വാഷിംഗ്ടണ്‍ ഡിസി: സ്വയം തിരഞ്ഞെടുത്ത ‘ലിംഗ ഐഡന്റിറ്റി’പ്രകാരം തങ്ങളെ അഭിസംബോധന ചെയ്യണമെന്ന് ആവശ്യപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിക്കാന്‍ വിസമ്മതിച്ചതിന് രാജിവയ്ക്കാന്‍ നിര്‍ബന്ധിതയായ ഒഹായോയിലെ സ്‌കൂള്‍ അധ്യാപികയ്ക്ക് 4,50,000 ഡോളര്‍ സെറ്റില്‍മെന്റ് നല്‍കി അധികൃതര്‍.
അലയന്‍സ് ഡിഫന്‍ഡിംഗ് ഫ്രീഡം (എഡിഎഫ്) എന്ന ലീഗല്‍ ഗ്രൂപ്പ് പ്രതിനിധീകരിച്ച ഒഹായോ അധ്യാപികയായ വിവിയന്‍ ഗെരാഗ്റ്റിയുടെ അഭിഭാഷകരാണ് ഒത്തുതീര്‍പ്പിന്റെ വാര്‍ത്ത പത്രക്കുറിപ്പിലൂടെ അറിയിച്ചത്. വിവിയന്റെ അഭിപ്രായ സ്വാതന്ത്ര്യം ലംഘിച്ചതിന് ജാക്‌സണ്‍ ലോക്കല്‍ സ്‌കൂള്‍ ഡിസ്ട്രിക്റ്റ് നഷ്ടപരിഹാരവും കോടതി ചെലവും നല്‍കും.
തര്‍ക്കത്തിന്റെ പേരില്‍ 2022 ഡിസംബറില്‍ വിവിയന് വേണ്ടി എഡിഎഫ് കേസ് ഫയല്‍ ചെയ്തു. ഒരു സ്‌കൂളിനും അധ്യാപകരെ അവരുടെ ജോലി നിലനിര്‍ത്തുന്നതിനായി മതവിശ്വാസങ്ങള്‍ മാറ്റിവെക്കാന്‍ നിര്‍ബന്ധിക്കാനാവില്ല എന്ന് ഒത്തുതീര്‍പ്പിന്റെ വാര്‍ത്തയെ തുടര്‍ന്ന് എഡിഎഫ് ലീഗല്‍ കൗണ്‍സില്‍ ലോഗന്‍ സ്പെന പറഞ്ഞു. ‘തന്റെ വിശ്വാസത്തെ ലംഘിക്കുന്നതും വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തെ അപകടപ്പെടുത്തുന്നതുമായ ആശയങ്ങളെ സാധൂകരിക്കുന്നതിന് തന്റെ ശബ്ദം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് വിവിയന്‍ആഗ്രഹിച്ചു,’ സ്‌പെന പറഞ്ഞു.
വടക്കുകിഴക്കന്‍ ഒഹായോ നഗരമായ മസിലോണിലെ ജാക്സണ്‍ മെമ്മോറിയല്‍ മിഡില്‍ സ്‌കൂളില്‍ ഇംഗ്ലീഷ് അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു വിവിയന്‍. ‘സാമൂഹിക പരിവര്‍ത്തനം’ സുഗമമാക്കുന്നതിന് അവരുടെ ജൈവിക ലൈംഗികതയുമായി പൊരുത്തപ്പെടാത്ത സര്‍വ്വനാമങ്ങളും പേരുകളും ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ വിവിയനെ സമീപിച്ചു.തന്റെ ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ സ്വയം തിരഞ്ഞെടുത്ത ‘ലിംഗ ഐഡന്റിറ്റി’ സ്ഥിരീകരിക്കാന്‍ വിവിയന്‍ വിസമ്മതിച്ചു. അധികൃതരെ ഈ വിവരം ധരിപ്പിച്ചപ്പോള്‍ പാഠ്യപദ്ധതി ഡയറക്ടര്‍ രാജി ഉടന്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *