ഡോ. ബിന്‍സ് എം. മാത്യു
”ദൈവം നമ്മെ ഏല്പിച്ചിരിക്കുന്ന വിലപ്പെട്ട ദാനങ്ങളാണ് ജീവനും ശാരീരികാരോഗ്യവും. മറ്റുള്ളവരുടെ ആവശ്യങ്ങളും പൊതുനന്മയും കണക്കിലെടുത്തുകൊണ്ട്, നാം പ്രസ്തുത ദാനങ്ങളെ യുക്തമായി പരിരക്ഷിക്കേണ്ടിയിരിക്കുന്നു” (കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം 2288).
വൈദ്യന്‍ ദൈവതുല്യനാണെന്ന് പറയാറുണ്ട്. ദൈവത്തിലും ഡോക്ടറിലും നാം വിശ്വസിക്കുകയാണ്. പലപ്പോഴും ശരീരവും മനസും അവര്‍ക്കുമുമ്പില്‍ അടിയറവയ്ക്കുകയാണ്മനുഷ്യര്‍. തലച്ചോറ് മാത്രമല്ല ഹൃദയവും ചേരുമ്പോഴാണ് ഏതു ശാസ്ത്രവുംപോലെ മെഡിക്കല്‍ സയന്‍സും മാനവികമാകുന്നത്. ‘സ്‌നേഹിക്കയില്ല നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും’ എന്ന് വയലാര്‍ പാടിയ തത്വശാസ്ത്ര ത്തില്‍ എല്ലാ ശാസ്ത്രവുമുണ്ട്. മനുഷ്യശരീരമാണ് മെഡിക്കല്‍ സയന്‍സിന്റെ പ്രവര്‍ത്തന മേഖല. ശരീരം ദൈവത്തിന്റെ ആലയമാണെന്നാണ് ക്രൈസ്ത വിശ്വാസം.
നിര്‍ഭാഗ്യമെന്നു പറയട്ടെ മെഡിക്കല്‍ പഠനം ഭാരിച്ച ചെലമുള്ള ഒന്നായിമാറുമ്പോള്‍ മെഡിക്കല്‍ എത്തിക്‌സ് കാറ്റില്‍ കരിയിലപോലെ പറന്നുപോകുന്നത് നാം കാണുന്നു. ഇന്ത്യയില്‍ മെഡിക്കല്‍ നെഗ്ലിജന്‍സ് കേസുകള്‍ അടുത്ത വര്‍ഷങ്ങളില്‍ വലിയ തോതില്‍ വര്‍ധിക്കുന്നത് ഈ രംഗത്തെ മൂല്യച്യുതിയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കേരളത്തില്‍ 2022 ലെ കണക്കനുസരിച്ച് 1287 ഗവണ്‍മെന്റ് ഹോസ്പിറ്റലുകളും അതിന്റെ അഞ്ചിരട്ടിയിലധികം സ്വകാര്യ ഹോസ്പിറ്റുകളും ഉണ്ട്. ശസ്ത്രക്രിയ ഉപകരണങ്ങള്‍ ശരീരത്തില്‍ മറന്നുവയ്ക്കുക, കാന്‍സര്‍ ഇല്ലാത്ത ആള്‍ക്ക് കീമോതെറാപ്പി നല്‍കുകതുടങ്ങി എത്രയധികം ചികിത്സാപ്പിഴവുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെ ടുന്നത്. ചികിത്സാപിഴവുകളുടെ കാര്യത്തില്‍ കേരളം മുന്‍പന്തിയില്‍ത്തന്നെയുണ്ട്. നമ്മുടെ ആരോഗ്യ രംഗത്തെക്കുറിച്ച് വലിയൊരു പുനരാലോചന നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ആരോഗ്യനികേതനം
ഓരോ ആരോഗ്യ പ്രവര്‍ത്തകരും ഹൃദയത്തോട് ചേര്‍ക്കേണ്ട പുസ്തകമാണ് പ്രശസ്ത ബംഗാളി സാഹിത്യകാരനായ താരാശങ്കര്‍ ബാനര്‍ജിയുടെ ആരോഗ്യനികേതനം എന്ന നോവല്‍. സാധിക്കുമെങ്കില്‍ എംബിബിഎസ് പാഠ്യപദ്ധതിയുടെ ഭാഗമായി ഇത് ഉള്‍പ്പെടുത്തണം. ഒരു വൈദ്യനെന്ന നിലയില്‍ നാടിന്റെ ഹൃദയതാളമായി മാറിയ ജീവന്‍ മശായിയാണ് കഥയിലെ നായകന്‍. ഒരിക്കലും ആരേയും നിരാശപ്പെടുത്താതെ,ജീവന്റെ കാവലാളായി അന്ധയും ബധിരയും സ്വര്‍ണത്തലമുടിക്കാരിയുമായ മരണം അടുത്തു വരുന്നതും അകന്നുപോകുന്നതും നാഡീസ്പന്ദനംകൊണ്ട് തിരിച്ചറിഞ്ഞ് അയാള്‍ ജീവിക്കുന്നു. വൈദ്യം അയാള്‍ക്ക് ഉപജീവനമാണ് കച്ചവടമല്ല.
ശരീരം ദൈവത്തിന്റെ
മണ്‍കുടില്‍
ശരീരം ദൈവാലയമാണെന്നാണ് ക്രൈസ്തവ വിശ്വാസം. ശരീരത്തെ അനധികൃതമായി പരീക്ഷണ വസ്തുവാക്കുന്നത് ധാര്‍മ്മികമായി തെറ്റാണ്. മനുഷ്യരിലെ മരുന്നു പരീക്ഷണങ്ങളെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് ക ണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ അനുമതിയോടുകൂടി വേണം പരീക്ഷണങ്ങള്‍ നടത്താന്‍. എന്നാല്‍, ഇന്ത്യ മരുന്നു പരീക്ഷണങ്ങളുടെ പറുദീസയെന്നാണ് അറിയപ്പെടുന്നത്. വിദേശ രാജ്യങ്ങളില്‍ മരുന്നു പരീക്ഷണത്തിന് ക്രിനിക്കല്‍ ട്രയലുകള്‍ക്ക് വലിയ പണം നല്‍കണം. അധികം പണച്ചെലവില്ലാതെ മൂന്നാം ലോകരാജ്യങ്ങളില്‍ പരീക്ഷണം നടത്താന്‍ മരുന്നു കമ്പനികള്‍ക്ക് സാധിക്കും. 15 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി ഇന്ത്യയില്‍ മരുന്നു പരീക്ഷണങ്ങള്‍ വര്‍ധിച്ചിരിക്കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
അനധികൃതമായി മരുന്നു കമ്പനികളും ഡോക്ടര്‍മാരും ചേര്‍ന്നു നടത്തുന്ന നിയമപരമല്ലാത്ത പരീക്ഷണങ്ങളും സുലഭമാണ്. നമ്മുടെ ശരീരം പരീക്ഷണവസ്തുവാകുന്നത് നാംപോലും അറിയണമെന്നില്ല. കേരളത്തിലെ പ്രശസ്തമായ ഒരു ഹോസ്പിറ്റലില്‍ നടന്ന മരുന്നു പരീക്ഷണത്തെപ്പറ്റി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വായിലെ കാന്‍സറിനുള്ള മരുന്ന് മതിയായ മാനദണ്ഡങ്ങള്‍ പാലിക്കാതെ രോഗികളില്‍ പരീക്ഷണം നടത്തിയെന്നായിരുന്നു ആരോപണം. ഇന്ത്യയെ ലോകത്തിന്റെ ഫാര്‍മസി എന്നാണ് വിളിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്ന് മരുന്നാണ്.
പ്രോട്ടോക്കോള്‍
യൂറോപ്യന്‍ രാജ്യങ്ങളില്‍ കൃത്യമായ ചികിത്സാ പ്രോട്ടോക്കോളുകള്‍ ഉണ്ട്. ഒരു രോഗലക്ഷണവുമായി വരുന്ന രോഗിക്ക് നല്‍കാവുന്ന ടെസ്റ്റുകള്‍, മരുന്നുകള്‍ എന്നിവയെക്കുറിയുള്ള മാര്‍ഗരേഖ അനുസരിച്ചാണ് ഡോക്ടര്‍മാര്‍ പ്രവര്‍ത്തിക്കുന്നത്.
വിദേശരാജ്യങ്ങളിലുള്ളതുപോലെ കൃത്യമായ ചികിത്സാ മാദണ്ഡങ്ങള്‍ നമ്മുടെ നാട്ടിലും ഉണ്ടാകണം. കൃത്യമായമാനദണ്ഡമുണ്ടെങ്കില്‍ ഡോക്ടര്‍മാര്‍ക്ക് അതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ മതിയാകും. യൂറോപ്യന്‍ നിലവാരത്തിലുള്ള ആരോഗ്യരംഗമെന്ന് അഭിമാനിക്കുന്നത് നല്ലതാണ്. പക്ഷേ യൂറോപ്യന്‍ രാജ്യങ്ങള്‍ ആരോഗ്യരംഗത്ത് ഉണ്ടായേക്കാവുന്ന ചൂഷണത്തെ പ്രതിരോധിക്കാന്‍ കൊണ്ടുവന്നിട്ടുള്ള പ്രോട്ടോക്കോളുകളും ഗൈഡ്‌ലൈനുകളും നമ്മള്‍ എന്തുകൊണ്ട് മാതൃകയാക്കുന്നില്ല? സാധനങ്ങള്‍ക്ക് എംആര്‍പി രേഖപ്പെടുത്തണമെന്ന് നിഷ്‌കര്‍ഷയുള്ള രാജ്യത്ത് ആരോഗ്യ സേവനങ്ങള്‍ക്കുള്ള ഫീസ് എന്തുകൊണ്ട് പരസ്യപ്പെടുത്തുന്നില്ല? കേരള ഗവണ്‍മെന്റ് ഇത്നടപ്പാക്കാന്‍ ആലോചിച്ചെങ്കിലും പിന്നീട് ഫയല്‍ പൂട്ടിക്കെട്ടി. ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമുള്ളതുപോലെ രോഗികള്‍ക്കും ചില അവകാശങ്ങളില്ലേ?
കാന്‍സര്‍ നിരക്കില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്-ലക്ഷത്തില്‍ 153 പേര്‍ക്ക്. തൊട്ടടുത്തുള്ള സംസ്ഥാനമായമിസോറാമില്‍ ലക്ഷത്തില്‍ 121 പേര്‍ക്ക്. കേരളത്തിലെ 37 ശതമാനം ആളുകള്‍ക്കും ഹൈപ്പര്‍ ടെന്‍ഷന്‍ ഉണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ കണക്ക് പ്രകാരം കേരളത്തിലെ27 ശതമാനം ഡയബറ്റിക് ബാധിതര്‍. അതിലും നമ്മുടെ സംസ്ഥാനത്തിന് ഒന്നാം സ്ഥാനം. കേരളത്തില്‍ ഒരു മാസം 2.5 ലക്ഷം ഡയാലിസിസുകള്‍ നടക്കുന്നുവെന്നാണ് കണക്ക്.
ജനനം പ്രധാനം
2011 ലെ സെന്‍സസ് പ്രകാരം ഇന്ത്യന്‍ ജനസംഖ്യയുടെ 2.2 ശതമാനം ആളുകള്‍ ഭിന്നശേഷിയുള്ളവരാണ്. സെറിബല്‍ പാള്‍സി, ഓട്ടിസം, പഠന വൈകല്യങ്ങള്‍, മാനസിക പ്രശ്‌നങ്ങള്‍ ഇവയ്ക്ക് പ്രധാന കാരണങ്ങളിലൊന്ന് ജനന സമയത്തെ പ്രശ്‌നങ്ങളാകാം. ശിശുക്കളെ യഥാസമയം പുറത്തെടുക്കാന്‍ കഴിയാതെ വരുമ്പോള്‍ ഓക്‌സിജന്‍ ലഭ്യമാകാതെ തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്ന ഒ്യുീഃശര കരെവലാശര ഋരലുവമഹീുമവ്യേ അവസ്ഥ ശിശുവിന്റെ തുടര്‍ന്നുള്ള വികാസത്തെയും ജീവിതത്തെയും കാര്യമായി ബാധിക്കുന്നു. ഗൈനക്കോളജിസ്റ്റുകളുടെ ഭാഗത്തു നിന്നുണ്ടാകുന്ന അനാസ്ഥയും ശ്രദ്ധക്കുറവും ഉത്തരം അവസ്ഥകള്‍ സൃഷ്ടിക്കാറുണ്ട്. ഫോര്‍സ്‌സപ്‌സ് വാക്വംപോലെയുള്ള ഉപകരണങ്ങളിലൂടെ ശിശുക്കളെ ശ്രദ്ധയില്ലാതെ പുറത്തെടുക്കുമ്പോഴും അപകടങ്ങള്‍ ഉണ്ടായേക്കാം.
അമ്മമാരില്‍ ഗര്‍ഭകാലത്തുണ്ടാക്കുന്നഡയബറ്റിക്‌സും ഇന്‍ഫക്ഷനുകളും ഹൈപ്പര്‍ടെന്‍ഷനും കണ്ടെത്തുന്നതിലും പരിഹരിക്കുന്നതിലും ഗൈനക്കോളജിസ്റ്റുകള്‍ക്കുണ്ടാകുന്ന വീഴ്ച കുട്ടിയുടെ പിന്നീടുള്ള വികാസത്തെ കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ഗൈനക്കോളജിസ്റ്റുകള്‍ക്കുണ്ടാകുന്ന ചികിത്സാ വീഴ്ചകള്‍ വേഗം തിരിച്ചറിയാന്‍ കഴിയില്ല. കുട്ടികള്‍ വളരുന്നതോടെയാണ് ഇത്തരം വീഴ്ചകളുടെ ആഘാതം തിരിച്ചറിയുന്നത്. അതുകൊണ്ട് മികച്ച ഗൈനക്കോളജിസ്റ്റുകളെയും മികച്ച പീഡിയാട്രിക് സൗകര്യങ്ങളുള്ള ആശുപത്രികളും പ്രസവത്തിന് തിരഞ്ഞെടുക്കുന്നത് പ്രധാനമാണ്. കുട്ടികള്‍ വിളക്കുകളാണ്. കരിന്തിരിയുടെ വിറക്കുന്ന പ്രകാശത്തിലേക്ക് കൂടണയാന്‍ വിധിക്കപ്പെട്ട അനേകം കുടുംബങ്ങളുണ്ട്. ലേബര്‍ റൂമിലെ ഒരു നിമിഷത്തെ അശ്രദ്ധയുടെ മുറിവിനെ മായ്ക്കാന്‍ കാലത്തിനുപോലുമാകില്ല.
മറുപുറം
മെഡിക്കല്‍ കോളജുകളിലും ജില്ലാ താലൂക്ക് ആശുപത്രികളിലും നിലക്കാത്ത ക്യൂവാണ്. കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിന്റെ പതിന്മടങ്ങ് ഇരട്ടി ജോലിയാണ് ഡോക്ടര്‍മാര്‍ ചെയ്യേണ്ടി വരുന്നത്. പല സ്വകാര്യ ആശുപത്രികളിലും ഡോക്ടര്‍മാര്‍ക്ക് ടാര്‍ഗെറ്റുണ്ട്. മെട്രോ നഗരങ്ങളിലെ പല ആശുപത്രികളും ഹെല്‍ത്ത് ടൂറിസം ലക്ഷ്യംവയ്ക്കുന്നു. ആരോഗ്യമാണ്, കരുതല്‍വേണം.
(ലേഖകന്‍ ചങ്ങനാശേരി എസ്.ബി കോളജിലെ അസോഷ്യേറ്റ് പ്രഫസറാണ്)
Leave a Comment
Your email address will not be published. Required fields are marked with *