പാലക്കാട്: കത്തോലിക്ക സഭ ജൂബിലി ആഘോഷിക്കുന്ന പ്രത്യാശയുടെ വര്‍ഷമായ 2025-ല്‍ അസാധാരണമായൊരു കാരുണ്യപ്രവൃത്തിക്ക് തുടക്കംകുറിക്കുകയാണ് ക്ലരീഷ്യന്‍ വൈദികനും ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രൊജക്ട് ഷെല്‍ട്ടര്‍ ഡറയക്ടറുമായ ഫാ. ജോര്‍ജ് കണ്ണന്താനം. പാലക്കാട് രൂപതയിലെ മംഗലംഡാമിനടുത്തുള്ള പൊന്‍കണ്ടത്ത് 60 കുടുംബങ്ങള്‍ക്ക് വീടൊരുക്കാനുള്ള ശ്രമത്തിലാണ് ഈ വൈദികന്‍. ഭവനരഹിതരായവര്‍ക്ക് പ്രൊജക്ട് ഷെല്‍ട്ടര്‍ പദ്ധതിയിലൂടെ മാസത്തില്‍ 2 വീടുകള്‍ നിര്‍മിച്ചുനല്‍കികൊണ്ടിരിക്കുന്ന ഫാ. ജോര്‍ജ് കണ്ണന്താനം അതിനു പുറമേയാണ് 60 വീടുകള്‍ നിര്‍മിക്കുന്നത്. ‘എസ്‌പെരാന്‍സ’ എന്നാണ് ഈ ഭവനപദ്ധതിക്ക് നല്‍കിയിരിക്കുന്ന പേര്. സ്പാനിഷ് വാക്കായ ഏസ്‌പെരാന്‍സയുടെ അര്‍ത്ഥം പ്രതീക്ഷ എന്നാണ്.
31 വര്‍ഷംകൊണ്ട് 1500 വീടുകള്‍ നിര്‍മിച്ചു നല്‍കിയ ഫാ. കണ്ണന്താനം 2023 ഒക്‌ടോബര്‍ രണ്ടിനാണ് പ്രൊജക്ട് ഷെല്‍ട്ടര്‍ ഭവനപദ്ധതിക്ക് തുടക്കംകുറിച്ചത്. മാസത്തില്‍ ഒരു വീട് നിര്‍മിച്ചു നല്‍കുക എന്നതായിരുന്നു പദ്ധതി. ആ ലക്ഷ്യം കൈവരിക്കാന്‍ സാധിച്ചപ്പോള്‍ 2024 ഒക്‌ടോബര്‍ മുതല്‍ മാസംതോറും രണ്ടുവീടുകള്‍ നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. 10 ലക്ഷം രൂപ ചെലവു വരുന്ന വീടുകളാണ് നിര്‍മിക്കുന്നത്. ഭിന്നശേഷിക്കാര്‍, മാരകരോഗം ബാധിച്ചവര്‍, വിധവകള്‍, പ്രകൃതിദുരന്തങ്ങളില്‍ ഭവനം നഷ്ടമായവര്‍ എന്നിങ്ങനെ ഉള്ളവര്‍ക്കാണ് വീടുകള്‍ നല്‍കുന്നത്. ക്ലരീഷ്യന്‍ വൈദികരുടെ നിയന്ത്രണത്തിലുള്ള ഹോപ് സൊസൈറ്റിയാണ് പ്രൊജക്ട് ഷെല്‍ട്ടര്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ടോം ജോര്‍ജ് കിഴക്കേപറമ്പിലാണ് ഈ പ്രൊജക്ടിനുവേണ്ടി പൊന്‍കണ്ടത്ത് ഒന്നര ഏക്കര്‍ സ്ഥലം സൗജന്യമായി നല്‍കിയത്. അവിടെ നിര്‍മിക്കുന്ന നാല് വീടുകളുടെ തറക്കല്ലിടീല്‍ കര്‍മവും പ്രോജക്ട് ഷെല്‍ട്ടര്‍ പദ്ധതിയിലൂടെ മുടപ്പല്ലൂരില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനവും ആലത്തൂര്‍ എംഎല്‍എ കെ.ഡി പ്രസേനന്‍ നിര്‍വഹിച്ചു. വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ രമേഷ് അധ്യക്ഷത വഹിച്ചു. മംഗലംഡാം ഫൊറോന വികാരി ഫാ. സുമേഷ് നാല്പതാംകുളം, ഫാ. പോള്‍ കാട്ടൂക്കാരന്‍, പ്രൊജക്ട് ഷെല്‍ട്ടര്‍ ഡയറക്ടര്‍ ഫാ. ജോര്‍ജ് കണ്ണന്താനം തുടങ്ങിയവര്‍ സംബന്ധിച്ചു.
സുവര്‍ണ്ണ കര്‍ണാടകയിലെ കേരള സമാജത്തിന്റെ സഹകരണത്തോടെ പ്രൊജക്ട് ഷെല്‍ട്ടര്‍ കര്‍ണാടകയില്‍ നിര്‍മിക്കുന്ന 25 വീടുകളുടെ നിര്‍മാണം നടന്നുവരുകയാണ്. കുഷ്ഠരോഗികളെയും എയ്ഡ്‌സ് രോഗികളെയും സംരക്ഷിക്കുന്ന ബംഗളൂരു അതിരൂപതയുടെ നേതൃത്വത്തിലുള്ള സുമ്മനഹള്ളി റിഹാബിലിറ്റേഷന്‍ സെന്റര്‍ ഡയറക്ടര്‍ കൂടിയാണ് ഫാ. കണ്ണന്താനം. പ്രത്യാശയുടെ വര്‍ഷത്തില്‍ ചെയ്യാന്‍ കഴിയുന്ന വലിയൊരു കാരുണ്യപ്രവര്‍ത്തനമായിട്ടാണ് ഈ പദ്ധതിയെ അദ്ദേഹം കാണുന്നത്. അടുത്ത10 വര്‍ഷത്തിനുള്ളില്‍ നമ്മുടെ ഇടവകാതിര്‍ത്തികളില്‍ വീടുകള്‍ ഇല്ലാത്ത ആരും ഉണ്ടാകരുതെന്നതാണ് ഫാ. കണ്ണന്താനത്തിന്റെ സ്വപ്‌നം. 1000 പേര്‍ 1000 രൂപവീതം നല്‍കുമ്പോള്‍ ഭവനമില്ലാത്ത ഒരു കുടുംബത്തിന് വീടാകുമെന്ന് ഫാ. കണ്ണന്താനം പറയുന്നു.
Leave a Comment
Your email address will not be published. Required fields are marked with *