Follow Us On

22

February

2025

Saturday

മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നു

മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുന്നു

വത്തിക്കാന്‍ സിറ്റി: ‘പാപ്പ അപകടനില തരണം ചെയ്തിട്ടുണ്ടോ’ എന്നാണ് ചോദ്യമെങ്കില്‍, ഇല്ല എന്നാണ് ഉത്തരം. ഇപ്പോള്‍ പാപ്പയുടെ  ജീവന്‍ അപകടത്തിലാണോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നായിരിക്കും അതിന്റെയും ഉത്തരം.’  പാപ്പയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച്  മാധ്യമപ്രവര്‍ത്തകരോട്  വിശദീകരിച്ച  പാപ്പയെ ചികിത്സിക്കുന്ന ഡോ. സെര്‍ജിയോ അല്‍ഫിയേരിയുടെ വാക്കുകളാണിത്. ഒരുപക്ഷേ ഉത്തരങ്ങളെക്കാള്‍ ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്ന ഈ വിശദീകരണം തന്നെ പാപ്പയുടെ ആരോഗ്യനില ഇപ്പോഴും തൃപ്തികരമല്ലെന്ന് വ്യക്തമാക്കുന്നു.

പാപ്പ ഇപ്പോഴും ശ്വാസതടസം അനുഭവിക്കുന്നുണ്ടെന്നും നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍ക്ക് വിരുദ്ധമായി, ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ടുള്ള സമയങ്ങളില്‍ പാപ്പക്ക് സപ്ലിമെന്റല്‍ ഓക്‌സിജന്‍ നല്‍കിയിരുന്നതായും ഡോക്ടര്‍ വ്യക്തമാക്കി. എന്നാല്‍ അദ്ദേഹത്തിന് തുടര്‍ച്ചയായി ഓക്‌സിജന്‍ ആവശ്യമില്ല. അതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഒരാഴ്ച കഴിഞ്ഞ ഫ്രാന്‍സിസ് മാര്‍പാപ്പ ഭക്ഷണം കഴിക്കുകയും,  ഇരുന്നു വായിക്കുകയും പതിവ് ജോലികളില്‍ ചിലതെങ്കിലും ചെയ്യുകയും ചെയ്യുന്നുണ്ട്. പാപ്പ ഉന്മേഷത്തോടെയാണിരിക്കുന്നതന്നും പതിവുപോലെ തമാശകള്‍ പറയുന്നുണ്ടെന്നും ഡോക്ടര്‍മാരും സന്ദര്‍ശകരും സാക്ഷ്യപ്പെടുത്തുന്നു.

ഇരട്ട ന്യുമോണിയയ്ക്ക് കാരണമായ ഒന്നിലധികം അണുബാധകളെ ചെറുക്കുന്നതിന് നടത്തുന്ന ചികിത്സ വിജയിക്കുമോ എന്ന് അറിയാന്‍ ഇനിയും സമയം വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. രക്തത്തിലേക്ക് അണുബാധ വ്യാപിക്കുകയും സെപ്സിസ് ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യമുണ്ടാകുമോ എന്നതാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ ഭയം. മാര്‍പ്പാപ്പയുടെ പ്രായം, അദ്ദേഹത്തിന്റെ ദുര്‍ബലമായ അവസ്ഥ എന്നിവ ആ അപകട സാധ്യത വര്‍ധിപ്പിക്കുന്നു. പാപ്പയുടെ ശ്വാസകോശത്തിലെ  തകരാറുകള്‍ ഭാവിയില്‍ സമാനമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?