Follow Us On

13

January

2025

Monday

മുനമ്പം പ്രശ്‌നം പരിഹരിക്കണം: ബിഷപ് ഡോ. ചക്കാലയ്ക്കല്‍

മുനമ്പം പ്രശ്‌നം പരിഹരിക്കണം: ബിഷപ് ഡോ. ചക്കാലയ്ക്കല്‍
നെയ്യാറ്റിന്‍കര: സ്വന്തം ഭൂമിയിലുള്ള അവകാശം സംരക്ഷിക്കാനും റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചു കിട്ടുന്നതിനുമായി പ്രക്ഷോഭത്തിലായിരിക്കുന്ന മുനമ്പം-കടപ്പുറം പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ അതീവ ഗുരുതരമായ ജീവല്‍പ്രശ്‌നം നീതിപൂര്‍വം പരിഹരിക്കണമെന്ന് കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍.  നെയ്യാറ്റിന്‍കര ലോഗോസ് പാസ്റ്ററല്‍ സെന്ററില്‍ രണ്ടു ദിവസങ്ങളിലായി നടന്ന 44-ാമത് കെആര്‍എല്‍സിസി ജനറല്‍ അസംബ്ലിക്കു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 മുനമ്പം കടപ്പുറം പ്രദേശത്തെ 610 കുടുംബങ്ങളുടെ ഭൂമിയിലുള്ള അവകാശം സംബന്ധിച്ച് സമഗ്രമായി പഠിക്കുന്നതിനായി ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച സര്‍ക്കാരിന്റെ നടപടിയെ അസംബ്ലി സ്വാഗതം ചെയ്തു. സമയബന്ധിതമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും  കാലവിളംബമില്ലാതെ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും  ബിഷപ് ചക്കാലയ്ക്കല്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കുന്നതിനും അവ പരിഹരിക്കുന്നതിനുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനും സര്‍ക്കാര്‍ രൂപീകരിച്ച ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുവാന്‍ സര്‍ക്കാര്‍ തയാറാകണം. കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടുകയും ശുപാര്‍ശകള്‍ ഗുണഭോക്താക്കളുമായി ചര്‍ച്ച ചെയ്ത് സമയബന്ധിതമായി നടപ്പിലാക്കുകയും വേണം.
 ദളിത് ക്രൈസ്തവരെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്താനുള്ള ആവശ്യം തമിഴ്‌നാട് സര്‍ക്കാര്‍ പ്രമേയം അംഗീകരിച്ച് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടതുപോലെ കേരള സര്‍ക്കാരും ഈ ആവശ്യം കേന്ദ്രസര്‍ക്കാരിനോട് ഉന്നയിക്കണമെന്ന് ബിഷപ് ഡോ. ചക്കാലയ്ക്കല്‍ ആവശ്യപ്പെട്ടു.
മുതലപ്പൊഴിയില്‍ ജീവന്‍ പൊലിയാതിരിക്കാന്‍ ശാശ്വതമായ പരിഹാരം കാണണം. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ടും മുതലപ്പൊഴി വിഷയവുമായി ബന്ധപ്പെട്ടും സഭാ സാമുദായിക പ്രതിനിധികള്‍ക്കെതിരെ എടുത്തിരിക്കുന്ന എല്ലാ ക്രിമിനല്‍ കേസുകളും പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണം.
വൈപ്പിന്‍ കരയിലെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശമായാണ് പുതുവൈപ്പ്.  ഈ പ്രദേശത്ത് സ്ഥാപിക്കപ്പെട്ട വാതക സംഭരണ പദ്ധതിയുടെ ആശങ്കകളെത്തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ സമരത്തെതുടര്‍ന്ന് കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ അറസ്റ്റ് ചെയ്യപ്പെട്ടു.   2016-2017 കാലഘട്ടത്തില്‍ എടുത്ത കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് കേസുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ പിന്‍വലിച്ച് സാധാരണക്കാരായ മനുഷ്യര്‍ക്ക് സമാധാനപൂര്‍ണ്ണമായ ജീവിതം ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ആവശ്യപ്പെട്ടു.
ജോസഫ് ജൂഡ് (കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ്), ഫാ. ജിജു ജോര്‍ജ് അറക്കത്തറ (ജനറല്‍ സെക്രട്ടറി), അഡ്വ. ഷെറി ജെ. തോമസ് (പ്രസിഡന്റ്, കെഎല്‍സിഎ), ബിജു ജോസി (ട്രഷറര്‍), സെക്രട്ടറിമാരായ പാട്രിക് മൈക്കിള്‍, മെറ്റില്‍ഡ മൈക്കിള്‍, പ്രബലദാസ്, ഷേര്‍ളി സ്റ്റാന്‍ലി (പ്രസിഡന്റ്, കെഎല്‍സിഡബ്ല്യുഎ), അനുദാസ് (ജനറല്‍ സെക്രട്ടറി, കെസിവൈഎം ലാറ്റിന്‍), നെയ്യാറ്റിന്‍കര പാസ്റ്ററല്‍ സെക്രട്ടറി പി. ആര്‍. പോള്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?