കാക്കനാട്: ജനത്തിന്റെ പ്രശ്‌നങ്ങളും വേദനകളും ബുദ്ധിമുട്ടുകളും കാണാനുള്ള കണ്ണുകളും കേള്‍ക്കാനുള്ള കാതുകളും എപ്പോഴും തുറന്നിരിക്കണമെന്നു കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാട്. സീറോമലബാര്‍ സഭാസിനഡ് നല്‍കിയ സ്വീകരണയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വരമില്ലാത്തവന്റെ സ്വരം ശ്രവിക്കാന്‍ തയ്യാറാകാതെ, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവനെ ചേര്‍ത്തുപിടിക്കാന്‍ മുന്നിട്ടിറങ്ങാതെ, ഒറ്റപ്പെട്ടവന്റെയും ഒറ്റപ്പെടുത്തപ്പെട്ടവന്റെയും സ്വരങ്ങള്‍ തിരിച്ചറിയാതെ സഭയ്ക്കു മുന്നോട്ടു പോകാനാകില്ലെന്നു കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി. മുറിവുകളില്‍ തൈലം പൂശുന്ന, മുറിവേറ്റവരെ വച്ചുകെട്ടുന്ന, യുദ്ധമുഖത്തെ ആശുപത്രിയായി തിരുസഭയെ കാണാന്‍ ആഗ്രഹിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മനസ് ഇതോടു ചേര്‍ത്തു വായിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ ക്ഷണം സ്വീകരിച്ച് സിനഡുസമ്മേളനത്തോടനുബന്ധിച്ച് സഭാ ആസ്ഥാനത്തെത്തിയ കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാടിനെ കൂരിയാ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലിന്റെ നേതൃത്വത്തില്‍ കൂരിയയില്‍ സേവനം ചെയ്യുന്ന വൈദികരും സിസ്റ്റേഴ്‌സും ചേര്‍ന്ന് സ്വീകരിച്ചു.
പ്രത്യേകമായി ഒരുക്കിയ അനുമോദന സമ്മേളനത്തില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, മാര്‍ ജോയ് ആലപ്പാട്ട്, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് എന്നിവര്‍ ആശംസകളറിയിച്ചു സംസാരിച്ചു. മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയും സിനഡിന്റെ ഉപഹാരങ്ങള്‍ സമ്മാനിക്കുകയും ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *