ഭുവനേഷ്വര്‍: ഒഡീഷ സംസ്ഥാനത്തെ നബരംഗ്പൂര്‍ ജില്ലയിലെ ഹിന്ദു ഭൂരിപക്ഷ ആദിവാസി ഗ്രാമമായ സിയുനഗുഡയില്‍, ക്രിസ്ത്യന്‍ മതം ഉപേക്ഷിക്കാന്‍ തയ്യാറാകാത്തതിനാല്‍, രണ്ടു ക്രിസ്ത്യന്‍ കുടുംബങ്ങള്‍ ഗ്രാമം വിട്ട് പോകേണ്ടി വന്നു. ഇവര്‍ക്ക് വെള്ളവും വൈദ്യുതിയും പോലുള്ള അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ടിരുന്നു.
ഗംഗാധര്‍ സാന്ത, ഭാര്യ, രണ്ട് മക്കള്‍ അടങ്ങുന്ന ഒരു കുടുംബവും മറ്റൊരു നാലംഗ കുടുംബവുമാണ് അവരുടെ പാരമ്പര്യ വീടുകള്‍ ഉപേക്ഷിച്ചത്. ഇവര്‍ ബ്ലസ്സിംഗ് യൂത്ത് മിഷന്‍ എന്ന ക്രിസ്ത്യന്‍ സഭയുടെ അംഗങ്ങളായിരുന്നു. ഗ്രാമവാസികള്‍ വൈദ്യുതി വിച്ഛേദിക്കുകയും കിണറ്റില്‍ നിന്ന് വെള്ളം നല്‍കാന്‍ നിരസിക്കുകയും ചെയ്തപ്പോള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും സഹായം ലഭിച്ചില്ലയെന്ന് ഗംഗാധര്‍ സാന്ത പറഞ്ഞു. ഒരു കുടുംബം 40 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തേക്ക് മാറിയപ്പോള്‍ മറ്റൊരു കുടുംബം 20 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്കാണ് മാറിയത്.
ഒഡീഷയിലെ വിവിധ ഭാഗങ്ങളില്‍ തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ ക്രിസ്ത്യാനികള്‍ക്കെതിരെ ശത്രുത പ്രചരിപ്പിക്കുന്നതായി ബ്ലസ്സിംഗ് യൂത്ത് മിഷന്റെ ജില്ലാ ചുമതലയുള്ള അജയ സന അഭിപ്രായപ്പെട്ടു. ക്രിസ്ത്യാനികളെ ഗ്രാമപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ അനുവദിക്കാത്തതും, സര്‍ക്കാര്‍ സഹായങ്ങള്‍ നിഷേധിക്കുന്നതും, കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ തടസമുണ്ടാക്കുന്നതും ഇത്തരം വിവേചനങ്ങളുടെ ഭാഗമാണ്.
ഒഡീഷ ലോയറ്‌സ് ഫോറത്തിന്റെ അംഗമായ ഫാ. അജയ് കുമാര്‍ സിംഗ്, സംസ്ഥാന ഭരണകൂടവും പോലീസും പരാതി ലഭിച്ചിട്ടും നടപടികള്‍ കൈക്കൊള്ളാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് അഭിപ്രായപ്പെട്ടു. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ക്രിസ്ത്യാനികള്‍ക്കെതിരായ അസഹിഷ്ണുത വര്‍ദ്ധിച്ചുവെന്നാണ് ഫാ. സിംഗ് ചൂണ്ടിക്കാണിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *