വത്തിക്കാന്‍ സിറ്റി: സത്യം, ക്ഷമ, സ്വാതന്ത്ര്യം, നീതി എന്നിവയില്‍ അധിഷ്ഠിതമായ പ്രത്യാശയുടെ നയതന്ത്രത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. പരിശുദ്ധ സിംഹാസനത്തിന് വേണ്ടി വിവിധ രാജ്യങ്ങളില്‍ നയതന്ത്രജ്ഞരായി സേവനം ചെയ്യുന്നവര്‍ക്ക് വേണ്ടിയുള്ള ‘സ്റ്റേറ്റ് ഓഫ് ദ വേള്‍ഡ്’ വാര്‍ഷിക പ്രസംഗത്തിലാണ് പാപ്പ ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്.
നിരവധി സംഘര്‍ഷങ്ങളാല്‍ കീറിമുറിക്കപ്പെട്ട ലോകത്ത് ‘ഏറ്റുമുട്ടലിന്റെ യുക്തി’ മാറ്റിവെച്ച് ‘കണ്ടുമുട്ടലിന്റെ യുക്തി’ സ്വീകരിക്കാന്‍ പാപ്പ എല്ലാവരെയും ക്ഷണിച്ചു. ‘പ്രതീക്ഷയുടെ നയതന്ത്രം’ എന്ന തന്റെ ദര്‍ശനം അവതരിപ്പിച്ച പാപ്പ, ‘സമാധാനത്തിന്റെ നവീകരിച്ച കാറ്റ്’ ഉപയോഗിച്ച് യുദ്ധത്തിന്റെ നിബിഡമായ മേഘങ്ങളെ തുടച്ചുനീക്കാന്‍ ആഹ്വാനം ചെയ്തു. സത്യത്തിന് വേണ്ടിയുള്ള സഹജമായ ആഗ്രഹം എല്ലാ മനുഷ്യരിലുമുണ്ട്. പ്രത്യാശയുടെ നയതന്ത്രം, അതിനാല്‍ യാഥാര്‍ത്ഥ്യത്തെയും സത്യത്തെയും വിജ്ഞാനത്തെയും ബന്ധിപ്പിക്കുന്ന ‘സത്യത്തിന്റെ നയതന്ത്രം’ ആയിരിക്കണം.
വാക്കുകളുടെ അര്‍ത്ഥം മാറ്റുന്നതിനും മനുഷ്യാവകാശ ഉടമ്പടികളുടെ ഉള്ളടക്കം ഏകപക്ഷീയമായി പുനര്‍വ്യാഖ്യാനിക്കുന്നതിനും ഇന്ന് നടന്നുവരുന്ന ശ്രമങ്ങളെ പാപ്പ അപലപിച്ചു. വിദ്വേഷത്താലും അക്രമത്താലും തകര്‍ന്ന ബന്ധങ്ങളെ വീണ്ടും കൂട്ടിയോജിപ്പിക്കുന്നതിനുള്ള വഴികള്‍ കണ്ടെത്താന്‍ കഴിയുന്ന ‘ക്ഷമയുടെ നയതന്ത്രം’ സാധ്യമാകണം. ഉക്രെയ്നിലെയും ഗാസയിലെയും യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. ‘യുദ്ധം എല്ലായ്‌പ്പോഴും പരാജയമാണ്’ എന്ന് ആവര്‍ത്തിച്ചുകൊണ്ട് മ്യാന്‍മര്‍, സുഡാന്‍, സഹേല്‍, ആഫ്രിക്ക, മൊസാംബിക്, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയുടെ കിഴക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളെയും മാര്‍പാപ്പ അനുസ്മരിച്ചു.
മതസ്വാതന്ത്ര്യം ഉറപ്പുനല്‍കാതെ യഥാര്‍ത്ഥ സമാധാനം സാധ്യമല്ല. മനുഷ്യക്കടത്ത്, മയക്കുമരുന്ന് കടത്ത്, മറ്റ് ആധുനിക അടിമത്തം എന്നിവയുടെ വിപത്ത് അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന ‘സ്വാതന്ത്ര്യത്തിന്റെ നയതന്ത്ര’ത്തിന് മാര്‍പാപ്പ ആഹ്വാനം ചെയ്തു. പ്രത്യാശയുടെ നയതന്ത്രം, ‘നീതിയുടെ നയതന്ത്രം’ കൂടിയാണെന്ന് കൂട്ടിച്ചേര്‍ത്ത പാപ്പ നീതിയില്ലാതെ സമാധാനം ഉണ്ടാകില്ലെന്ന് വ്യക്തമാക്കി. വധശിക്ഷ നിര്‍ത്തലാക്കണമെന്നും കാലാവസ്ഥ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങള്‍ നിയന്ത്രിക്കുന്നതിനായി സാമ്പത്തികവിഭവശേഷി പങ്കുവയ്ക്കണമെന്നും പാപ്പ അഭ്യര്‍ത്ഥിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *