ഇടുക്കി: ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ച ക്രിസ്തുജയന്തി ജൂബിലി വര്‍ഷം ഇടുക്കി രൂപതയില്‍ ഉദ്ഘാടനം ചെയ്തു. വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ദൈവാലയത്തില്‍ ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. സെന്റ് ജോര്‍ജ് എല്‍പി സ്‌കൂളില്‍ പ്രത്യേക പ്രാര്‍ത്ഥനയോടെ ചടങ്ങുകള്‍ ആരംഭിച്ചു.
വാഴത്തോപ്പ് ഇടവകയിലെ കൈകാരന്മാര്‍ സമര്‍പ്പിച്ച ജൂബിലി കുരിശ് മെത്രാന്‍ വെഞ്ചരിച്ച് പ്രതിഷ്ഠിച്ചു. തുടര്‍ന്ന് നടന്ന പ്രദക്ഷിണത്തില്‍ നൂറിലധികം മാലാഖ വേഷധാരികളായ കുട്ടികളും അള്‍ത്താര ബാലന്മാരും അണിനിരന്നു. പ്രദക്ഷിണം പ്രധാന കവാടത്തിങ്കലെത്തിയപ്പോള്‍ രൂപതാ മെത്രാന്‍ ഔദ്യോഗികമായി കത്തീഡ്രലിന്റെ വാതില്‍ തുറന്ന് ദൈവാലയത്തില്‍ പ്രവേശിച്ചു. തുടര്‍ന്ന് ജൂബിലി കുരിശ് പരസ്യ വണക്കത്തിനായി കത്തീഡ്രലിനുള്ളില്‍ പ്രതിഷ്ഠിച്ചു. മാമ്മോദീസാവൃത നവീകരണം നടത്തി രൂപതാധ്യക്ഷന്‍ വിശ്വാസി സമൂഹത്തെ വിശുദ്ധ ജലം തളിച്ച് ആശീര്‍വദിച്ചു.
അതേതുടര്‍ന്ന് ജൂബിലിതിരി തെളിച്ച് മഹാജൂബിലി 2025 ന്റെ ഇടുക്കി രൂപതാതല ഉദ്ഘാടനം രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നിര്‍വഹിച്ചു. പൊന്തിഫിക്കല്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുന്നോടിയായി നടന്ന കാഴ്ചസമര്‍പ്പണത്തില്‍ വൈദിക-സന്യാസ പ്രതിനിധികള്‍, ഭക്തസംഘടനകളുടെ ഭാരവാഹികള്‍, പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിനിധികള്‍, വൈദി ക വിദ്യാര്‍ഥികള്‍, സന്യാസിനി അര്‍ത്ഥിനികള്‍ എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്നു നടന്ന വി. കുര്‍ബാനയില്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
വി. കുര്‍ബാനയുടെ സമാപനത്തില്‍ ജൂബിലി വര്‍ഷത്തിന്റെ സവിശേഷതയായ പൂര്‍ണദണ്ഡവിമോചനത്തോടുകൂടിയ അപ്പസ്തോലിക ആശീര്‍വാദം മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നല്‍കി. ജൂബിലിയോട് അനുബന്ധിച്ച് രൂപതയിലെ 5 ദൈവാലയങ്ങള്‍ ജൂബിലി തീര്‍ത്ഥാടന കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഡിക്രി ചാന്‍സലര്‍ റവ.ഡോ. മാര്‍ട്ടിന്‍ പൊന്‍പനാല്‍ വായിച്ചു.
തീര്‍ത്ഥാടന കേന്ദ്രങ്ങളായി പ്രഖ്യാപിക്കപ്പെട്ട അടിമാലി, നെടുംകണ്ടം, വാഴത്തോപ്പ്, രാജകുമാരി, എഴുകുംവയല്‍ കുരിശുമല തുടങ്ങിയ ദൈവാലയങ്ങളിലെ വികാരിമാര്‍ രൂപതാ മെത്രാനില്‍ നിന്നും പ്രഖ്യാപന രേഖ കൈപ്പറ്റി. രൂപതാ വികാരി ജനറാള്‍മാരായ മോണ്‍. ജോസ് കരിവേലിക്കല്‍, മോണ്‍. ജോസ് പ്ലാച്ചിക്കല്‍, മോണ്‍. അബ്രഹാം പുറയാറ്റ്, കത്തീഡ്രല്‍ വികാരി ഫാ. ഫ്രാന്‍സിസ് ഇടവകണ്ടം, ചാന്‍സലര്‍ ഫാ. മാര്‍ട്ടിന്‍ പൊന്‍പനാല്‍, ജൂബിലി കോ-ഓര്‍ഡിനേറ്റര്‍ ഫാ. മാത്യു അഴകനാകുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
2025 ഡിസംബര്‍ 28 നാണ് ജൂബിലി വര്‍ഷം സമാപിക്കുന്നത്. വിപുലമായ ഒരുക്കങ്ങളോടുകൂടിയാണ് ഇടുക്കി രൂപതയില്‍ ജൂബിലി വര്‍ഷം ആചരിക്കുന്നതെന്ന് രൂപതാ വക്താവ് ഫാ. ജിന്‍സ് കാരക്കാട്ട് പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *