ജോസഫ് മൈക്കിള്‍
ദൈവരാജ്യശുശ്രൂഷയ്ക്കിടയില്‍ അഞ്ചു ജീസസ് യൂത്ത് അംഗങ്ങള്‍ സ്വന്തം ജീവന്‍ ദഹനബലിയായി നല്‍കിയിട്ട് മാര്‍ച്ച് 11-ന് 25 വര്‍ഷം തികയുകയാണ്. അവരുടെ സ്മരണക്കായി ആറ് വീടുകള്‍ നിര്‍മിച്ചു നല്‍കുകയാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ ജീസസ് യൂത്ത് അംഗങ്ങള്‍.
കോഴിക്കോട് ജില്ലയിലെ കോട്ടയ്ക്കലിനടുത്ത് പൂക്കിപറമ്പില്‍ 2001 മാര്‍ച്ച് 11-ന് നടന്ന നാടിനെ നടുക്കിയ ബസ് അപകടത്തിലായിരുന്നു അഞ്ച് ജീസസ് യൂത്ത് അംഗങ്ങള്‍ മരിച്ചത്. അഞ്ചുപേരും ജീസസ് യൂത്തിന്റെ ഔട്ട്‌റീച്ച് ഫുള്‍ടൈമേഴ്‌സ് ആയിരുന്നു. ഇടുക്കി ജില്ലയിലെ രാജപുരത്ത് 10 ദിവസത്തെ ഔട്ട്‌റീച്ച് ശുശ്രൂഷകള്‍ കഴിഞ്ഞ് മടങ്ങുമ്പോഴാണ് അവര്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍പ്പെട്ട് തീപിടിച്ചത്. രാത്രിയായതുകൊണ്ട് യാത്രക്കാര്‍ എല്ലാവരും ഉറക്കത്തിലായിരുന്നു. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് ഇടവകാംഗമായ റോയി ചുവപ്പുങ്കല്‍, സമീപ ഇടവകയായ ചെമ്പനോടയിലെ രജനി മാത്യു കാവില്‍പുരയിടത്തില്‍, റീന സെബാസ്റ്റ്യന്‍ പാലറ, ഷിജി തോമസ് കറുത്തപാറക്കല്‍, ബിന്ദു ദേവസ്യ വാഴേക്കടവത്ത് എന്നിവരായിരുന്നു ആ അഞ്ചുപേര്‍. അപകടത്തില്‍പെട്ട ബസില്‍നിന്നും റോയിക്ക് സുരക്ഷിതനായി പുറത്തുവരാന്‍ കഴിഞ്ഞു. എന്നാല്‍ ബസില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാന്‍ റോയി ബസിനകത്തേക്ക് വീണ്ടും കയറുകയായിരുന്നു. ബസില്‍ കുടുങ്ങിക്കിടന്ന ബിന്ദുവിനെ റോയി വലിച്ചു പുറത്തിറക്കി. തുടര്‍ന്ന് മറ്റുള്ളവരെ രക്ഷിക്കാന്‍ ബസിലേക്ക് കയറിയ റോയിയെ അഗ്നി വിഴുങ്ങുകയായിരുന്നു. റോയിയും മറ്റ് മൂന്നുപേരും അപകടസ്ഥലത്തുവച്ചുതന്നെ മരിച്ചു. ഗുരുതരമായ പൊള്ളലേറ്റ ബിന്ദു അഞ്ചാം ദിവസമാണ് മരിച്ചത്. ബിന്ദുവിലൂടെയാണ് അപകട വിവരങ്ങള്‍ ബന്ധുക്കളും സുഹൃത്തുക്കളും അറിഞ്ഞത്. 44 പേരായിരുന്നു ആ ബസ് അപകടത്തില്‍ മരണമടഞ്ഞത്.
നല്ല അയല്‍ക്കാരന്‍
2025 മാര്‍ച്ച് 11-ന്, മരണം സംഭവിച്ചിട്ട് 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകും. അവരുടെ സ്മരണക്കായി ആറ് വീടുകള്‍ നിര്‍മിച്ചു നല്‍കുകയാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായ ജീസസ് യൂത്ത് അംഗങ്ങള്‍. കോഴിക്കോട് ജില്ലയിലെ കൂടത്തായില്‍ അഞ്ച് വീടുകളും കൂരാച്ചുണ്ടില്‍ ഒരു വീടുമാണ് ഉയരുന്നത്. വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ഭവനങ്ങള്‍ നഷ്ടപ്പെട്ട നാല് കുടുംബങ്ങള്‍ക്കും ഒരു അക്രൈസ്തവ കുടുംബത്തിനും മറ്റൊരു കുടുംബത്തിനുമാണ് വീടുകള്‍ നല്‍കുന്നത്. ഉരുള്‍പൊട്ടലില്‍ വീട് അപകടാവസ്ഥയില്‍ ആയെങ്കിലും ഗവണ്‍മെന്റിന്റെ കണക്കില്‍ വീട് കിട്ടാന്‍ സാധ്യത ഇല്ലാത്ത കുടുംബങ്ങള്‍ക്കാണ് വീട് നല്‍കുന്നത്. സഹോദരങ്ങള്‍ക്കുവേണ്ടി ജീവന്‍ നല്‍കിയവര്‍ക്ക് ഉചിതമായ സ്മാരകമാണ് പൂര്‍ത്തിയായിരിക്കുന്നത്. ജീസസ് യൂത്തിന്റെ ‘നല്ല അയല്‍ക്കാരന്‍’ പ്രൊജക്ടിന്റെ നേതൃത്വത്തിലാണ് ഭവനനിര്‍മാണ പദ്ധതി. അംഗങ്ങളുടെ ദശാംശത്തില്‍നിന്നാണ് വീടുകളുടെ നിര്‍മാണച്ചെലവിനുള്ള പണം കണ്ടെത്തിയത്.
മാര്‍ച്ച് 10ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അക്രൈസ്തവ കുടുംബത്തിനുള്ള വീടിന്റെ താക്കോല്‍ കൈമാറും. കൂടത്തായില്‍ പൂര്‍ത്തീകരിച്ച 4 ഭവനങ്ങളുടെ വെഞ്ചിരിപ്പും താക്കോല്‍ദാനവും 11ന് മാര്‍ ഇഞ്ചനാനിയില്‍ നിര്‍വഹിക്കും. കൂരാച്ചുണ്ടില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന ഭവനത്തിന്റെ വെഞ്ചരിപ്പും താക്കോല്‍ദാനവും ഏപ്രില്‍ 26-ന് മാര്‍ ഇഞ്ചനാനിയില്‍ നിര്‍വഹിക്കും. അന്നു വൈകുന്നേരം നാലിന് കൂടത്തായി ലൂര്‍ദ് മാതാ ദൈവാലയത്തില്‍ ജീസസ് യൂത്ത് എക്ലേസിയാസ്റ്റിക്കല്‍ അഡ്‌വൈസറും കണ്ണൂര്‍ രൂപതാധ്യക്ഷനുമായ ഡോ. അലക്‌സ് വടക്കുംതലയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിക്കും.
മരണമടഞ്ഞ അഞ്ചുപേരുടെയും കുടുംബാംഗങ്ങള്‍, സാമ്പത്തികമായി സഹായിച്ചവര്‍ തുടങ്ങി എല്ലാവരും ഒരുമിച്ചുകൂടും. അവരെ അനുസ്മരിക്കുകയും സാഹചര്യം പുതുതലമുറയ്ക്കായി വിശദീകരിക്കുകയും ചെയ്യും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കോണ്‍ട്രാക്ടര്‍മാരെ ആദരിക്കും. വീടുകള്‍ നല്‍കുന്നത് പൊതുസമ്മേളനം നടത്തിയല്ലെന്നു മാത്രമല്ല, താക്കോല്‍ കൈമാറ്റവും പൊതുചടങ്ങല്ല. ‘വലതുകരം ചെയ്യുന്നത് ഇടതുകരം അറിയാതിരിക്കട്ടെ’ എന്ന തിരുവചനംപോലെ. വീടുകളിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ സമാധാന പ്രാര്‍ത്ഥനയും മരണമടഞ്ഞ അഞ്ചുപേരുടെ ഫോട്ടോകളും അനാച്ഛാദനം ചെയ്തിട്ടുണ്ട്.
കൈയില്‍ ആകെ 23,000
ജീസസ് യൂത്ത് ഇന്റര്‍നാഷണല്‍ ആനിമേറ്ററായിരുന്ന ഫാ. എബ്രാഹം പള്ളിവാതുക്കല്‍ എസ്.ജെ ഇപ്പോള്‍ രോഗാവസ്ഥയെ തുടര്‍ന്ന് വിശ്രമത്തിലാണെങ്കിലും അച്ചന്‍ മുമ്പില്‍നിന്ന് നയിച്ചപ്പോള്‍ അനേകം ജീസസ് യൂത്ത് അംഗങ്ങള്‍ ഈ പ്രൊജക്ടിനോട് കൈകോര്‍ത്തു. പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചത് ജീസസ് യൂത്ത് മുന്‍ നാഷണല്‍ ടീം മെമ്പറും ഇന്റര്‍നാഷണല്‍ മിഷന്‍ ടീം മെമ്പറും കേരളത്തിലെ ജീസസ് യൂത്തിന്റെ ലേ ആനിമേറ്ററും കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിലെ അധ്യാപകനുമായ റെജി ജെ. കരോട്ടാണ്. കല്ലാനോട് സ്‌കൂള്‍ അധ്യാപകനും ജീസസ് യൂത്ത് കോഴിക്കോട് സോണല്‍ ഫാമിലി ടീം കോ-ഓര്‍ഡിനേറ്ററുമായ പ്രഫുല്‍ വര്‍ഗീസും, ജീസസ് യൂത്ത് കോഴിക്കോട് സോണ്‍ മുന്‍ ഫാമിലി മിനിസ്ട്രി കോ-ഓഡിനേറ്റര്‍ ബിന്‍സ് പുല്‍ത്തകിടിയേല്‍ പേരാമ്പ്രയും നേതൃനിരയില്‍നിന്ന് സജീവമായി പദ്ധതിയോടു സഹകരിച്ചു.
വിശ്വാസത്തിലുള്ള എടുത്തുചാട്ടമായിരുന്നു വീടുനിര്‍മാണം. നിര്‍മാണം തുടങ്ങുമ്പോള്‍ കൈവശം ഉണ്ടായിരുന്നത് 23,000 രൂപ മാത്രമായിരുന്നു. ദൈവം നല്‍കുമെന്ന ഉറച്ച വിശ്വാസമായിരുന്നു മൂലധനം. 2024 ഒക്‌ടോബറില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങി. 2025 ഫെബ്രുവരി 28-ന് നിര്‍മാണം പൂര്‍ത്തീകരിച്ച് മാര്‍ച്ച് 11-ന് മുമ്പ് താക്കോല്‍ കൈമാറണമെന്നു തീരുമാനിച്ചായിരുന്നു കൂടത്തായില്‍ പണികള്‍ ആരംഭിച്ചത്. പ്രതീക്ഷിച്ചതുപോലെതന്നെ പൂര്‍ത്തിയാക്കാനും കഴിഞ്ഞു. പണം ഒന്നിനും തടസമായില്ല. വിദേശത്തും സ്വദേശത്തുമുള്ള ജീസസ് യൂത്ത് അംഗങ്ങളോടുമാത്രമാണ് സാമ്പത്തിക സഹായം തേടിയത്. ആയിരം ചോദിച്ചവര്‍ പതിനായിരവും പതിനായിരം ചോദിച്ചപ്പോള്‍ അമ്പതിനായിരവും ഒരു ലക്ഷവുമൊക്കെ നല്‍കിയവരും നിരവധി.
കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങള്‍
വീട് നിര്‍മാണത്തിന് ഉപയോഗിച്ചത് ഏറ്റവും മികച്ച വസ്തുക്കള്‍ മാത്രമായിരുന്നു. മറ്റുള്ളവര്‍ക്ക് നല്‍കുമ്പോള്‍ ഏറ്റവും മികച്ചത് കൊടുക്കണമെന്നതില്‍ ജീസസ് യൂത്ത് അംഗങ്ങള്‍ക്ക് അല്പംപോലും സംശയം ഉണ്ടായിരുന്നില്ല. നിര്‍മാണത്തിന്റെ അവസാനഘട്ടത്തില്‍ പലരീതിയിലാണ് ജീസസ് യൂത്ത് അംഗങ്ങള്‍ ഇതില്‍ പങ്കുചേര്‍ന്നത്. നാല് വീടിനുമായി പൊതുവായ ഒരു കിണറു കുത്തി. ഒരു കുടുംബത്തിന് മോട്ടോര്‍ സ്വന്തമായി ഉണ്ടായിരുന്നു. മൂന്നു മോട്ടോര്‍ ഒരാള്‍ സംഭാവന ചെയ്തു. 80 ബള്‍ബുകള്‍ മറ്റൊരാള്‍ നല്‍കി. ഫാനുകള്‍ തുടങ്ങി പല അവശ്യവസ്തുക്കളും ജീസസ് യൂത്ത് അംഗങ്ങള്‍ സംഭാവനകളായി നല്‍കിയതാണ്.
2018-ലെ പ്രളയത്തോടും പ്രകൃതിദുരന്തങ്ങളോടും അനുബന്ധിച്ചാണ് നല്ല അയല്‍ക്കാരന്‍ പദ്ധതിയുടെ തുടക്കം. പിന്നീട് ചികിത്സാ സഹായംപോലുള്ള കാര്യങ്ങളിലേക്ക് എത്തി. കോവിഡ് കാലത്ത് നല്ല അയല്‍ക്കാരന്‍ പ്രൊജക്ടിലൂടെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി. ആഹാരത്തിനും മരുന്നിനുമൊക്കെ പണം നല്‍കി. പുറത്തുനിന്ന് പണിക്കുവന്ന് കുടുങ്ങിപ്പോയവര്‍ക്ക് ഭക്ഷണം നല്‍കി. കോവിഡ് അവസാനിച്ച സമയത്ത് ആ പദ്ധതിയുടെ ഭാഗമായി 24 സെന്റ് സ്ഥലം കൂടത്തായില്‍ വാങ്ങി. സ്വന്തമായി സ്ഥലമില്ലാത്ത ആര്‍ക്കെങ്കിലുമൊക്കെ സൗജന്യമായി നല്‍കാമെന്ന ചിന്തയിലായിരുന്നു വാങ്ങിയത്. 2024 ല്‍ വയനാട്ടിലും വിലങ്ങാടും പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ ജീസസ് യൂത്തിന്റെ നേതൃത്വത്തില്‍ സഹായവുമായി ഓടിയെത്തിയിരുന്നു.
നിര്‍മാണം തുടങ്ങുമ്പോള്‍ കൈവശംഉണ്ടായിരുന്നത് 23,000 രൂപ മാത്രമായിരുന്നു. ദൈവം നല്‍കുമെന്ന ഉറച്ച വിശ്വാസമായിരുന്നു മൂലധനം. വീടുകള്‍ നല്‍കുന്നത് പൊതുചടങ്ങില്‍ വച്ചല്ല.‘വലതുകരം ചെയ്യുന്നത് ഇടതുകരം അറിയാതിരിക്കട്ടെ’ എന്ന തിരുവചനംപോലെ.
വീട് അക്രൈസ്തവ കുടുംബത്തിനും
കഴിഞ്ഞ വര്‍ഷം റെജി ജെ. കരോട്ടാണ് അഞ്ചു പേരുടെ ഓര്‍മക്കായി വീടു നല്‍കാമെന്ന ആശയം ആദ്യം മുന്നോട്ടുവച്ചത്. ആ നിര്‍ദ്ദേശത്തെ സന്തോഷപൂര്‍വമാണ് മറ്റുള്ളവര്‍ എതിരേറ്റത്. അങ്ങനെയാണ് പഴയ സഹപ്രവര്‍ത്തകരുടെ മരണത്തിന്റെ 25-ാം വാര്‍ഷികത്തില്‍ അവരുടെ സ്മരണയ്ക്കായി ആറ് വീടുകള്‍ ഉയര്‍ന്നത്. ആദ്യം അഞ്ച് എന്നാണ് തീരുമാനിച്ചതെങ്കിലും പിന്നീടത് ആറു വീടുകള്‍ നല്‍കാമെന്ന തീരുമാനത്തിലേക്ക് എത്തി. രണ്ടുമുറി, അടുക്കള, ടോയ്‌ലറ്റ്, സ്വീകരണമുറി, സിറ്റൗട്ട് എന്നിങ്ങനെയാണ് ഓരോ വീടും. പാതി നിര്‍മാണം കഴിഞ്ഞിരുന്ന വീട് കുറച്ചുകൂടി വലുപ്പം ഉള്ളതാണ്. ആകെ 87 ലക്ഷത്തോളം രൂപ ചെലവുവന്നു.
ഒരു വീട് അക്രൈസ്തവ കുടുംബത്തിന് നല്‍കണമെന്ന് ഫാ. പള്ളിവാതുക്കലിന്റെ നിര്‍ദ്ദേശമായിരുന്നു. നമ്മള്‍ എല്ലാവരെയും പരിഗണിക്കണമെന്നാണ് കര്‍ത്താവ് പറയുന്നത്. ഈശോ ചിന്തിച്ചതുപോലെ വിശാലമായി നമ്മള്‍ ചിന്തിക്കണം. പുതിയ ആകാശവും പുതിയ ഭൂമിയുമെന്ന് കര്‍ത്താവ് പഠിപ്പിക്കുന്നത് എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളാന്‍ കഴിയണമെന്ന് പള്ളിവാതുക്കലച്ചന്‍ പറയുന്നു. 2001-ല്‍ അച്ചന്‍ ജര്‍മനിയില്‍ ധ്യാനം നടത്തുന്നതിനിടയിലായിരുന്നു അപകട വാര്‍ത്ത അറിഞ്ഞത്. കേരളത്തില്‍ എത്തിക്കഴിഞ്ഞ് അഞ്ചുപേരുടെ ഭവനങ്ങളിലെത്തി പ്രാര്‍ത്ഥിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.
സ്ഥലം സൗജന്യം; ഒപ്പം നിര്‍മാണച്ചെലവും
അക്രൈസ്തവ കുടുംബത്തെ തിരഞ്ഞെടുത്തതിന്റെ പിന്നില്‍ മറ്റൊരു കഥയുണ്ട്. സ്‌കൂളില്‍നിന്ന് ടൂര്‍ പോകാന്‍ തീരുമാനിച്ചപ്പോള്‍ പണം ഇല്ലാത്തതിനാല്‍ ഒരു പെണ്‍കുട്ടി പങ്കെടുക്കുന്നില്ലെന്നറിയിച്ചു. 500 രൂപയായിരുന്നു ഫീസ്. അതറിഞ്ഞ് അധ്യാപകനായ റെജി അവരുടെ വീട്ടില്‍ പോയി. അപ്പോഴാണ് ആ കുടുംബത്തിന്റെ ദയനീയ സ്ഥിതി മനസിലായത്. പത്തുവര്‍ഷംമുമ്പ് വീടുപണി ആരംഭിച്ചെങ്കിലും സ്ട്രക്ചര്‍ കഴിഞ്ഞ് മുമ്പോട്ട് പോകാനായില്ല. അതിനിടയില്‍ കുടുംബനാഥന്‍ രോഗിയായി. ജനലുകളോ വാതിലോ ഇല്ലാത്ത സിമന്റിടാത്ത തറയില്‍ ഒട്ടും സുരക്ഷിതമല്ലാത്ത രീതിയിലാണ് അവര്‍ ജീവിച്ചിരുന്നത്. പണം നല്‍കി പെണ്‍കുട്ടിയെ ടൂറിന് കൊണ്ടുപോയതിനൊപ്പം വീടു നല്‍കുന്നതിനെപ്പറ്റി ആലോചനകള്‍ വന്നപ്പോള്‍ ആ കുടുംബത്തിന്റെ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി നല്‍കാമെന്ന ചിന്തയിലേക്ക് എത്തുകയായിരുന്നു.
അഞ്ച് വീടുകള്‍ ഒരു ഫ്‌ളോട്ടില്‍ നിര്‍മിക്കാനാണ് ആദ്യം ആലോചിച്ചത്. സ്ഥലത്തിന്റെ കിടപ്പനുസരിച്ച് അഞ്ച് വീടുകള്‍ നിര്‍മിക്കാന്‍ കഴിയാതെ വന്നു. ഇതറിഞ്ഞപ്പോള്‍, അപകടത്തില്‍ മരിച്ച റോയിയുടെ കുടുംബം ഒരു വീടിനുള്ള സ്ഥലം കൂരാച്ചുണ്ടില്‍ നല്‍കുകയായിരുന്നു. നിര്‍മാണച്ചെലവില്‍ വലിയൊരു ഭാഗം അവര്‍ തന്നെയാണ് വഹിച്ചതും. കൂരാച്ചുണ്ടില്‍ നിര്‍മിക്കുന്ന വീടും വിലങ്ങാടു സ്വദേശിക്കാണ് നല്‍കുന്നത്. അതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. വിലങ്ങാടുനിന്ന് നാലു കുടുംബങ്ങള്‍ വരുമ്പോള്‍ അവര്‍ക്ക് വരുമാനമാര്‍ഗങ്ങള്‍ ഒന്നുമില്ല. എല്ലാവരും കാര്‍ഷികമേഖലയില്‍നിന്ന് വരുന്നവരായതുകൊണ്ട് സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യാനുള്ള ഒരു പദ്ധതിയെക്കുറിച്ച് ആലോചിക്കുകയാണെന്ന് റെജി പറഞ്ഞു.
‘രക്തസാക്ഷികള്‍’
രജനി മാത്യു, റീന സെബാസ്റ്റ്യന്‍, ഷിജി തോമസ് എന്നിവരെ ചെമ്പനോടയില്‍ ഒരു കല്ലറയിലാണ് സംസ്‌കരിച്ചത്. ബിന്ദു ദേവസ്യയെ തൊട്ടടുത്തായും സംസ്‌കരിച്ചിരിക്കുന്നു (ബിന്ദുവിന്റെ മരണം അഞ്ച് ദിവസങ്ങള്‍ക്കു ശേഷമായിരുന്നു). റോയിയെ സംസ്‌കരിച്ചിരിക്കുന്നത് കൂരാച്ചുണ്ട് ദൈവാലയ സെമിത്തേരിയിലാണ്. അപകടത്തിനുശേഷം എല്ലാ വര്‍ഷവും മാര്‍ച്ച് 11-ന് മുമ്പുവരുന്ന ഞായറാഴ്ച ജീസസ് യൂത്ത് അംഗങ്ങള്‍ അഞ്ചു പേരുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കും. ഇതുവരെയും അതിനു മുടക്കംവന്നിട്ടില്ല. ”അവസാന ശ്വാസംവരെയും യേശുവിനെപ്രതി ജ്വലിച്ച ഹൃദയങ്ങളാണ് ഈ അഞ്ചുപേരുടെയും. ഇവര്‍ സഭയുടെ ധീരരക്തസാക്ഷികളാണ്.” എന്നായിരുന്നു അന്നത്തെ താമരശേരി രൂപതാധ്യക്ഷനായിരുന്ന ഭാഗ്യസ്മരണാര്‍ഹനായ ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പിതാവ് മൃതസംസ്‌കാര ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്.
വീടുകളുടെ നിര്‍മാണം തുടങ്ങിയ സമയത്ത് ഒരു പ്രാര്‍ത്ഥനയും ആരംഭിച്ചിരുന്നു. നൂറിലധികം ജീസസ് യൂത്ത് അംഗങ്ങള്‍ ചേര്‍ന്നതായിരുന്നു കൂട്ടായ്മ. എല്ലാ ദിവസവും രാവിലെ അഞ്ചിനായിരുന്നു വ്യത്യസ്ത സ്ഥലങ്ങളിലും ദേശങ്ങളിലുമൊക്കെ ഇരുന്നുകൊണ്ടുള്ള പ്രാര്‍ത്ഥന. ഓരോരുത്തരും കുറച്ചുപേര്‍ക്ക് അറിയിപ്പായി മിസ്‌കോള്‍ ചെയ്യും. ഒരു പ്രാര്‍ത്ഥനാ കാര്‍ഡ് അടിച്ചിരുന്നു.
അതോടൊപ്പം ഒരു വിശ്വാസപ്രമാണം, പത്ത് സ്വര്‍ഗസ്ഥനായ പിതാവേ, ഒരു നന്മനിറഞ്ഞ മറിയം എന്ന രീതിയിലായിരുന്നു പ്രാര്‍ത്ഥന. ഒപ്പം സ്വര്‍ഗത്തിലിരുന്നുള്ള ആ അഞ്ചുപേരുടെ പ്രാര്‍ത്ഥനകള്‍ക്കുള്ള ഉത്തരം കൂടിയാവാം 23,000 മാത്രം കൈകളിലുള്ളപ്പോള്‍ നാല് മാസങ്ങള്‍കൊണ്ട് 87 ലക്ഷം രൂപയുടെ വീടു നിര്‍മാണം പ്രതീക്ഷിച്ച സമയത്തുതന്നെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതും.
Leave a Comment
Your email address will not be published. Required fields are marked with *