Follow Us On

15

February

2025

Saturday

വനം നിയമ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കണം: സീറോമലബാര്‍ സഭാസിനഡ്

വനം നിയമ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കണം: സീറോമലബാര്‍ സഭാസിനഡ്
കാക്കനാട്: വനം നിയമ ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കണമെന്ന് സീറോമലബാര്‍ സഭാസിനഡ്. 1961-ല്‍ പ്രാബല്യത്തില്‍ വരികയും പലപ്പോഴായി പരിഷ്‌കരിക്കപ്പെടുകയും ചെയ്ത കേരള ഫോറസ്റ്റ് ആക്ട് വീണ്ടും പരിഷ്‌കരിക്കുന്നതിന് മുന്നോടിയായി പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് വിജ്ഞാപനത്തിന്മേല്‍ സിനഡില്‍ നടന്ന ചര്‍ച്ചയിലാണ് ഈ ആവശ്യമുയര്‍ന്നത്.
ആശങ്കയുളവാക്കുന്നതും ജനോപദ്രവകരവുമായ ചില മാറ്റങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഈ നിയമഭേദഗതി ഗൗരവതരമായ ശ്രദ്ധ അര്‍ഹിക്കുന്നു. ജനപക്ഷത്തുനിന്നുള്ള പരിഷ്‌കരണങ്ങള്‍ക്ക് പകരം കൂടുതല്‍ ജനദ്രോഹപരമായ മാറ്റങ്ങളാണ് പ്രഥമദൃഷ്ട്യാ പുതിയ ബില്ലില്‍ കാണുന്നതെന്ന് സിനഡ് ചൂണ്ടിക്കാട്ടി.
വന്യജീവിശല്യം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അത് ഫലപ്രദമായി നിയന്ത്രിക്കുന്നതിനുള്ള വകുപ്പുകളാണ് കൂട്ടിച്ചേര്‍ക്കപ്പെടേണ്ടത്. കേരളത്തില്‍ വനാവരണം വര്‍ധിച്ചുവരുന്നു എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കെ, കര്‍ഷകരെയും ഗ്രാമീണരെയും അന്യായമായ തടങ്കലിലേക്കും നിയമ വ്യവഹാരങ്ങളിലേക്കും തള്ളിവിടുമെന്ന ഭയപ്പാട് അനേകര്‍ പങ്കുവെക്കുന്നുണ്ട്. മലയോര മേഖലകളിലുള്ള വരെയും വനാതിര്‍ത്തികളില്‍ കഴിയുന്നവരെയും കാട്ടുമൃഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ നിയമങ്ങള്‍ ഉണ്ടാക്കുന്നതിനു പകരം ജനങ്ങളെ കൂടുതല്‍ ദുരിതത്തില്‍ ആഴ്ത്തുന്നതാണീ നിയമങ്ങളെന്നു സര്‍ക്കാര്‍ തിരിച്ചറിയണമെന്നും സഭാസിനഡ് ആവശ്യപ്പെട്ടു.
വനനിയമങ്ങളും വന്യമൃഗങ്ങളും ജനജീവിതത്തിന് വെല്ലുവിളികളാകുന്ന ഈ കാലഘട്ടത്തില്‍ ജനപക്ഷത്തു നിന്നുകൊണ്ടുള്ള പരിഷ്‌ക്കരണമാണ് ആവശ്യം. വിവിധ പിഴ തുകകള്‍ അഞ്ചിരട്ടി വരെയായി വര്‍ധിപ്പിച്ചിരിക്കുന്നതും, വനപ്രദേശങ്ങളിലെ മത്സ്യബന്ധനം കുറ്റകരമാക്കി യിരിക്കുന്നതും, വന വിഭവങ്ങളുടെ ഉപയോഗം കൂടുതല്‍ പരിമിതപ്പെടുത്തിയിരിക്കുന്നതും, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ അഥവാ ഫോറസ്റ്റ് ഗാര്‍ഡിന് ഡോക്യുമെന്റുകള്‍ പിടിച്ചെടുക്കാനും വാഹനം തടഞ്ഞു വയ്ക്കാനും വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരങ്ങള്‍ നല്‍കിയിരിക്കുന്നതും വലിയ ആശങ്കയുളവാക്കുന്നതാണ്.
ഇക്കാരണങ്ങളാല്‍തന്നെ, വനപാലകര്‍ക്ക് അനിയന്ത്രിതമായ അധികാരങ്ങളും ദുരുപയോഗിക്കാനുള്ള കൂടുതല്‍ സാധ്യതകളും നല്‍കുന്ന ഈ നിയമപരിഷ്‌കരണം പ്രതിഷേധാര്‍ഹവും പിന്‍വലിക്കപ്പെടേണ്ടതുമാണെന്ന് സിനഡ് വിലയിരുത്തി
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?