ഇതേ തലക്കെട്ടില്‍ ഒരിക്കല്‍ ഈ പംക്തിയില്‍ ഒരു ലേഖനം ഞാന്‍ എഴുതിയിട്ടുണ്ട്. ഇപ്പോഴ ത്തെ സാഹചര്യത്തില്‍ ഒരിക്കല്‍ക്കൂടി ഇതിനെപ്പറ്റി എഴുതാന്‍ തോന്നുകയാണ്. ആശാവര്‍ക്കര്‍മാരുടെ സമരത്തിന്റെകൂടെ പശ്ചാത്തലത്തിലാണ് ഇത് എഴുതുന്നത്. ആശാവര്‍ക്കര്‍ എന്നതിലെ ആശ എന്നത് ഒരു ചുരുക്കപ്പേരാണ്. അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ് എന്നതിന്റെ ചുരുക്കപ്പേരാണ് ആശ (ASHA). നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ ഭാഗമായി ദേശീയതലത്തില്‍ 2005-ലാണ് ആശാവര്‍ക്കര്‍മാര്‍ എന്ന പ്രസ്ഥാനം തുടങ്ങുന്നത്. ഇതിന് നേതൃത്വം നല്‍കിയത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍സിംഗ് ആണ്.
ഈ പ്രസ്ഥാനം തുടങ്ങുമ്പോള്‍ ഉണ്ടായിരുന്ന ലക്ഷ്യം ഇതാണ്: കമ്യൂണിറ്റി ഹെല്‍ത്ത് സേവനങ്ങള്‍ മെച്ചപ്പെടുത്തുക, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍. ആശമാര്‍ എന്ന് പറഞ്ഞാല്‍ കമ്യൂണിറ്റി ഹെല്‍ത്ത് വര്‍ക്കേഴ്‌സ് ആണ്. ആരോഗ്യസംരക്ഷണ സംവിധാനങ്ങളും ഗ്രാമീണ ജനങ്ങളുമായി ഒരു ബന്ധം ഉണ്ടാക്കുക എന്നതാണ് ഓരോ ആശാവര്‍ക്കറിന്റെയും ദൗത്യം.
ആശാവര്‍ക്കര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു നിശ്ചിതഘടന ഉണ്ട്. ദേശീയതലത്തില്‍ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ് ഇതിന്റെ നേതൃത്വത്തില്‍ ഉള്ളത്. അതിനുകീഴെ സംസ്ഥാനങ്ങളില്‍ സംസ്ഥാന ഹെല്‍ത്ത് സൊസൈറ്റി ഉണ്ട്. ആശാവര്‍ക്കര്‍മാരുടെ തിരഞ്ഞെടുപ്പ്, പരിശീലനം, മേല്‍നോട്ടം എന്നിവ ഈ സംസ്ഥാന സമിതികളുടെ ചുമതലയാണ്. ഇതിന് കീഴില്‍ ജില്ലാതല സൊസൈറ്റി ഉണ്ട്. അവരാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. ജില്ലാ ആശാ കോ-ഓര്‍ഡിനേറ്ററും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ആശാവര്‍ക്കര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു.
ഓരോ ഗ്രാമത്തിനും അഥവാ ഓരോ ആയിരം ആളുകള്‍ക്കും ഒരു ആശാവര്‍ക്കര്‍ ഉണ്ടാകണം എന്നാണ് കണക്ക്. ഈ വ്യക്തി ആ ഗ്രൂപ്പിന്റെ കമ്യൂണിറ്റി ഹെല്‍ത്ത് ആക്റ്റിവിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്നു. ആരോഗ്യസംവിധാനങ്ങളും ഗ്രാമീണരും തമ്മില്‍ ബന്ധിപ്പിക്കുന്നത് ഈ ആശാവര്‍ക്കര്‍ ആണ്. ആശാവര്‍ക്കര്‍മാരുടെ പ്രധാന ചുമതലകളും ഉത്തരവാദിത്വങ്ങളും എന്തെന്ന് ഇനി പരിശോധിക്കാം.
• അവര്‍ മാതൃ-ശിശു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു.
• അടിസ്ഥാന ആരോഗ്യസംവിധാനങ്ങളും ഫസ്റ്റ് എയ്ഡും അവര്‍ ജനങ്ങള്‍ക്കും ലഭ്യമാക്കുന്നു.
• പോഷകാഹാരം, സാനിട്ടേഷന്‍, രോഗപ്രതിരോധം എന്നിവയെപ്പറ്റിയുള്ള അവബോധം ജനങ്ങളില്‍ വര്‍ധിപ്പിക്കുക.
• പ്രതിരോധ കുത്തിവയ്പ്പുകളില്‍ സഹായിക്കുക.
• കൂടുതല്‍ മെച്ചപ്പെട്ട ചികിത്സകള്‍ക്കായി രോഗികളെ ആരോഗ്യകേന്ദ്രങ്ങളിലേക്ക് റഫര്‍ ചെയ്യുക തുടങ്ങിയവ.
ആശാവര്‍ക്കര്‍മാരുടെ പ്രതിഫലം ശമ്പളം അല്ല, ഓണറോറിയം ആണ്. അതിന്റെ അറുപതു ശതമാനം കേന്ദ്രവും നാല്‍പതു ശതമാനം സംസ്ഥാനവുമാണ് വഹിക്കേണ്ടത് എന്ന് മനസിലാക്കുന്നു. നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലും ഹിമാലയന്‍ സംസ്ഥാനങ്ങളിലും ഇത് 90 ശതമാനം കേന്ദ്രവിഹിതവും പത്തു ശതമാനം സംസ്ഥാന വിഹിതവുമാണ്. യൂണിയന്‍ ടെറിട്ടറികളില്‍ നൂറുശതമാനവും കേന്ദ്രവിഹിതമാണ്.
കേരളത്തിലെ ആശാവര്‍ക്കര്‍മാര്‍ക്ക് ഏഴായിരം രൂപയാണ് ഓണറോറിയത്തിന്റെ സംസ്ഥാന വിഹിതം. ഇതിനുപുറമേ, പെര്‍ഫോമന്‍സ് അലവന്‍സും ഉണ്ട്. അതിന്റെയും അറുപതു ശതമാനം കേന്ദ്രവും നാല്‍പതു ശതമാനം സംസ്ഥാനവുമാണ്. കേരളത്തിലെ ഒരു ആശാവര്‍ക്കര്‍ക്ക് സ്ഥില അലവന്‍സും പെര്‍ഫോമന്‍സ് അലവന്‍സുംകൂടി 10,000 മുതല്‍ 13,000 രൂപ വരെ കിട്ടാം. 2023-24 ലെ കണക്കനുസരിച്ച് ആശാവര്‍ക്കര്‍മാര്‍ക്കുള്ള ഓണറോറിയത്തിന്റെ കുടിശിക കേന്ദ്രം തരാന്‍ ഉള്ളത് നൂറുകോടി രൂപയാണ്.
സമരത്തില്‍ ആയിരിക്കുന്ന ആശാവര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ ഇവയാണ്:
• മാസ ഓണറോറിയം 21,000 രൂപയാക്കണം.
• റിട്ടയര്‍മെന്റ് ആനുകൂല്യമായി അഞ്ചുലക്ഷം രൂപ ഓരോരുത്തര്‍ക്കും നല്‍കണം.
• ഇതുവരെയുള്ള കുടിശിക തീര്‍ക്കുക.
• 62-ാം വയസില്‍ റിട്ടയര്‍ ചെയ്യണം എന്ന് 2023 ല്‍ കേരള ഗവണ്‍മെന്റ് കൊണ്ടുവന്ന നിയമം റദ്ദു ചെയ്യുക.
ഈ സാഹചര്യങ്ങളെല്ലാം മനസിലാക്കുകയും വിലയിരുത്തുകയും ചെയ്യുമ്പോള്‍ നമുക്ക് ചില കാര്യങ്ങള്‍ മനസിലാകും.
ഒന്ന്, ആശാവര്‍ക്കര്‍മാര്‍ വളരെ വിലപ്പെട്ടതും ക്ലേശകരവുമായ ഒരു സേവനമാണ് ചെയ്യുന്നത്.
രണ്ട്, അവര്‍ ചെയ്യുന്ന സേവനത്തിനും അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്കും അനുസരിച്ചുള്ള പ്രതിഫലം അവര്‍ക്ക് ലഭിക്കുന്നില്ല.
മൂന്ന്, അവര്‍ക്ക് ലഭിക്കേണ്ട പ്രതിഫലം അതാതുമാസം ലഭിക്കുന്നില്ല. പല മാസങ്ങളിലെ പ്രതിഫലം കുടിശികയായി കിടക്കുകയാണ്.
നാല്, അവര്‍ക്ക് യാതൊരുവിധ റിട്ടയര്‍മെന്റ് ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.
അഞ്ച്, അതുകൊണ്ട് അവരുടെ ജീവിതം വളരെ ദുരിതപൂര്‍ണമാണ്. ഇത്രയും ചെറിയ തുക ഒന്നിനും തികയുകയില്ല എന്നത് സത്യമാണ്.
ആറ്, അതുകൊണ്ട് അവര്‍ കൂടുതല്‍ പ്രതിഫലം അര്‍ഹിക്കുന്നു.
ഏഴാമത്തെ കാര്യം ഇതാണ്: ഇവരുടെ ഉള്ള പ്രതിഫലംപോലും കുടിശിക വരുത്തുമ്പോള്‍ സര്‍ക്കാരുകള്‍ ഈ പാവങ്ങളോട് കടം പറയുകയാണ്. സര്‍ക്കാരുകള്‍ക്ക് വരുമാനം ഉണ്ടാക്കാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. നികുതി അടക്കമുള്ള വരുമാന മാര്‍ഗങ്ങളുണ്ട്. കടം വാങ്ങാം. എന്നാല്‍ ഈ പാവപ്പെട്ടവര്‍ക്ക് വേറൊരു വരുമാന മാര്‍ഗവും ഇല്ല. കടം ചോദിച്ചാല്‍ കിട്ടില്ല. വായ്പ കിട്ടില്ല. വായ്പ എടുത്താല്‍ തിരിച്ചടവ് നടക്കുകയില്ല. അതിനാല്‍ പാവപ്പെട്ടവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഗവണ്‍മെന്റിന്റെ നില മെച്ചമാണ്.
അങ്ങനെയുള്ള സര്‍ക്കാരുകള്‍ ഈ പാവങ്ങളോട് കടം പറയരുത്. കേന്ദ്ര ഗവണ്‍മെന്റ് വിചാരിച്ചാല്‍ നൂറുകോടി കുടിശിക ഉള്ളത് കൊടുക്കാന്‍ പറ്റില്ലേ? സം സ്ഥാന സര്‍ക്കാരും സാമ്പത്തികമായി ഏറ്റവും പുറകില്‍ കിടക്കുന്നവര്‍ക്ക് കൊടുക്കാനുള്ള ചെറിയ സാമ്പത്തിക സഹായങ്ങള്‍ക്ക് കടം പറയരുത്. അതാത് മാസം അത് കൊടുക്കണം. പ്രതിഫലം കൂട്ടിക്കൊടുക്കാന്‍ പറ്റുമെങ്കില്‍ അതും ചെയ്യണം. 21,000 രൂപയാക്കി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഏതാനും ആയിരങ്ങള്‍ എങ്കിലും വര്‍ധിപ്പിച്ചുകൂടേ? പാവങ്ങള്‍ ക്കും ജീവിക്കേണ്ടേ? ക്ഷേമരാഷ്ട്രത്തിലെ അം ഗങ്ങള്‍ അല്ലേ അവരും?
Leave a Comment
Your email address will not be published. Required fields are marked with *