Follow Us On

22

January

2025

Wednesday

രാജസ്ഥാനില്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി; വിമര്‍ശനവുമായി ക്രിസ്ത്യന്‍ സഭാ നേതാക്കള്‍

രാജസ്ഥാനില്‍  മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി; വിമര്‍ശനവുമായി ക്രിസ്ത്യന്‍ സഭാ നേതാക്കള്‍

ജെയ്പൂര്‍: ക്രൈസ്തവരെ ലക്ഷ്യവെച്ച് രാജസ്ഥാനില്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിച്ച് ക്രിസ്ത്യന്‍ സഭാ നേതാക്കള്‍. കര്‍ശന വ്യവസ്ഥകള്‍ അടങ്ങിയ കരട് ബില്‍ സംസ്ഥാന നിയമസഭയുടെ വരാനിരിക്കുന്ന സമ്മേളനത്തില്‍ വോട്ടെടുപ്പിനായി അവതരിപ്പിക്കുമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി ജോഗറാം പട്ടേല്‍ കഴിഞ്ഞ ദിനം മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

ബിജെപി അധികാരത്തിലുള്ള സംസ്ഥാനത്തെ മുഖ്യമന്ത്രിയായ ബജന്‍ലാല്‍ ശര്‍മ്മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അംഗീകരിച്ച ഈ ബില്‍, നിര്‍ബന്ധിത മതപരിവര്‍ത്തനം തെളിയിക്കുന്ന കേസുകളില്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ നിര്‍ദേശിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റൊരു മതത്തിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ 60 ദിവസം മുമ്പെങ്കിലും ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കണമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

ബില്‍ സംസ്ഥാന നിയമസഭ പാസാക്കിയാല്‍, മതപരിവര്‍ത്തന വിരുദ്ധ നിയമം പ്രഖ്യാപിക്കുന്ന ഇന്ത്യയിലെ 12ാമത്തെ സംസ്ഥാനമായി രാജസ്ഥാന്‍ മാറും. നിലവില്‍ ബിജെപി ഭരിക്കുന്ന 11 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഈ നിയമം നിലവിലുണ്ട്. ഇതുപോലൊരു വിഷയവുമായി ബന്ധപ്പെട്ട് ഒരു നിയമം നടപ്പാക്കുമ്പോള്‍ നിയമവിദഗ്ധരുമായും സമുദായ നേതാക്കന്മാരുമായും ചര്‍ച്ച നടത്തേണ്ട ആവശ്യകതയെ കുറിച്ച് ജയ്പൂരിലെ ബിഷപ്പ് ജോസഫ് കല്ലറക്കല്‍ എടുത്തുപറഞ്ഞു. ഈ നിയമം നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ ക്രിസ്ത്യന്‍ ആക്ടിവിസ്റ്റ് മിനാക്ഷി സിംഗ് അപലപിച്ചു. ‘ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം, ആളുകള്‍ക്ക് ഇഷ്ടമുള്ള ഏത് മതവും വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യമുണ്ടെന്നും അവര്‍ പറഞ്ഞു. ബലപ്രയോഗത്തിലൂടെയോ പ്രലോഭനത്തിലൂടെയോ ഉള്ള മതപരിവര്‍ത്തനത്തില്‍ ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നില്ലെന്നും മീനാക്ഷി വ്യക്തമാക്കി.

പുതിയ നിയമം രാജസ്ഥാനില്‍ അവിശ്വാസത്തിന്റെയും ഭിന്നിപ്പിന്റെയും അന്തരീക്ഷം സൃഷ്ടിച്ചേക്കുമെന്നും, സാമുദായിക സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന മതസൗഹാര്‍ദ്ദം തകര്‍ക്കുമെന്നും മിനാക്ഷി സിംഗ് കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം ഈ നിയമം നടപ്പാക്കാനുള്ള തീരുമാനം രാഷ്ട്രീയപ്രേരിതമാണെന്ന് ഡല്‍ഹി അതിരൂപതയുടെ ഫെഡറേഷന്‍ ഓഫ് കാത്തലിക് അസോസിയേഷന്റെ പ്രസിഡന്റ് എ.സി. മൈക്കിളും പ്രസ്താവിച്ചു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?