മധുര/ജാഫ്‌ന: പാക്ക് കടലിടുക്കിലെ ജനവാസമില്ലാത്ത ദ്വീപായ കച്ചത്തീവില്‍ പ്രാദേശിക മത്സ്യബന്ധന സമൂഹങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ആഘോഷിച്ചു. ശ്രീലങ്കയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള ഏകദേശം 10,000 ത്തോളം ഭക്തര്‍ മത്സ്യബന്ധന ബോട്ടുകളില്‍ തീരുനാളിനായി ദ്വീപില്‍ ഒത്തുകൂടുകയും കുര്‍ബാനയില്‍ പങ്കെടുക്കുകയും ചെയ്തു.
ശ്രീലങ്കന്‍ നാവികസേനയുടെയും ജില്ലാ സെക്രട്ടേറിയറ്റിന്റെയും പിന്തുണയോടെ ജാഫ്‌ന രൂപതയാണ് വാര്‍ഷിക തിരുനാള്‍ സംഘടിപ്പിക്കുന്നത്. തമിഴ്‌നാട്ടിലെ ശിവഗംഗ രൂപതാ ബിഷപ്പ് ലൂര്‍ദു ആനന്ദവും ജാഫ്‌ന രൂപതയുടെ വികാരി ജനറല്‍ ഫാ. പി.ജെ. ജെബരത്‌നവും ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി.
രണ്ട് രാജ്യത്തെയും മത്സ്യത്തൊഴിലാളി സമൂഹങ്ങളുടെ പങ്കാളിത്തത്തോടെ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഈ തിരുനാള്‍ നടത്തുന്നതെങ്കിലും വര്‍ഷം മുഴുവനും വിശുദ്ധ അന്തോണീസിന്റെ അനുഗ്രഹങ്ങളെ ഇരുവരും ഓര്‍മ്മിക്കുന്നതിന് ഇത് സഹായിക്കുന്നു,’ ബിഷപ്പ് ആനന്ദം പറഞ്ഞു. ഇരു രാജ്യങ്ങളിലെയും മത്സ്യബന്ധന സമൂഹങ്ങള്‍ക്കിടയില്‍ ദ്വീപിന്റെ ചരിത്രപരമായ പങ്കിനെക്കുറിച്ച് ബിഷപ്പ് തന്റെ പ്രസംഗത്തില്‍ പറഞ്ഞു.
‘ഇതൊരു കാര്‍ണിവല്‍ പരിപാടിയല്ല. ഐക്യത്തിന്റെ പേരില്‍ വിശുദ്ധ അന്തോണീസിന്റെ തിരുനാളില്‍ പങ്കുചേരാനും മുന്നോട്ട് പോകാന്‍ നമ്മെ സഹായിക്കുന്ന പ്രാര്‍ത്ഥനകളില്‍ ഏര്‍പ്പെടാനും ഞങ്ങള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.’ഫാ. ജെബരത്‌നം പറഞ്ഞു.
ശ്രീലങ്കയിലെയും ഇന്ത്യയിലെയും മത്സ്യബന്ധന സമൂഹങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന ഒരു പ്രധാന സമയത്താണ് ഈ തിരുനാള്‍ നടക്കുന്നത്. അങ്ങനെ, കത്തോലിക്കാ വിശ്വാസവും വിശുദ്ധ അന്തോണിയോടുള്ള പൊതു ഭക്തിയും ഐക്യത്തിന്റെ അടയാളമായി മാറുന്നു.
ശ്രീലങ്കയുടെ ഫിഷറീസ് മന്ത്രി രാമലിംഗം ചന്ദ്രശേഖറും പരിപാടിയില്‍ പങ്കെടുത്തു. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ ബോട്ടം ട്രോളിംഗ് പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവേശിക്കുന്നത് നിര്‍ത്തണമെന്ന് അദ്ദേഹം തന്റെ പ്രസംഗത്തില്‍ അഭ്യര്‍ത്ഥിച്ചു.
കടലിലെ ഈ സംഘര്‍ഷത്തിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ ഇരുപക്ഷവും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് ചടങ്ങില്‍ പങ്കെടുത്ത രാമേശ്വരം മെക്കനൈസ്ഡ് ഫിഷര്‍മെന്‍ യൂണിയന്‍ നേതാവ് എ സേസുരാജ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *