Follow Us On

26

January

2025

Sunday

നിരന്തരമുണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങള്‍: സര്‍ക്കാരിന്റെ ഇടപെടലുകള്‍ നിരുത്തരവാദിത്തപരം: കെസിബിസി ജാഗ്രത കമ്മീഷന്‍

നിരന്തരമുണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങള്‍: സര്‍ക്കാരിന്റെ ഇടപെടലുകള്‍ നിരുത്തരവാദിത്തപരം: കെസിബിസി ജാഗ്രത കമ്മീഷന്‍

എറണാകുളം: വനം വകുപ്പിന്റെ കെടുകാര്യസ്ഥത മൂലം വീണ്ടും ഒരു മനുഷ്യജീവന്‍കൂടി വയനാട്ടില്‍ പൊലിഞ്ഞിരിക്കുന്നത് സംസ്ഥാനസര്‍ക്കാരിന്റെ നിരുത്തരവാദിത്തപരമായ സമീപനങ്ങള്‍ക്ക് തെളിവാണെന്ന് കെസിബിസി ജാഗ്രതാ കമ്മീഷന്‍. വയനാട്ടിലും ഇടുക്കിയിലും മറ്റും വന്യമൃഗങ്ങള്‍ മനുഷ്യജീവനും സമാധാനപൂര്‍ണമായ ജീവിതത്തിനും സമാനതകളില്ലാത്ത ഭീഷണിയായി മാറിയിരിക്കുന്നു. മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി വനത്തിന്റെ സമീപ പ്രദേശങ്ങളില്‍ മാത്രമല്ല, കിലോമീറ്ററുകള്‍ ദൂരെ ജീവിക്കുന്ന ഗ്രാമീണര്‍ക്കും വന്യമൃഗ ശല്യം വലിയ വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ടെന്ന് ജാഗ്രതാ കമ്മീഷന്റെ കുറിപ്പില്‍ പറയുന്നു.

ഈ രൂക്ഷമായ പ്രതിസന്ധി ഘട്ടത്തിലും സര്‍ക്കാര്‍ ഏതുവിധത്തിലുള്ള നടപടികളാണ് സ്വീകരിക്കുന്നത് എന്നുള്ളത് വലിയ ചോദ്യചിഹ്നമാണ്. ഇത്തരം വെല്ലുവിളികള്‍ പതിനായിരക്കണക്കിന് ജനങ്ങള്‍ നേരിടുന്നതിനിടയിലും കൂടുതല്‍ ജനദ്രോഹപരമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി വനനിയമം പരിഷ്‌കരിക്കുന്നതിനാണ് സര്‍ക്കാര്‍ നീക്കം നടത്തിയത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് പരിഷ്‌കരണ ശ്രമം സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചെങ്കിലും കഴിഞ്ഞ ദിവസം അതിനെതിരായി പ്രമേയം പാസാക്കിയ ഫോറസ്റ്റ് റെയ്ഞ്ചേഴ്സ് ഫോറത്തിന്റെ നടപടി അത്യന്തം അപലപനീയമാണ്. ആ യോഗത്തില്‍ സംസ്ഥാന വനം മന്ത്രി അധ്യക്ഷനായിരുന്നു എന്ന വസ്തുത ലജ്ജാകരമാണ്.

വന്യജീവികള്‍ മനുഷ്യ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വിധത്തില്‍ നാട്ടിലേക്കിറങ്ങുന്നത് പതിവായിരിക്കെ അതിനെ പ്രതിരോധിക്കാന്‍ യാതൊരു നടപടിയും വനം വകുപ്പ് കൈക്കൊള്ളുന്നില്ല എന്നുള്ളതാണ് വസ്തുത. വന്യജീവികള്‍ വനം നിറഞ്ഞ് നാട്ടിലേക്കിറങ്ങുന്ന സാഹചര്യം പരിഗണിച്ച് യുക്തമായ നടപടികള്‍ സ്വീകരിക്കാനും മനുഷ്യജീവനും സ്വത്തിനും സംരക്ഷണം ഒരുക്കാനും സര്‍ക്കാരിനും വനം വകുപ്പിനുമാണ് ഉത്തരവാദിത്തമുള്ളത്. ലഭ്യമായ കണക്കുകള്‍ പ്രകാരം 344 ചതുരശ്ര കിലോമീറ്റര്‍ മാത്രം വരുന്ന വയനാട് വന്യജീവി സങ്കേതത്തില്‍ 2006 -ല്‍ അറുപതില്‍ താഴെ കടുവകളാണ് ഉണ്ടായിരുന്നതെങ്കില്‍, 2018 ആയപ്പോള്‍ അവയുടെ എണ്ണം വനത്തിന് താങ്ങാന്‍ കഴിയാത്തവണ്ണം നൂറ്റെണ്‍പതോളമായി. ഇത്തരത്തില്‍ കടുവകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യം പരിഗണിച്ചാല്‍ വരും കാലത്ത് കടുവയുടെ ശല്യം വയനാട്ടിലും സമീപ പ്രദേശങ്ങളിലും കുത്തനെ ഉയരുമെന്ന് തീര്‍ച്ചയാണ്.

മനുഷ്യജീവന് ഭീഷണിയുയര്‍ത്തുന്ന വിധത്തില്‍ ആനകളുടെ ശല്യവും പലയിടങ്ങളിലായി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഈ ഘട്ടത്തില്‍, മനുഷ്യജീവനും മനുഷ്യരുടെ സൈ്വര്യ ജീവിതത്തിനും തടസമാകുന്ന വന്യമൃഗ ശല്യം നിയന്ത്രണവിധേയമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കണം. വനം വിട്ട് വന്യജീവികള്‍ ജനവാസമേഖലകളിലേയ്ക്ക് ഇറങ്ങുന്ന സംഭവങ്ങളില്‍ അതിനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥരുടേത് ആയിരിക്കുമെന്ന നിലപാട് കൈക്കൊള്ളുകയും കൃത്യവിലോപത്തിന് കര്‍ശന നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് ജാഗ്രതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?