ജബല്‍പൂര്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ കത്തോലിക്ക വൈദികര്‍ക്കും വിശ്വാസികള്‍ക്കും നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം. 2025 ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി മണ്ഡ്‌ല ഇടവകയില്‍ നിന്നുള്ള ഒരു കൂട്ടം കത്തോലിക്ക വിശ്വാസികള്‍ ജബല്‍പൂരിലെ വിവിധ കത്തോലിക്ക പള്ളികളിലേക്ക് തീര്‍ത്ഥാടനം നടത്തുന്നതിനിടെ തീവ്ര ഹിന്ദുത്വവാദികള്‍ അക്രമം നടത്തുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തീവ്രഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍ മണ്ഡ്‌ലയില്‍ നിന്നുള്ള വിശ്വാസികളുടെ തീര്‍ത്ഥാടനം തടസപ്പെടുത്തി അവരെ ഓംതി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരിന്നു. പോലീസ് അവരെ വിട്ടയച്ചതിനെ തുടര്‍ന്നു വിശ്വാസികള്‍ വീണ്ടും മറ്റൊരു പള്ളിയില്‍ തീര്‍ത്ഥാടനം ആരംഭിച്ചതിനിടെ അക്രമികള്‍ അവരെ തടഞ്ഞുനിര്‍ത്തി റാഞ്ചി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിന് പിന്നാലേ ജബല്‍പൂര്‍ വികാരി ജനറല്‍ ഫാ. ഡേവിസും രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. ജോര്‍ജ് ടിയും പിന്തുണയും സഹായവും നല്‍കാന്‍ സ്ഥലത്തെത്തിയതോടെ തീവ്രഹിന്ദുത്വവാദികള്‍ പ്രകോപിതരായി.
വൈദികരെയും വിശ്വാസികളെയും മര്‍ദ്ദിച്ച ഹിന്ദുത്വവാദികള്‍ ഭീഷണിയും മുഴക്കി. പോലീസിന്റെ സാന്നിധ്യത്തിലാണ് ഈ അതിക്രമം നടന്നത്. വൈകുന്നേരം 5 മണിയോടെയാണ് വൈദികര്‍ക്കും തീര്‍ത്ഥാടകര്‍ക്കും സ്റ്റേഷനില്‍ നിന്ന് മാണ്ട്‌ലയിലേക്ക് തിരികെ പോകാനായത്.
സംഭവത്തെ കത്തോലിക്കാ സമൂഹം വ്യാപകമായി അപലപിച്ചു. കുറ്റവാളികള്‍ക്കെതിരെ നീതിയും നടപടിയും ആവശ്യപ്പെട്ട് സഭാ നേതാക്കള്‍ സര്‍ക്കാര്‍ അധികാരികള്‍ക്ക് ഒരു മെമ്മോറാണ്ടം സമര്‍പ്പിച്ചു. സംഭവത്തെക്കുറിച്ച് നിലവില്‍ അന്വേഷണം നടക്കുന്നുണ്ട്. അക്രമം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *