Follow Us On

09

March

2025

Sunday

പാലക്കാടന്‍ ഭൂമിക്കൊരു ചരമഗീതം

പാലക്കാടന്‍ ഭൂമിക്കൊരു ചരമഗീതം

അഡ്വ. ഫ്രാന്‍സിസ് വള്ളപ്പുര സിഎംഐ

ഒയാസിസ് കമ്പനിയുടെ ബ്രുവറി പാലക്കാട് വരുന്നു. മന്ത്രിസഭയുടെ ശരവേഗത്തിലുള്ള തീരുമാനം. പാലക്കാട് എലപ്പുള്ളിയില്‍ വരാന്‍ പോകുന്ന ബ്രൂവറി കമ്പനിയെക്കുറിച്ചുള്ള തീരുമാനത്തില്‍ സുതാര്യതയില്ല എന്ന ആക്ഷേപം ആവര്‍ത്തിച്ച് പ്രതിപക്ഷം പറഞ്ഞിട്ടും ഭരണപക്ഷത്തിന് മനസിലാകുന്നില്ല. ചാനല്‍ചര്‍ച്ചകളില്‍ രണ്ടുകുട്ടരുടെയും വാക്‌പോരുകള്‍ മുറുക്കുന്നു. ആരോപണങ്ങള്‍ കൂടുമ്പോള്‍ വകുപ്പുമന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കികൊണ്ട് ഔദ്യോഗിക പത്രസമ്മേളനങ്ങള്‍ നടത്തുന്നു. എന്നിട്ടും നിലമെച്ചപ്പെടുന്നില്ല.

പ്രകടന പത്രികയിലെ മദ്യനയം
തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ മദ്യനയത്തില്‍ ഇടത്തുപക്ഷ സര്‍ക്കാര്‍ വെളളംചേര്‍ത്തിരിക്കയാണ്. മദ്യത്തിന്റെ ഉപയോഗവും ലഭ്യതയും കുറച്ചുകൊണ്ടുവരുന്നതാണ് എന്ന ഇടതുമുന്നണിയുടെ നയത്തില്‍ ഇത്ര തിടുക്കത്തില്‍ വ്യതിയാനം വരുത്താനുള്ള കാരണം എക്‌സൈസ് മന്ത്രി എത്ര വിശദീകരിച്ചിട്ടും വീണ്ടും വീണ്ടും ദുരുഹതയുടെ കുടുക്കില്‍കുരുങ്ങിയിരിക്കുന്നു. ഇരുപത്തി ഒമ്പതു ബാറുകള്‍ ഉണ്ടായിരുന്നിടത്ത് ആയിരത്തിലധികം ബാറുകളും നൂറുകണക്കിന് മറ്റുതരത്തിലുള്ള മദ്യശാലകളും തുറന്നിരിക്കുന്നു. അടുത്ത് വരാന്‍പേകുന്ന പഞ്ചായത്ത് അസംബ്ലി ഇലക്ഷനില്‍ ഓന്തിന്റെ നിറം മാറ്റം പോലുള്ള ഈ നയമാറ്റത്തിന് തീര്‍ച്ചയായും ജനം തിരിച്ചടി നല്‍കും. തിരഞ്ഞെടുപ്പ് പ്രകടന പത്രിക വെറും വാഗ്ദാനങ്ങള്‍ മത്രമല്ല നടപ്പില്‍ വരുത്തേണ്ട കാര്യങ്ങളാണെന്ന് പഠിപ്പിക്കാന്‍, ഇലക്ഷനില്‍ വോട്ടുചെയ്യാന്‍ ക്യൂവില്‍ നില്‍ക്കുന്ന ജനാധ്യപത്യ വിശ്വാസികള്‍ക്ക് കഴിയും.

നിയമസഭയിലും പുറത്തും നടക്കുന്ന ആരോഗ്യപരമായ ചര്‍ച്ചകളെ സര്‍ക്കാര്‍ എന്തിനാണ് ഭയക്കുന്നത്. ചര്‍ച്ചകളെ പുച്ഛിച്ചു പുറം തള്ളുന്നതിനുപകരം കാര്യകാരണങ്ങള്‍ പ്രതിപക്ഷത്തിന്റെ മുമ്പിലും ജനമധ്യത്തിലും മാധ്യമങ്ങള്‍ക്കു മുമ്പിലും വിശദീകരിക്കുകയാണ് വേണ്ടത്. അതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നത് നിസംശയം പറയാം. മുഖ്യന്ത്രിക്കും എക്‌സൈസ് മന്ത്രിക്കുമല്ലാതെ മറ്റാര്‍ക്കും ഇതിന്റെ പൂര്‍ണ്ണരൂപം അറിയില്ല. പ്രതിപക്ഷവും മാധ്യമങ്ങളും കണ്ടതും കേട്ടതും വിളിച്ചുപറയുന്നതിന്റെ ഫലമായികുറയെങ്കിലും സത്യസന്ധമായ കാര്യങ്ങള്‍ പുറത്തേക്കുവന്നുകൊണ്ടിരിക്കുന്നു. ജനോപദ്രവകരമായ കാര്യങ്ങള്‍ നടത്തിയെടുക്കാനുള്ള വാശിതന്നെ അഴിമതിയുടെ ലക്ഷണമാണ് എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ കുറ്റം പറയാനാവില്ല.
പലക്കാട് മദ്യനിര്‍മ്മാണ കമ്പനിയല്ല ആദ്യഘട്ടത്തില്‍ വരുന്നത്, എഥനോള്‍ നിര്‍മാണത്തിനാണ് പ്രാധാന്യം. സ്പിരിറ്റും ഉത്പാതിപ്പിക്കും. എഥനോള്‍ നിര്‍മ്മാണത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ താല്പര്യം ഉണ്ട്.

ഡീസലിന്റെയും പ്രെട്രോളിന്റെയും വിപണിമെച്ചപ്പെടുത്താന്‍ എഥനോളിന്റെ ബ്ലന്‍സിങ്ങ് ആവശ്യമാണ്. എക്‌സ്‌പ്രെഷന്‍ ഓഫ് ഇന്ററസ്റ്റ് (expression of Interest) കേന്ദ്രം അംഗീകരിച്ച സ്ഥിതിക്ക് സ്ഥിരമായ അഡ്രസ് കാണിക്കേണ്ടത് ആവശ്യമായിട്ടു വന്നു. ആ സ്ഥിരാഡ്രസ് പാലക്കാട്ടേ എലിപ്പുള്ളി അഡ്രസാണ് കാണിച്ചിരിക്കുന്നത്. ഇവിടെയാണ് പ്രതിപക്ഷം സര്‍ക്കാരിന്റെ ഒളിച്ചുകളിയെ നിയമസഭയില്‍ ചോദ്യംചെയ്തത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഇങ്ങനെയൊരു സ്ഥിരാഡ്രസ് കാണിക്കണമെങ്കില്‍ കാലേക്കൂട്ടി മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു എന്നല്ലേ മനസിലാക്കേണ്ടത്?
പാലക്കാട് എലപ്പുള്ളിയില്‍ ബ്രുവറി, ഡിസ്റ്റിലറി, മള്‍ട്ടീഫീസ് മദ്യപ്ലാന്റ് സ്ഥാപിക്കാനുള്ള ഒയാസീസ് കോമേഴ്‌സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് താത്കാലിക അംഗികാരം നല്‍കിയത് പാലക്കാട് ഉപതിരഞ്ഞെടുപ്പ് കാലത്താണെന്ന് ഫയല്‍ രേഖകള്‍ വ്യക്തമാക്കുന്നു. നമ്മുടെ നാടിന്റെ ജനാധിപത്യ സംവിധാനത്തില്‍ തിരഞ്ഞെടുപ്പു മുതല്‍ മദ്യരാജക്കന്മാരുടെ കരാളഹസ്തങ്ങള്‍ പിന്‍തുടരുന്നു എന്നതിന്റെ തെളിവുകള്‍ ഏറുന്നു.

വിവാദ കമ്പനി
ഒയാസീസ് കമ്പനിയെക്കുറിച്ച് എക്‌സൈസ് മന്ത്രിക്ക് നല്ലതുമാത്രമേ പറയാനുമുണ്ടായിരുന്നുള്ളു. ഈ ഒയാസിസ് കമ്പനി ഡല്‍ഹി മദ്യകുംഭകോണത്തില്‍ ഒരുകോടിയുടെ അഴിമതിയിലാണ് പെട്ടത്. അതിന്റെ ഫലമായി അഅജ ചിഹ്നമായ അതേ തിരഞ്ഞെടുപ്പിലൂടെ ജനം ചൂലുകൊണ്ടു തന്നെ ഡല്‍ഹിയില്‍ ശുദ്ധികലശം നടത്തിയത് കണ്ടുകഴിഞ്ഞു. പാര്‍ട്ടിയുടെ അഴിമതിയില്‍ ഒയാസിസിനും പങ്കുണ്ടെന്ന് തെളിഞ്ഞു. ഒയാസീസ് കമ്പനി ഉടമ ഗൗതം മല്‍ഹോത്ര ഡല്‍ഹി മദ്യവിവാദവുമായി ബന്ധപ്പെട്ട കേസില്‍ ഡല്‍ഹി മുന്‍മുഖ്യമന്ത്രിയായിരുന്ന കേജ്‌രിവാളിനൊപ്പം അറസ്റ്റിലായി. കേസില്‍ പ്രതിയായി കേരളത്തിലെത്തിയതായും അഭ്യൂഹങ്ങളുണ്ട്. ഈ കമ്പനിയെയാണ് എക്‌സൈസ് മന്ത്രി വാനോളം പുകഴ്ത്തുന്നത്. മാലിന്യം നിക്ഷേപിച്ച് നാലുകിലോമീറ്റര്‍ അധികം വരുന്ന സ്ഥലത്തെ ഉപരിതല ജലവും ഭൂഗര്‍ഭജലവും മലിനപ്പെടുത്തിയതിന് പഞ്ചാബില്‍ ഇതേ കമ്പനിക്കെതിരേ കേസുണ്ട്. ഈ വിഷയം പാര്‍ലമെന്റില്‍ എത്തുകയും ഇതേ തുടര്‍ന്ന് കേന്ദ്രമലീനികരണ ബോര്‍ഡും കേന്ദ്രഭൂഗര്‍ഭജല ബോര്‍ഡും പ്രദേശത്ത് സന്ദര്‍ശനം നടത്തി ഗുരുതരമായ നിയമലംഘനം നടത്തിയതായി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ബോര്‍വെല്ലിലൂടെ മാലിന്യം തള്ളിയാണ് ഇവര്‍ ഭൂഗര്‍ഭജലം മലിനപ്പെടുത്തിയത്. ഇതിനെതിരേയും കേസുകള്‍ നടക്കുന്നു. കരിംമ്പട്ടികയ്യില്‍ ഉള്‍പ്പെടുത്തിയ ഈ കമ്പനിയുടെ ചരിത്രം പഠിക്കുമ്പോള്‍ ഇതുതന്നെയോ പാലക്കാട്ടും നടപ്പിലാകും എന്നേ കരുതേണ്ടതുള്ളു. ബ്രൂവറിയുടെ പ്രവര്‍ത്തനത്തില്‍ സീറോ വെയിസ്റ്റ് (Zero Waste) എന്നൊക്കെ കേള്‍ക്കാന്‍ സുഖമുള്ള വാക്കുകളാണ്. പക്ഷേ ഈ കമ്പനി സൃഷ്ടിക്കുന്ന മരുഭൂമി പാലക്കാട്ടെ കുറയധികെ മനുഷ്യജീവിതങ്ങള്‍ ഗതികേടിലാക്കുക തന്നെ ചെയ്യും.

ഒയാസീസ് എന്ന പേരിന്റെ അര്‍ത്ഥം നഷ്ടപ്പെടുത്തുന്ന പ്രക്രിയയിലേക്ക് ആ കമ്പനി നീങ്ങും. ഡല്‍ഹിയില്‍ ചൂലെടുത്തവന്‍ ചൂലാലെ എന്നു പറഞ്ഞതുപോലെ ഇവിടെയും ഒരു സര്‍ക്കാര്‍ ഒയാസിസിന്റെ ബ്രുവറിയിലൂടെ തുരത്തപ്പെടും. ബ്രൂവെറിയുടെ വെറി സിപിഐഎമ്മിന് മാത്രമല്ല മറ്റുഘടകക്ഷികളിലേക്കും ബാധിച്ചിരിക്കുകയാണ്. ഒയാസിസ് കമ്പനിക്കുവേണ്ടി തെലുങ്കാന മുന്‍ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവൂവിന്റെ മകള്‍ കവിതയുടെ കേരള സന്ദര്‍ശനം നിസാരമായി പ്രതിപക്ഷം തള്ളികളയുന്നില്ല. ഡല്‍ഹി മദ്യനയകേസില്‍ ഒയാസീസ് കമ്പനിക്കൊപ്പം പ്രതിയാണ് കവിതയും എന്ന കാര്യം വിസ്മരിക്കുവാന്‍ കഴിയില്ല.

മദ്യമാണോ
കുടിവെള്ളമാണോ അത്യാവശ്യം ?
കുടിവെള്ള പ്രശ്‌നമാണ് ഈ ബ്രൂവറി സൃഷ്ടിക്കുന്ന കാലാതീതമായ പ്രശ്‌നം. ബ്രൂവറിയുടെ പ്രധാന അസംസ്‌കൃതവസ്തു ജലമാണെന്നിരിക്കെ വെള്ളത്തിന് ദൗര്‍ലഭ്യം ഏറെയുള്ള ഈ പ്രദേശത്ത് ഏങ്ങനെ ജലം ലഭ്യമാക്കും എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഈ പദ്ധതിയുമായി മുന്നോട്ടുവന്നപ്പോള്‍ മുതല്‍ തപ്പിതടയുകയാണ്. ഇതിനു പ്രധാനമായും ഒയാസീസ് മുമ്പോട്ടുവയ്ക്കുന്ന പരിഹാരമാര്‍ഗം മഴവെള്ള സംഭരണിയാണ്. സര്‍ക്കാരിനും ഈ ആശയമാണുള്ളത്. മഴയെ ആശ്രയിച്ച് മാത്രമേ ജലം സംഭരിക്കാന്‍ കഴിയൂ. അറിയപ്പെടുന്ന ഒരു മഴനിഴല്‍ പ്രദേശമാണ് പാലക്കാട്. മഴനിഴല്‍ പ്രദേശമെന്നാല്‍ മഴകുറവുള്ള സ്ഥലം എന്നത്രേ. എക്‌സൈസ് മന്ത്രി ലോക്‌സഭാ അംഗമായിരുന്ന കാലഘട്ടത്തില്‍ ജലദൗര്‍ലഭ്യം കൊണ്ട് പലപദ്ധതികളും മുടങ്ങിപോയ വിവരം മാധ്യമങ്ങളില്‍ പങ്കുവച്ചത് അദ്ദേഹം തന്നെ മറന്നു പോയോ? അഞ്ചേക്കറിലാണ് മഴവെള്ളസംഭരണി. ഒരു വര്‍ഷം പത്തുലക്ഷം ലിറ്റര്‍ വെള്ളമാണ് സംഭരിക്കാനാവുക. കമ്പനി പരിപൂര്‍ണ്ണമായി പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ ഒരു ദിവസം പ്രവര്‍ത്തിക്കാന്‍ വേണ്ട വെള്ളം പോലും ഇതില്‍ നിന്നും കിട്ടില്ല.

ഒരു തുള്ളി ഭൂഗര്‍ഭജലം പോലും എടുക്കില്ല, മഴവെളള സംഭരണത്തിലൂടെയും മലമ്പുഴ അണക്കെട്ടില്‍ നിന്നും വെളളം കണ്ടെത്താനാവും എന്ന് ഒയാസിസ് പറയുന്നു. മദ്യകമ്പനിക്ക് കിന്‍ഫ്ര പദ്ധതിയിലൂടെ വെളളം നല്‍കാന്‍ കഴിയും. വ്യവസായ സ്ഥാപനങ്ങള്‍ക്ക് ജലം നല്‍കുന്നത് മഹാപാപമല്ല എന്ന് മുഖ്യമന്ത്രി പറഞ്ഞുകഴിഞ്ഞു. ഈ പദ്ധതികളെല്ലാം അടഞ്ഞുപോയാല്‍ ഒയാസിസ് ജലചൂഷണത്തിലേക്ക് കടക്കും.
അത് ഈ പ്രദേശത്തെ മരുഭൂമിയാക്കും. എന്തിനും ഏതിനും സമരമുഖങ്ങള്‍ തുറക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ പ്ലാച്ചിമടയിലെ കൊക്കകോള അടച്ചുപൂട്ടിയ സമരങ്ങള്‍ അത്രപെട്ടെന്ന് മറന്നോ? അതില്‍ ഉന്നയിക്കപ്പെട്ട അതേ ചൂഷണങ്ങള്‍ ഇവിടെയും പ്രതിബന്ധമായി നില്ക്കുന്നു.
വര്‍ഷങ്ങള്‍ കഴിഞ്ഞു എന്നുമാത്രം. പാലക്കാട് പലഗ്രാമങ്ങളിലും വേനല്‍ക്കാലത്ത് സ്ത്രീകള്‍ കിലോമീറ്ററുകളോളം നടന്നാണ് കുടിനീര് സംഭരിക്കുന്നത്. കുടിനീരിനുവേണ്ടിയുള്ള ഈ ദാഹം മദ്യലഹരിയുടെ ദാഹത്തെക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്നില്ല എന്നാണെങ്കില്‍ ശരിയും തെറ്റും പുനര്‍വിചിന്തനം നടത്തേണ്ടതായിവരും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?