കിന്‍ഷാസാ/ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ: കോംഗോയിലെ കാസാംഗ മേഖലയിലുള്ള പ്രോട്ടസ്റ്റന്റ് ദൈവാലായത്തില്‍ 70 ക്രൈസ്തവരെ തലയറുത്ത് നിഷ്ഠൂരമായി കൊലപ്പെടുത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഐഎസിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന എഡിഎഫ് എന്ന ഇസ്ലാമിക്ക് തീവ്രവാദ സംഘമാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്ന് കരുതപ്പെടുന്നതായി ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോര്‍സ് റിപ്പോര്‍ട്ട് ചെയ്തു. ലുബേരോ പ്രദേശത്തുള്ള മെയ്ബാ സമൂഹത്തിലെ 70 ക്രൈസ്തവരെ പിടികൂടിയ തീവ്രവാദികള്‍ അവരെ കാസാംഗയിലെ പ്രോട്ടസ്റ്റന്റ് ദൈവാലയത്തിലെത്തിച്ച് നിഷ്ഠൂരമായി കൊലപ്പെടുത്തുകയായിരുന്നു.
കൊല്ലപ്പെട്ടവരെ സംസ്‌കരിക്കാന്‍ പോലുമാവാത്ത വിധത്തില്‍ ഭീകരത നിറഞ്ഞ അവസ്ഥയിലൂടെയാണ് ക്രൈസ്തവര്‍ കടന്നുപോകുന്നതെന്ന് ഓപ്പണ്‍ ഡോര്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ എഡിഎഫ് തീവ്രവാദികള്‍ നടത്തിവരുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഏറ്റവും പുതിയ ക്രൈസ്തവ കൂട്ടക്കുരുതി. 2014-ല്‍ നോര്‍ത്ത് കിവു പ്രൊവിന്‍സിലുള്ള ബെറി മേഖലയിലേക്ക് തങ്ങളുടെ സ്വാധീനം വ്യാപിപ്പിച്ച എഡിഎഫ് തീവ്രവാദികള്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇറ്റൂരി പ്രൊവിന്‍സിലും ഇപ്പോള്‍ നോര്‍ത്ത് കിവു പ്രൊവിന്‍സിലെ ലുബേരോയിലും ആക്രമണങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം ബസ്വാഗ ചീഫഡമ്മില്‍ 200 ലധികമാളുകള്‍ കൊല്ലപ്പെട്ടതായി പ്രാദേശിക വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. വേള്‍ഡ് വാച്ച് ലിസ്റ്റിലെ കണക്കുകള്‍പ്രകാരം വിശ്വാസം സംരക്ഷിക്കുന്നതിനായി കഴിഞ്ഞവര്‍ഷം 355 പേരാണ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ രക്തസാക്ഷിത്വം വരിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *