Follow Us On

12

May

2025

Monday

വിടുതല്‍ നല്‍കിയ വചനമെഴുത്ത്

വിടുതല്‍ നല്‍കിയ  വചനമെഴുത്ത്

സ്വന്തം ലേഖകന്‍

ഏറ്റവും ആദ്യം ബൈബിള്‍ എഴുതി കൊണ്ടുവരുന്നവര്‍ക്ക് സമ്മാനം ഉണ്ടാകുമെന്ന് പള്ളിയില്‍നിന്ന് അറിയിപ്പ് കേട്ടാണ് ലിസി പൗലോസ് എന്ന വീട്ടമ്മ ബൈബിള്‍ എഴുതാന്‍ തുടങ്ങിയത്. എന്നാല്‍ കേവലം ഭൗതിക സമ്മാനങ്ങള്‍ക്കപ്പുറം അനേക ആത്മീയ സമ്മാനങ്ങളാണ് ലിസിക്ക് ദൈവം ഇതിലൂടെ നല്‍കിയത്.
കൊറോണ മഹാമാരി വ്യാപിച്ചിരുന്ന സമയത്തായിരുന്നു കോഴിക്കോട് ജില്ലയിലെ മുതുകാട് കൊമ്മറ്റത്തില്‍ പൗലോസിന്റെ ഭാര്യയായ ലിസി തന്റെ ഉദ്യമം ആരംഭിച്ചത്. പത്തുമാസംകൊണ്ട് സമ്പൂര്‍ണ ബൈബിള്‍ എഴുതി തീര്‍ത്തു.

നോട്ട് ബുക്കില്‍ എഴുതിയ ഈ കൈയെഴുത്തു പ്രതി പള്ളിയില്‍ കൊണ്ടുപോയി സമര്‍പ്പിച്ചു. ഇടവകയായ മുതുകാട് ക്രിസ്തുരാജ ദൈവാലയത്തിലെ വികാരിയും ഇടവകാംഗങ്ങളും അന്ന് മെമന്റോ നല്‍കി ലിസിയെ ആദരിച്ചു. ഭര്‍ത്താവിന്റെ ഒപ്പം കൃഷിപ്പണികളും കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളും നിര്‍വഹിക്കുന്നതോടൊപ്പമാണ് ലിസി വചനമെഴുതുന്നത്. രാവിലെ നാലുമണി മുതല്‍ ഏഴുമണിവരെയാണ് ബൈബിള്‍ എഴുതാന്‍ സമയം കണ്ടെത്തുന്നത്. വിവാഹിതരായ മൂന്ന് പെണ്‍മക്കളടക്കം കുടുബം നല്‍കുന്ന പിന്തുണ വളരെ വലുതാണെന്ന് ലിസി പങ്കുവെയ്ക്കുന്നു.

പിന്നീട് പുതിയ നിയമം ബൈബിള്‍ മൂന്നുമാസംകൊണ്ട് എഴുതി പൂര്‍ത്തിയാക്കി ബൈബിളിന്റെ രൂപത്തില്‍ ബൈന്റ് ചെയ്ത ഇടവക ദൈവാലയത്തില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ഇക്കഴിഞ്ഞ ക്രിസ്മസ്ദിനത്തില്‍ ഇടവക വികാരിയുടെ നേതൃത്വത്തില്‍ ദൈവാലയത്തില്‍വച്ച് ലിസിക്ക് സമ്മാനം നല്‍കി ആദരിച്ചു. ഇപ്പോള്‍ ഇംഗ്ലീഷ് പുതിയ നിയമം ബൈബിള്‍ എഴുതാന്‍ ആരംഭിച്ചിരിക്കുകയാണ് ലിസി.

വചനം എഴുതിയതിലൂടെ ദൈവം തന്റെ ജീവിതത്തില്‍ ചൊരിഞ്ഞ നന്മകളെ ലിസി നന്ദിയോടെ ഓര്‍ക്കുന്നു. ടിവി സീരിയലുകള്‍ മുടങ്ങാതെ കണ്ടിരുന്ന വ്യക്തിയായിരുന്നു ലിസി. ഇന്ന് അതില്‍നിന്നെല്ലാം വിടുതല്‍ കിട്ടി. ഇപ്പോള്‍ ബൈബിള്‍ കൂടുതലായി വായിക്കാന്‍ ശ്രമിക്കുന്നു. ഭര്‍ത്താവിന്റെ ജീവിതത്തിലും നിരവധി ആത്മീയമായ മാറ്റങ്ങള്‍ ദൈവം നല്‍കി. സാമ്പത്തിക മേഖലയില്‍ അനേക അനുഗ്രഹങ്ങള്‍ ദൈവം നല്‍കുന്നു. മക്കളുടെ വിദ്യാഭ്യാസ ലോണ്‍ അടച്ചുതീര്‍ക്കാന്‍ സാധിച്ചു. വായ്പ വാങ്ങാതെ വീട്ടിലെ കാര്യങ്ങളെല്ലാം ദൈവം നടത്തിത്തരുന്നു. ദൈവ ശുശ്രൂഷകളില്‍ പങ്കെടുക്കുന്നു. ഒരു വചനംപോലും കാണാതെ അറിയില്ലായിരുന്ന ലിസിക്ക് ഇന്ന് 75-ഓളം വചനങ്ങള്‍ മനഃപാഠമാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?