Follow Us On

21

December

2024

Saturday

എറണാകുളം-അങ്കമാലി അതിരൂപതയിലെ അച്ചടക്ക നടപടികള്‍ക്കായി മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ കൂരിയയില്‍ പ്രത്യേക കോടതി സ്ഥാപിച്ചു

എറണാകുളം-അങ്കമാലി അതിരൂപതയിലെ അച്ചടക്ക നടപടികള്‍ക്കായി മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ കൂരിയയില്‍ പ്രത്യേക കോടതി സ്ഥാപിച്ചു
കാക്കനാട്: സീറോമലബാര്‍സഭയുടെ ആരാധനാക്രമ വിഷയവുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്നുകൊണ്ടിരിക്കുന്ന അച്ചടക്കരാഹിത്യ പ്രവൃത്തികളെ സഭാപരമായ കാനോനിക നടപടികളിലൂടെ ക്രമപ്പെടുത്തുന്നതിനായി സീറോമലബാര്‍സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ പ്രത്യേക കോടതി 2024 ഡിസംബര്‍ പതിനെട്ടാം തീയതി നിലവില്‍വന്നു.
സഭാതലവനായ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലാണ് കോടതി സ്ഥാപിച്ചുകൊണ്ട് ഉത്തരവു നല്‍കിയിരിക്കുന്നത്. പൗരസ്ത്യസഭകള്‍ക്കായുള്ള കാനന്‍നിയമത്തിന്റെ 89-ാം നമ്പര്‍ പ്രകാരം പൗരോഹിത്യ ശുശ്രൂഷകരുടെ അച്ചടക്ക മേല്‍നോട്ടം നടത്താനുള്ള അവകാശവും കടമയും മേജര്‍ ആര്‍ച്ചുബിഷപ്പില്‍ നിക്ഷിപ്തമാണ്. കല്പനകളും മുന്നറിയിപ്പുകളും നിരാകരിക്കപ്പെട്ടാല്‍ നിയമപ്രകാരം അച്ചടക്കനടപടികള്‍ കൈക്കൊള്ളുന്നതിനായി മേജര്‍ ആര്‍ച്ചുബിഷപ്പു സ്ഥാപിക്കുന്ന പ്രത്യേക കോടതിയാണ് നിലവില്‍ വന്നിരിക്കുന്നത്.
വിശുദ്ധ കുര്‍ബാനയര്‍പ്പണത്തിന്റെ ഏകീകൃതരീതി സീറോമലബാര്‍സഭയില്‍ നിലവില്‍ വന്നത് 2021 നവംബര്‍ 28നാണ്. മാര്‍പാപ്പയും പൗരസ്ത്യ സഭകള്‍ക്കായു ള്ളകാര്യാലയവും സീറോമലബാര്‍ സഭാസിനഡും മേജര്‍ ആര്‍ച്ചുബിഷപ്പും അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററും പൊന്തിഫിക്കല്‍ ഡെലഗേറ്റും ഉപദേശരൂപേണയും കല്പനക ളായും ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണം നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടും വിശ്വാസികള്‍ക്കിടയില്‍ ഭിന്നതയ്ക്കും പൊതുസമൂ ഹത്തില്‍ വലിയ ഉതപ്പിനും ഇടയാകുന്ന വിധത്തില്‍ അച്ചടക്കലംഘനം തുടരുന്നതിനാലാണ് പ്രത്യേക കോടതിയുടെ സ്ഥാപനം അനിവാര്യമായിവന്നത്.
രൂപതാകേന്ദ്രങ്ങളിലാണ് ഇത്തരം കോടതികള്‍ സാധാരണ ഗതിയില്‍ പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍,എറണാ കുളം-അങ്കമാലി അതിരൂപതയുടെ നിലവിലെ സാഹചര്യത്തില്‍ ഇത്തരമൊരു കോടതി തുറന്നുപ്രവര്‍ത്തിക്കാന്‍ സാധ്യമല്ലെന്ന കാര്യം അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മേലധികാരികളെ അറിയിച്ചിരുന്നു. ആയതിനാല്‍, മാര്‍ ബോസ്‌കോ പുത്തൂരിന്റെ അഭ്യര്‍ത്ഥനപ്രകാരവും റോമിലെ പൗരസ്ത്യ കാര്യാലയത്തിന്റെ നിര്‍ദ്ദേശാനുസരണവുമാണ് മേജര്‍ ആര്‍ച്ചുബിഷപ്പ് ഈ പ്രത്യേക കോടതി സ്ഥാപിച്ചിരിക്കുന്നത്.
അച്ചടക്കലംഘനം നടത്തുന്ന എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍, സന്യസ്തര്‍, അല്മായര്‍ എന്നിവര്‍ക്കെതിരെ സഭാനിയമപ്രകാരം നടപടി സ്വീകരിക്കാന്‍ ഈ കോടതിക്ക് അധികാരമുണ്ടായിരിക്കും. ഈ പ്രത്യേക കോടതി പൗരസ്ത്യ സഭകളുടെ കാനന്‍നിയമസംഹിതയും മറ്റു സഭാനിയമങ്ങളും അനുസരിച്ചായിരിക്കും പ്രവര്‍ത്തിക്കുക.
കാനന്‍നിയമ പണ്ഡിതരായ ഫാ. ജെയിംസ് മാത്യു പാമ്പാറ സിഎംഐ പ്രിസൈഡിംഗ് ജഡ്ജിയായ കോടതിയില്‍ ഫാ. ജോസ് മാറാട്ടില്‍, ഫാ. ജോയ് പാലിയേക്കര എന്നിവര്‍ ജഡ്ജിമാരായിരിക്കും. ഫാ. ഗര്‍വാസീസ് ആനിത്തോട്ടത്തില്‍ നീതിസംരക്ഷകനായും ഫാ. ജോസഫ് കാമിച്ചേരി നോട്ടറിയായും പ്രവര്‍ത്തിക്കും. കൂടാതെ, അഭിഭാഷകരായി ഫാ. ജോസഫ് പരുവുമ്മേല്‍, ഫാ. ഫ്രാന്‍സിസ് ആളൂര്‍, ഫാ. മാത്യു കല്ലറക്കല്‍ എന്നിവരെയും നിയമിച്ചിട്ടുണ്ട്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?