Follow Us On

25

December

2024

Wednesday

ക്രിസ്മസ് ദൈവത്തിന്റെ വിസ്മയം

ക്രിസ്മസ്  ദൈവത്തിന്റെ വിസ്മയം

ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍
(പ്രസിഡന്റ് കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി)

 

 

വിസ്മയങ്ങളുടെ ദൈവം എന്നുള്ളത് എന്റെ ജീവിതാനുഭവമാണ്. ദൈവം എന്റെ ജീവിതത്തിലേക്ക് ഓരോ നിമിഷവും കടന്നുവരുന്നത് ഞാന്‍ അനുഭവിച്ചിട്ടുണ്ട്. സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ഭാവത്തില്‍, ദുഃഖത്തിന്റെയും സഹനത്തിന്റെയും ഭാവത്തില്‍. ഓരോ നിമിഷവും ഓരോ കുദാശയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നു വെച്ചാല്‍ കുദാശകള്‍ ദൈവവരപ്രസാദത്തിന്റെയും കൃപയുടെയും അടയാളാണല്ലോ. ദുഃഖമാകട്ടെ, സന്തോഷമാകട്ടെ അവയൊക്കെ ദൈവം നല്‍കുന്ന കൃപകളാണ്. ദൈവം തരുന്നതൊക്കെ അനുഗ്രഹമാണെന്ന് കരുതി അവയെ സ്വീകരിക്കുവാന്‍ തയാറാവുക.

വിസ്മയങ്ങളുടെ ദൈവം
എല്ലാം നന്മയ്ക്കായി പരിണമിക്കുന്നു എന്നാണല്ലോ ദൈവത്തിന്റെ വചനം പറയുന്നത്. ബൈബിളിന്റെ ആദ്യത്തെ പേജ് മുതല്‍ ദൈവം വിസ്മയങ്ങളുടെ ദൈവം ആയിട്ടാണ് അവതരിക്കുന്നത്. സൃഷ്ടി ഒരു വിസ്മയം ആണല്ലോ. ദൈവം പറയുന്ന ഓരോ വാക്കിന്റെയും മാറ്റൊലിയില്‍ ആകാശവും ഭൂമിയും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പക്ഷികളും മൃഗങ്ങളും മനുഷ്യനും എല്ലാം ഉണ്ടാകുന്നു. പ്രപഞ്ചത്തിന്റെ മുന്‍പില്‍ വിസ്മയമായി ദൈവം അവതരിക്കുകയാണ്. ഇസ്രായേല്‍ ജനത്തിന്റെ വിളിയും വിമോചനവും ഒരു വിസ്മയമാണല്ലോ. പെരുകുംതോറും തളര്‍ന്നുകൊണ്ടിരുന്ന ഒരു ജനത. പീഡനത്തിലും അവര്‍ വളരുകയായിരുന്നു, കാരണം ദൈവത്തിന്റെ ശക്തമായ കരങ്ങള്‍ അവരോട് കൂടെയുണ്ടായിരുന്നു. ഒരു കഴുകനെപ്പോലെ അവരെ ദൈവം തന്റെ ചിറകുകളുടെ ഇടയില്‍ സംരക്ഷിച്ചു. അതുകൊണ്ടാണല്ലോ സങ്കീര്‍ത്തനങ്ങളില്‍ നാം പ്രാര്‍ത്ഥിക്കുന്നത്, അങ്ങയുടെ ചിറകുകള്‍ക്കിടയില്‍ എന്നെ സംരക്ഷിക്കണമെന്ന്. ദൈവത്തിന്റെ മനുഷ്യവതാരമായ ക്രിസ്മസ് തന്നെ ഒരു വിസ്മയം ആണല്ലോ. സര്‍വ്വശക്തനായ ദൈവം ബലിഹീനനായ ഒരു മനുഷ്യനാവുക, മനുഷ്യരോടുകൂടെ വസിക്കുക, അവരുടെ വേദനയിലും സങ്കടങ്ങളിലും പങ്കുചേരുക. പാപമൊഴികെ എല്ലാറ്റിലും അവിടുന്ന് മനുഷ്യരുമായി താദാത്മ്യം പ്രാപിച്ചു എന്നാണ് ബൈബിള്‍ പറയുക.

ക്രിസ്മസിന്റെ അര്‍ത്ഥം
ദൈവത്തിന്റെ പുസ്തകത്തില്‍, യോഹന്നാന്റെ സുവിശേഷത്തില്‍, ക്രിസ്മസിന്റെ അര്‍ത്ഥം രേഖപ്പെടുത്തിയിട്ടുണ്ട് ‘വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു’ (യോഹന്നാന്‍ 1: 14). വചനം ദൈവമാണ്, ദൈവം മനുഷ്യനായി അവതരിച്ചു എന്ന സദ്‌വാര്‍ത്ത വളരെ ചുരുക്കി യോഹന്നാന്‍ അവതരിപ്പിക്കുകയാണ്. അപ്പോള്‍ ദൈവത്തിന്റെ മനുഷ്യാവതാര രഹസ്യത്തിന്റെ രത്‌ന ചുരുക്കമാണ് ക്രിസ്മസും പുല്‍ക്കൂടും നക്ഷത്രങ്ങളും. ക്രിസ്മസ് കമ്പോളവല്‍ക്കരിക്കുകയാണല്ലോ ഈ കാലഘട്ടത്തില്‍. ക്രിസ്മസിന്റെ യഥാര്‍ത്ഥ അര്‍ത്ഥതലങ്ങളിലേക്ക് കടന്നുവരുവാന്‍ ഓരോ വിശ്വാസിക്കും കഴിയണം.

ദൈവത്തിന്റെ
സ്വയം ശൂന്യവല്‍ക്കരണം
ഫിലിപ്പിയര്‍ക്ക് എഴുതിയ ലേഖനത്തില്‍ രണ്ടാം അധ്യായം 6 മുതല്‍ 11 വരെ ദൈവത്തിന്റെ ശൂന്യവല്‍ക്കരണത്തെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. യേശുക്രിസ്തു ജനിച്ചത് ബെത്‌ലഹേമിലാണ്.
ബെത്‌ലഹേം ദൈവം ചെറുതായ ഒരു സ്ഥലം, ദൈവം കുനിഞ്ഞ സ്ഥലം. ദൈവം വിനീതനായ സ്ഥലം, ദൈവം എല്ലാം വിട്ടുകൊടുത്ത സ്ഥലം. മനുഷ്യരാശി യുദ്ധങ്ങളില്‍നിന്നും ആക്രമണങ്ങളില്‍നിന്നും നശീകരണ പ്രവര്‍ത്തനങ്ങളില്‍നിന്നും മോചനം പ്രാപിക്കണമെങ്കില്‍ ദൈവം പഠിപ്പിക്കുന്ന ഈ ശൈലി ജീവിക്കാന്‍ പഠിക്കണം.
കുനിയാന്‍, എളിമപ്പെടാന്‍, വിട്ടുകൊടുക്കാന്‍, സ്വയം ശൂന്യവല്‍ക്കരിക്കാന്‍ തയാറാകണം. മനുഷ്യന്റെ ഈഗോ, ഞാനെന്ന ഭാവം ഇല്ലാതാക്കാന്‍ ദൈവം പഠിപ്പിക്കുന്ന ദര്‍ശനമാണ് ബെത്‌ലഹേം. മനുഷ്യന്‍ ദൈവത്തിന്റെ ദര്‍ശനം സ്വന്തമാക്കണമെന്ന് മനുഷ്യാവതാരം നമ്മളെ പഠിപ്പിക്കുന്നു.
ഇന്നത്തെ മനുഷ്യന്റെ ചിന്ത നാല് ഭാവങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
I am ok you are not ok
You are ok I am not ok
I am not ok you are not ok
You are ok I am ok
ഏതു വിഭാഗത്തിലാണ് നിങ്ങള്‍ ഉള്ളത് എന്ന് ഓര്‍ത്തു നോക്കുക’: ഞാന്‍ മാത്രം ശരി നീ ശരിയല്ല, നീ മാത്രം ശരി ഞാന്‍ ശരിയല്ല, ഞാനും നീയും ശരിയല്ല, ഞാനും നീയും ശരിയാണ്. അവസാനം പറഞ്ഞ ദര്‍ശനത്തിലേക്ക് – നീയും ഞാനും ശരിയാണ്, നിന്നെ ഞാന്‍ അംഗീകരിക്കുന്നു, നീ എന്നെയും അംഗീകരിക്കുക എന്ന തത്വത്തിലേക്ക് കടന്നുവരണം. ജീവിതത്തില്‍ നമ്മള്‍ നടത്തേണ്ട ഒരു ‘പാരഡയിം ഷിഫ്റ്റ്’ ആണ് കാലിത്തൊഴുത്തിലേക്കുള്ള വഴി. അതല്ലേ നമ്മള്‍ പറയുന്ന മാനസാന്തര ജീവിതം. സമയം സമാഗതമായി ദൈവരാജ്യം സമീപിച്ചിരിക്കുന്നു പശ്ചാത്തപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍ എന്ന വസ്തുതയില്‍ ജീവിക്കുവാന്‍ ബെത്‌ലഹേമിലെ ക്രിസ്മസ് നമ്മെ പഠിപ്പിക്കുന്നു.

ക്രിസ്മസും പുല്‍ക്കൂടും
നമുക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ് തിരിപ്പിറവി ദൃശ്യം. പുല്‍ക്കൂട് ഉണ്ടാക്കുന്ന വിസ്മയവും അത്ഭുതവും ഒരിക്കലും അവസാനിക്കുന്നില്ല. യേശുവിന്റെ ജനനത്തിന്റെ ചിത്രീകരണം ആണല്ലോ പുല്‍ക്കൂട്. ദൈവപുത്രന്റെ മനുഷ്യാവതാര രഹസ്യത്തിന്റെ ലളിതവും ആനന്ദപൂര്‍ണവുമായ ഒരു പ്രഘോഷണം ആണിത്. പുല്‍ക്കൂട് വലിയൊരു സുവിശേഷ പ്രസംഗമാണെന്നാണ് അതിന്റെ അര്‍ത്ഥം.
ക്രിസ്മസ് നമ്മെ ഓര്‍മിപ്പിക്കുന്നത് എന്താണ്?. ഓരോ പുരുഷനെയും സ്ത്രീയെയും സന്ദര്‍ശിക്കുന്നതിനായി മനുഷ്യനായി തീര്‍ന്ന് പാപിയെയും വിശുദ്ധനെയും രക്ഷിക്കുന്നതിന് നമ്മളില്‍ ഒരാളായി തീര്‍ന്ന ദൈവത്തിന്റെ എളിമയാല്‍ നാമും ആകര്‍ഷിക്കപ്പെടുന്നു. ദൈവത്തിന്റെ സ്‌നേഹം എത്ര വലുതാണെന്ന് മനസിലാക്കുന്നു. ദൈവസ്‌നേഹത്തിന്റെ പ്രതീകമാണ് പുല്‍ക്കൂട്. അത് വിസ്മയകരമായ അടയാളമാണെന്നാണ് ഫ്രാന്‍സിസ് പാപ്പ പറയുന്നത്. ഇത്രമാത്രം മനുഷ്യ ഹൃദയത്തെ സ്പര്‍ശിക്കുന്ന മറ്റെന്തെങ്കിലും ഉണ്ടോ? പുല്‍ക്കൂട് ദൈവത്തിന്റെ രക്ഷാകര രഹസ്യത്തിന്റെ ഒരു സംഗ്രഹമാണ്. അവിടെ ക്രിസ്മസും ദുഃഖവെള്ളിയും ഈസ്റ്ററും സ്വര്‍ഗാരോഹണവും എല്ലാം സന്നിഹിതമാണ്. ചുരുക്കത്തില്‍ പ്രപഞ്ചത്തിന്റെ ആരംഭം മുതല്‍ അവസാനം വരെ ഉള്ള കഥ ലളിതമായി പറയുന്ന ഒരിടമാണ് പുല്‍ക്കൂട്. അത് ചരിത്രത്തില്‍ ആവിഷ്‌കരിച്ചത് ദൈവംതന്നെയാണ്. ചുരുക്കത്തില്‍ ക്രിസ്മസ് ദൈവത്തിന്റെ മനുഷ്യാവതാരമാണ്, സ്വയം ശൂന്യവല്‍ക്കരണമാണ്. മനുഷ്യന്‍ ചെറുതാകണമെന്ന് പഠിപ്പിക്കുന്ന പാഠപുസ്തകമാണ് പുല്‍ക്കൂട്.
വരുവിന്‍, നമുക്ക് ബെത്‌ലഹേമില്‍ പോയി ഉണ്ണിയേശുവിനെ കാണാം. അവനുമായുള്ള കണ്ടുമുട്ടലിലൂടെ നമുക്ക് രൂപാന്തരപ്പെടാം, മാനസാന്തരപ്പെടാം.

എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?