വത്തിക്കാന്‍ സിറ്റി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാടിനെ മതാന്തരസംവാദത്തിനുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. പാപ്പയുടെ വിദേശയാത്രകള്‍ സംഘടിപ്പിക്കുന്ന നിലവിലെ ഉത്തരവാദിത്വത്തോടൊപ്പമാണ് പുതിയ ദൗത്യം അദ്ദേഹം ഏറ്റെടുക്കുന്നത്. പരിശുദ്ധ പിതാവിന്റെ മാര്‍ഗനിര്‍ദേശത്തിലും, തനിക്കു മുമ്പുള്ളവര്‍ അഗാധമായ ജ്ഞാനത്തോടെ ഇതിനകം കണ്ടെത്തിയ മതസൗഹാര്‍ദ്ദ പാതയിലും , എല്ലാവരുടെയും പ്രാര്‍ത്ഥനകളുടെ പിന്തുണയോടെയും താന്‍ ഈ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നു കര്‍ദിനാള്‍ പ്രതികരിച്ചു.
മതങ്ങള്‍ക്കിടയിലുള്ള സൗഹൃദം സ്വപ്‌നം കാണുന്ന ആളുകളുടെ പ്രാര്‍ത്ഥനകളും, സഹപ്രവര്‍ത്തകരുടെ സഹകരണവും തന്നെ ശക്തിപ്പെടുത്തുന്നുവെന്നും കര്‍ദിനാള്‍ പങ്കുവച്ചു. മതാന്തര സംവാദങ്ങള്‍ ഇന്ത്യന്‍ ആത്മീയതയുടെ ഭാഗമാണെന്നും മതിലുകളല്ല, പാലങ്ങളാണ് ക്രിസ്ത്യാനികള്‍ പണിയേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതാന്തര സംഭാഷണം കേവലം മതങ്ങള്‍ തമ്മിലുള്ള സംഭാഷണമല്ല, മറിച്ച് ദൈവവിശ്വാസത്തിന്റെ സൗന്ദര്യത്തിനു സാക്ഷ്യം വഹിക്കുന്നതാണെന്നും കര്‍ദിനാള്‍ ചൂണ്ടിക്കാണിച്ചു.
ഇസ്ലാം മത വിശ്വാസികളുമായുള്ള സംഭാഷണത്തിന് ഏറെ ഊന്നല്‍ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പരിശുദ്ധ പിതാവുമായി നടത്തിയ വിദേശ യാത്രകളില്‍ മറ്റു മതങ്ങള്‍ക്ക് ഭൂരിപക്ഷം ഉള്ള രാജ്യങ്ങളില്‍, താന്‍ അനുഭവിച്ച മതസൗഹാര്‍ദ്ദ കൂട്ടായ്മകളും, സംഭാഷണങ്ങളും തന്റെ ഈ പുതിയ ദൗത്യനിര്‍വഹണത്തിനു ഏറെ സഹായകരമാകുമെന്നും കര്‍ദിനാള്‍ പങ്കുവച്ചു.
Leave a Comment
Your email address will not be published. Required fields are marked with *