമസ്, ജെറിന്‍ ജെ. പട്ടാംകുളം, മരീറ്റ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *