വത്തിക്കാന്‍ സിറ്റി: ഡിസംബര്‍ 24-ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തുറക്കുന്നതോടെ കത്തോലിക്ക സഭയുടെ 2025 ജൂബിലി വര്‍ഷത്തിന് ഔദ്യോഗിക തുടക്കമാകും. ഡിസംബര്‍ 29ന് കത്തീഡ്രലുകളിലും കോ-കത്തീഡ്രലുകളിലും ബിഷപ്പുമാരുടെ കാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ട് ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കംകുറിക്കും. പ്രതീക്ഷയുടെ തീര്‍ത്ഥാടകര്‍ എന്നതാണ് ജൂബിലിയുടെ പ്രമേയം. 2026 ജനുവരി ആറിന് യേശുവിന്റെ പ്രത്യക്ഷീകരണ തിരുനാള്‍ ദിനത്തില്‍ ജൂബിലി വര്‍ഷം ഔദ്യോഗികമായി സമാപിക്കും. വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും നവീകരണത്തിന്റെയും അനുഭവം പ്രദാനം ചെയ്യുന്ന ജൂബിലി ആഘോഷങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ മുതല്‍ സൈനിക ഉദ്യോഗസ്ഥര്‍ വരെ, കുടുംബങ്ങള്‍ മുതല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ വരെ എല്ലാ വിഭാഗത്തിലുള്ളവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിശ്വാസികള്‍ക്ക് വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും പുണ്യപ്രവൃത്തികള്‍ ചെയ്യാനും അവരുടെ പാപങ്ങള്‍ മോചിക്കുവാനുമുള്ള പ്രത്യേക അവസരമാണ് ജൂബിലി. സാധാരണയായി 25 വര്‍ഷത്തിലൊരിക്കലാണ് കത്തോലിക്ക സഭയില്‍ ജൂബിലി ആചരിക്കുന്നത്. ജൂബിലി 2025 വെബ്‌സൈറ്റില്‍ ജൂബിലി വര്‍ഷത്തില്‍ വത്തിക്കാനില്‍ നടക്കുന്ന പ്രധാന പരിപാടികളുടെ കലണ്ടര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പരിപാടികള്‍ക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും ലഭ്യമാണ്.
ഈ ജൂബിലിവര്‍ഷത്തില്‍ റോമിലെ നാല് പ്രധാന ബസിലിക്കകളിലേക്കോ പ്രാദേശികമായി ഒരോ രൂപത മെത്രാനും തീരുമാനിക്കുന്ന നിര്‍ദിഷ്ട ദൈവാലയങ്ങളിലേക്കോ തീര്‍ത്ഥാടനം നടത്തുന്നവര്‍ക്ക് പൂര്‍ണ ദണ്ഡവിമോചനം പ്രാപിക്കാം.
തടവുകാരെ സന്ദര്‍ശിക്കുകപോലുള്ള കരുണയുടെ പ്രവൃത്തികള്‍വഴിയും ഉപവാസം, സോഷ്യല്‍ മീഡിയ ഉപവാസം തുടങ്ങിയ പരിഹാരപ്രവൃത്തികള്‍ വഴിയും ജൂബിലിവര്‍ഷത്തില്‍ ദണ്ഡവിമോചനം നേടാം. ദിവസത്തില്‍ രണ്ട് തവണ ദിവ്യകാരുണ്യസ്വീകരണം നടത്താന്‍ അവസരമുണ്ടായാല്‍ ഒരു ദിവസംതന്നെ രണ്ട് ദണ്ഡവിമോചനങ്ങള്‍ നേടാമെന്ന പ്രത്യേകതയും ഈ ജൂബിലിക്ക് ഉണ്ട്. കുമ്പസാരത്തിലൂടെ ലഘുപാപങ്ങളില്‍ നിന്നുപോലും വേര്‍പെട്ട അവസ്ഥ, ദിവ്യകാരുണ്യ സ്വീകരണം, മാര്‍പാപ്പയുടെ നിയോഗങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ ത്ഥന എന്നിവ ദണ്ഡവിമോചനങ്ങള്‍ക്ക് വേണ്ട അടിസ്ഥാന ഘടകങ്ങളാണ്.
Leave a Comment
Your email address will not be published. Required fields are marked with *